Credit Card ക്രെഡിറ്റ് കാർഡ് ചെലവഴിക്കലിൽ റെക്കോർഡ് നേട്ടവുമായി കുവൈത്ത്; കഴിഞ്ഞ വർഷം ചെലവഴിച്ചത് 5.3 ബില്യൺ ദിനാർ

Credit Card കുവൈത്ത് സിറ്റി: ക്രെഡിറ്റ് കാർഡ് ചെലവഴിക്കലിൽ റെക്കോർഡ് നേട്ടവുമായി കുവൈത്ത്. കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-ൽ രാജ്യത്തെ ക്രെഡിറ്റ് കാർഡ് ചിലവഴിക്കലിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2025 ൽ ചെലവഴിച്ചത് 5.3 ബില്യൺ ദിനാറാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024-ലെ ഇത് 4.6 ബില്യൺ ദിനാറായിരുന്നു. 2024 ലെ അപേക്ഷിച്ച് ഏകദേശം 13.7% വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.

ഒരു വർഷത്തിനിടെ മാത്രം 638 മില്യൺ ദിനാറിന്റെ വർദ്ധനവാണ് ഉണ്ടായത്. വർഷത്തിലെ ഏറ്റവും ഉയർന്ന വിനിയോഗം നടന്നത് മൂന്നാം പാദത്തിലാണ് (ജൂലൈ – സെപ്റ്റംബർ). വേനലവധിക്കാലത്തെ വിദേശ യാത്രകൾ, ടൂറിസം ചിലവുകൾ എന്നിവയാണ് ഇതിന് പ്രധാന കാരണമായത്. വർഷാവസാനത്തെ പ്രൊമോഷനുകൾ, ഓഫറുകൾ, ഷോപ്പിംഗ് ഫെസ്റ്റിവലുകൾ എന്നിവ കാരണം നാലാം പാദത്തിലും വിപണിയിൽ ശക്തമായ സാന്നിധ്യം തുടർന്നു.

ഏതെങ്കിലും ഒരു പ്രത്യേക സീസൺ മാത്രമല്ല, വർഷം മുഴുവൻ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ ക്രമമായ വർദ്ധനവ് ഉണ്ടായതായി സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Illegal Parking ആശുപത്രി പരിസരങ്ങളിൽ അനധികൃത പാർക്കിംഗ്; ഒരു ദിവസത്തിനിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂവായിരത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ

Illegal Parking കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനായി കർശന പരിശോധനയുമായി കുവൈത്ത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ പരിശോധനയിൽ മൂവായിരത്തിലധികം നിയമലംഘനങ്ങളാണ് ഒരു ദിവസത്തിനിടെ രേഖപ്പെടുത്തിയത്. 3,206 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 47 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ സേകുകൾ റിപ്പോർട്ട് ചെയ്തത് ആശുപത്രി പരിസരങ്ങളിലെ അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ടാണ്. 322 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.

ആശുപത്രി കവാടങ്ങളിലും നടപ്പാതകളിലും വാഹനം പാർക്ക് ചെയ്യുന്നത് അടിയന്തര ചികിത്സാ സേവനങ്ങളെയും ആംബുലൻസുകളുടെ നീക്കത്തെയും തടസ്സപ്പെടുത്തുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാഫിക് പോലീസ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. നിരോധിത മേഖലകളിൽ വാഹനം പാർക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിച്ചവർക്കെതിരെയാണ് ഭൂരിഭാഗം നടപടികളും സ്വീകരിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി.

Overtime Work ആരോഗ്യ മേഖലയിലെ ഓവർടൈം നിബന്ധനകളിൽ മാറ്റം; പുതിയ സർക്കുലർ പുറപ്പെടുവിച്ചു

Overtime Work കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിലെ ഓവർടൈം നിബന്ധനകളിൽ മാറ്റം. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികൾ, പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഭരണവിഭാഗങ്ങൾ എന്നിവിടങ്ങളിൽ ഓവർടൈം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പരിഷ്‌കരിച്ചു. പുതിയ സാമ്പത്തിക വർഷത്തെ ബജറ്റിന് അനുസൃതമായി സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം പുതിയ അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറപ്പെടുവിച്ചത്. 2026 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെ പുതുക്കിയ ഓവർടൈം ഉത്തരവുകൾ പ്രാബല്യത്തിലുണ്ടാകും.

