Posted By ashly Posted On

കുവൈത്തിലെ മംഗഫില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ ഇന്‍ഷുറന്‍സ് തുക കൈമാറി

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തില്‍ ഇന്‍ഷുറന്‍സ് തുക കൈമാറി. കഴിഞ്ഞ വർഷം തൊഴിലാളി കാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 49 ജീവനക്കാരുടെ കുടുംബത്തിനാണ് അനുവദിച്ച ഇൻഷുറൻസ് തുക കൈമാറിയത്. എൻ.ബി.ടി.സി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്‌ടർ കെ.ജി. എബ്രഹാം 49 ജീവനക്കാരുടെ അവകാശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറി. ജീവനക്കാരുടെ 48 മാസത്തെ ശമ്പളത്തിന് തുല്യമായ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുകയായ 618,240 കുവൈത്തി ദിനാർ (ഏകദേശം 17.31 കോടി രൂപ) ആണ് കൈമാറിയത്. കഴിഞ്ഞ വർഷം ജൂൺ 12നാണ് എൻ.ബി.ടി.സി ജീവനക്കാർ താമസിച്ചിരുന്ന മംഗഫിലെ ഫ്ലാറ്റിലുണ്ടായ തീപടിത്തത്തെ തുടർന്ന് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചത്. 46 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പീൻസ് തൊഴിലാളികളുമാണ് അപകടത്തിൽ ജീവന്‍ പൊലിഞ്ഞത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടം സംഭവിച്ചത്. ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പ്രതിനിധികളും എൻ.ബി.ടി.സി മാനേജ്മെൻ്റ് ജീവനക്കാരും പങ്കെടുത്തു. നാദിർ അൽ അവാദി, ഹമദ് എൻ.എം.അൽബദ്ദ, ഇബ്രാഹീം എം.അൽ ബദ്ദ, ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ് (ജി.ഐ.ജി) ബഹ്റൈൻ ജനറൽ മാനേജർ അബ്ദുല്ല അൽഖുലൈഫി എന്നിവർ സംസാരിച്ചു. എൻ.ബി.ടി.സി ജീവനക്കാർക്ക് കമ്പനി പ്രത്യേകമായി നൽകുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ്. എൻ.ബി.ടി.സിയുടെ കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും പ്രത്യേക ഇൻഷുറൻസ് പരിരക്ഷ കമ്പനി നൽകിവരുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *