UAE Court ദുബായ്: സ്ത്രീയുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ ഓൺലൈനില്‍ പങ്കുവെച്ചതിന് യുവാവിന് കനത്ത പിഴ ചുമത്തി അബുദാബി കോടതി. 20,000 ദിര്‍ഹമാണ് പിഴയിട്ടത്. പരാതിക്കാരിയുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചതിന് പ്രതി കുറ്റക്കാരനാണെന്ന് അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി കണ്ടെത്തി. കേസിന്റെ ക്രിമിനൽ, സിവിൽ വശങ്ങൾ പരിശോധിച്ച ശേഷമാണ് ഒക്ടോബർ 16ന് കോടതി വിധി പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രതി ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തതിനെ തുടർന്ന് തനിക്ക് മാനസിക ബുദ്ധിമുട്ടും സൽപ്പേരിന് കോട്ടവും സംഭവിച്ചതായി കാണിച്ച് സ്ത്രീ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഈ വിഷയത്തിൽ പ്രതിക്കെതിരെ മുൻപ് ക്രിമിനൽ പരാതി നൽകിയിരുന്നു. അബുദാബി ക്രിമിനൽ കോടതി ഇയാൾ സ്ത്രീയുടെ ഓൺലൈൻ സ്വകാര്യത ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഈ ശിക്ഷ അപ്പീൽ കോടതി മാർച്ചിൽ ശരിവെക്കുകയും തുടർന്ന് അപ്പീൽ നൽകാതിരുന്നതോടെ അന്തിമമാകുകയും ചെയ്തിരുന്നു. സ്വകാര്യതയുടെ ലംഘനം ധാർമികവും മാനസികവുമായ ദോഷം വരുത്തുന്ന തെറ്റായ നടപടിയാണെന്ന് സിവിൽ കോടതി വിലയിരുത്തി. എങ്കിലും, നഷ്ടപരിഹാരം സംഭവിച്ച നാശനഷ്ടത്തിന്റെ വ്യാപ്തിക്ക് ആനുപാതികമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരി 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നെങ്കിലും സാമ്പത്തിക നഷ്ടമോ ദീർഘകാല സാമൂഹിക പ്രത്യാഘാതങ്ങളോ സംഭവിച്ചതിന് തെളിവുകൾ ഇല്ലാത്തതിനാൽ, കോടതി നഷ്ടപരിഹാരത്തുക 20,000 ദിർഹമായി നിശ്ചയിച്ചു. ഫെഡറൽ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 282 നെ ആശ്രയിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാരാന്ത്യ ഗതാഗത മുന്നറിയിപ്പ്: അബുദാബിയിൽ ഈ റോഡ് ഭാഗികമായി അടച്ചിടും
Abu Dhabi Road Closure അബുദാബി: അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ ജോലികളും നടക്കുന്നതിനാൽ യാസ് ഐലൻഡ്, അൽ ദഫ്ര മേഖല എന്നിവിടങ്ങളിലെ പ്രധാന റോഡുകളിൽ ഭാഗിക അടച്ചിടൽ പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി. ഇന്ന് (ഒക്ടോബർ 18, ശനി) മുതൽ ഒക്ടോബർ 29, ബുധനാഴ്ച വരെയാണ് ഈ താത്കാലിക അടച്ചിടൽ. ശൈഖ് ഖലീഫ ബിൻ സായിദ് റോഡ് (E12), ശൈഖ സലാമ ബിൻത് ബുട്ടി റോഡ് (E45) എന്നിവയെയാണ് ഇത് ബാധിക്കുക. യാസ് ഐലൻഡിലെ അടച്ചിടൽ (ശൈഖ് ഖലീഫ ബിൻ സായിദ് റോഡ് – E12) ഇന്ന് (ഒക്ടോബർ 18, ശനി): സാദിയാത്ത് ഐലൻഡിലേക്കുള്ള ദിശയിൽ വലതുവശത്തെ രണ്ട് ലെയ്‌നുകൾ രാത്രി 12 മുതൽ വൈകുന്നേരം നാല് വരെ അടച്ചിടും. ഒക്ടോബർ 19, ഞായർ, ഇതേ ദിശയിൽ ഇടതുവശത്തെ മൂന്ന് ലെയ്‌നുകൾ രാത്രി 12:00 മുതൽ വൈകുന്നേരം 4:00 വരെ അടച്ചിടും. ഈ സമയങ്ങളിൽ ഗതാഗത വഴിതിരിച്ചുവിടുന്നതിനുള്ള അടയാളങ്ങൾ വ്യക്തമായി സ്ഥാപിച്ചിരിക്കും. വാഹന യാത്രികർ ഈ നിർദ്ദേശങ്ങൾ പാലിച്ച് അതീവ ജാഗ്രതയോടെ വാഹനമോടിക്കണം. രണ്ടാമത്തെ അടച്ചിടൽ അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദിലെ ഷെയ്ഖ സലാമ ബിൻത് ബുട്ടി റോഡിൽ (E45) നടക്കും: ഒക്ടോബർ 19, ഞായറാഴ്ച പുലർച്ചെ 12:00 മുതൽ ഒക്ടോബർ 29, ബുധനാഴ്ച രാവിലെ 6:00 വരെ. ലിവായിലേക്കുള്ള ദിശയിൽ ഇടതുവശത്തെ ലെയ്ൻ അടച്ചിടും. ഗതാഗത പ്രവാഹം നിലനിർത്തുന്നതിനായി റോഡ് ഭാഗികമായി തുറന്നിരിക്കും, കൂടാതെ ബദൽ റൂട്ടുകളും ലഭ്യമാണ്. അബുദാബി മൊബിലിറ്റി അധികൃതർ ഡ്രൈവർമാരോട് ജാഗ്രത പാലിക്കാനും, ജോലി നടക്കുന്ന സ്ഥലങ്ങളിൽ വേഗത കുറയ്ക്കാനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അഭ്യർഥിച്ചു.