Kuwait Shrimp Season കുവൈത്ത് സിറ്റി: കുവൈത്ത് മത്സ്യബന്ധന വിപണിയെ ഉണർത്തി ചെമ്മീൻ സീസൺ. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാഴ്ച്ചയ്ക്ക് മുൻപാണ് കുവൈത്തിൽ വീണ്ടും ചെമ്മീൻ മത്സ്യബന്ധന സീസൺ ആരംഭിച്ചത്. ചെമ്മീൻ മത്സ്യബന്ധന സീസൺ വീണ്ടും സജീവമായതോടെ രാജ്യത്തെ മത്സ്യ വിപണിയിൽ പ്രാദേശിക ചെമ്മീൻ വിൽപ്പന തകൃതിയായി നടക്കുകയാണ്. ഓഗസ്റ്റ് 1 മുതലാണ് രാജ്യത്ത് ചെമ്മീൻ മത്സ്യബന്ധന സീസൺ പുനരാംരംഭിച്ചത്. രാജ്യത്തിന്റെ സമുദ്രപരിധിയിൽ ചെമ്മീൻ പ്രജനന കാലം കണക്കിലെടുത്താണ് ജൂലൈ 31 വരെ ചെമ്മീൻ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയത്. നിരോധന കാലാവധി അവസാനിച്ച് രണ്ടാഴ്ച്ച പിന്നിട്ടതിന് പിന്നാലെ ഏകദേശം 214 ടൺ ചെമ്മീനും 50 ടൺ വിവിധ പ്രാദേശിക മത്സ്യങ്ങളും 221 ടൺ വിപണിയിലെത്തിച്ചു. ഒരു കൊട്ടയ്ക്ക് 45 മുതൽ 65 കുവൈത്ത് ദിനാർ വരെയാണ് ചെമ്മീന്റെ വില. ഓരോ കൊട്ടയ്ക്കും 23 കിലോഗ്രാം വരെ ഭാരമുണ്ട്. കാർഷിക-മത്സ്യവിഭവ അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സലിം അൽ ഹായ് അറിയിച്ചതനുസരിച്ച്, ചെമ്മീനിന്റെ ലഭ്യത ഉറപ്പാക്കുന്നതിനും സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.