സാമ്പത്തികവും ഭരണപരവുമായ സ്ഥിരത നിലനിർത്തുന്നതിന് വേണ്ടി ഒരു സാമ്പത്തിക വർഷത്തിൽ ഒരു തവണ മാത്രമേ ഓവർടൈം സംബന്ധിച്ച തീരുമാനങ്ങൾ പുറപ്പെടുവിക്കുകയുള്ളൂ. എല്ലാ വകുപ്പുകളും തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പട്ടിക 2026 മാർച്ച് 1-ന് മുൻപായി സമർപ്പിക്കണം. ഓവർടൈം അപേക്ഷകൾ അംഗീകരിക്കുന്നതിനും മറ്റ് നടപടികൾക്കുമായി ‘Enjaz’ (എൻജാസ്) ആപ്ലിക്കേഷൻ നിർബന്ധമാക്കി.

അപേക്ഷകൾ ക്രമമായും എല്ലാ ഡാറ്റയും ഉൾപ്പെടുത്തിയും സമർപ്പിക്കണം. സുതാര്യത വർദ്ധിപ്പിക്കുക, ഓവർടൈം പേയ്മെന്റുകൾ കൃത്യമായ സാമ്പത്തിക ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നടപടി.

Certificate Verification സർട്ടിഫിക്കറ്റ് പരിശോധന; സഹേൽ നോട്ടിഫിക്കേഷൻ അവഗണിക്കരുതെന്ന് കുവൈത്ത്, പ്രവാസികൾക്കും സ്വദേശികൾക്കും ബാധകം

Certificate Verification സർട്ടിഫിക്കറ്റ് പരിശോധന; സഹേൽ നോട്ടിഫിക്കേഷൻ അവഗണിക്കരുതെന്ന് കുവൈത്ത്, പ്രവാസികൾക്കും സ്വദേശികൾക്കും ബാധകംകുവൈത്ത് സിറ്റി: സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി കുവൈത്ത്. അക്കാദമിക് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, ഓരോ ജീവനക്കാരനും തങ്ങളുടെ വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കേണ്ടതുണ്ട്. ഏകീകൃത സർക്കാർ ആപ്പായ ‘സഹേൽ’ വഴി ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ അനുസരിച്ചാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതെന്ന് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി നർജിസ് അബ്ദുൾറസൂൽ അറിയിച്ചു. സിവിൽ സർവീസ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഈ പരിശോധന സ്വദേശികൾക്കും വിദേശികൾക്കും, സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ബാധകമാണ്. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുക, വിദ്യാഭ്യാസ യോഗ്യതകളുടെ കൃത്യത ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപടി. യോഗ്യതകൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് തൊഴിൽ ആനുകൂല്യങ്ങളെയും സാമ്പത്തിക ആനുകൂല്യങ്ങളെയും ബാധിക്കും.

‘സഹേൽ’ ആപ്പിലൂടെ ഓരോ ജീവനക്കാരനും ലഭിക്കുന്ന ലിങ്ക് അല്ലെങ്കിൽ അറിയിപ്പ് വഴിയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. വിദേശത്ത് നിന്ന് ബിരുദം നേടിയവർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സഹേൽ ആപ്പിലെ ഇക്വിവാലൻസി സേവനം വഴിയോ നടപടികൾ പൂർത്തിയാക്കണം. ഓരോ ജീവനക്കാരനും ലഭിക്കുന്ന അറിയിപ്പിൽ കൃത്യമായ സമയപരിധി രേഖപ്പെടുത്തിയിരിക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്ക് 5 വർഷം വരെ തടവും 5,000 ദിനാർ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Ramadan Inspection റമദാൻ; പരിശോധന കടുപ്പിച്ച് കുവൈത്ത്, 48 സ്‌ക്രാപ്പ് യാർഡുകൾ അടപ്പിച്ചു

Ramadan Inspection കുവൈത്ത് സിറ്റി: റമദാൻ മാസത്തിന് മുന്നോടിയായി പരിശോധന കടുപ്പിച്ച് കുവൈത്ത്. വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ സൗത്ത് അംഘരയിലെ 48 സ്‌ക്രാപ്പ് യാർഡുകൾ അടപ്പിച്ചു. നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് നൽകിയ സാവകാശത്തിന് ശേഷവും ക്രമക്കേടുകൾ പരിഹരിക്കാത്തതിനാലാണ് സ്‌ക്രാപ്പ് യാർഡുകൾ അടപ്പിച്ചത്. വാണിജ്യ മന്ത്രി ഒസാമ ബൂദായിയുടെ നിർദ്ദേശപ്രകാരം, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമായി വിപണികളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

അംഘരയിലെ സ്‌ക്രാപ്പ് യാർഡുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അവ അടച്ചുപൂട്ടാൻ എമർജൻസി ടീമുകൾ നടപടി സ്വീകരിച്ചതായി കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അറിയിച്ചു. സെൻട്രൽ മാർക്കറ്റുകൾ, കശാപ്പുശാലകൾ, ചിക്കൻ വിൽപന കേന്ദ്രങ്ങൾ, ഈന്തപ്പഴം ഷോപ്പുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും ഉൽപ്പന്നങ്ങൾക്ക് തൂക്കം കുറഞ്ഞതായും കണ്ടെത്തി.

റമദാൻ കിറ്റുകളും മറ്റ് അവശ്യസാധനങ്ങളും വിൽക്കുന്ന ഔട്ട്ലെറ്റുകളിൽ തൂക്കത്തിലും വിലയിലും കൃത്രിമം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക നിരീക്ഷണം നടത്തി. കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ നിലവിലുള്ള നിയമപ്രകാരം ഉടനടി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റമദാൻ മാസം മുഴുവൻ വിപണിയിൽ മന്ത്രാലയത്തിന്റെ കർശന മേൽനോട്ടം തുടരുമെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Dermatology Clinic ഡെർമറ്റോളജി ക്ലിനിക്കിന്റെ മറവിൽ രഹസ്യ ശസ്ത്രക്രിയകൾ; കുവൈത്തിൽ മിന്നൽ റെയ്ഡ്, നിരവധി പേർ അറസ്റ്റിൽ

Dermatology Clinic കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെർമറ്റോളജി ക്ലിനിക്കിന്റെ മറവിൽ രഹസ്യ ശസ്ത്രക്രിയകൾ ഉൾപ്പെടെ നടത്തിയ ചികിത്സാ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്. കുവൈത്തിലെ ഹവല്ലി പ്രദേശത്താണ് ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. ഡെർമറ്റോളജി ക്ലിനിക്കിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ചികിത്സാ കേന്ദ്രത്തിൽ അധികൃതർ നടത്തിയ സംയുക്ത പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിലായി. പ്രവാസികളാണ് അറസ്റ്റിലായത്.

ചർമ്മരോഗ ചികിത്സയ്ക്ക് മാത്രം അനുമതിയുള്ള സ്ഥാപനത്തിൽ പ്രസവചികിത്സ, ദന്തചികിത്സ, മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ തുടങ്ങിയ സേവനങ്ങൾ അനുമതിയില്ലാതെ നൽകിയതായി പരിശോധനയിൽ കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങിയവയിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മൂന്ന് വ്യത്യസ്ത ക്ലിനിക്കുകൾ പ്രവർത്തിച്ചിരുന്നുവെന്നും, താഴത്തെ നിലയിൽ രഹസ്യമായി മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെ ചികിത്സ നൽകിയിരുന്ന പ്രവാസി ജീവനക്കാരെ അറസ്റ്റ് ചെയ്തായി അധികൃതർ അറിയിച്ചു. അനുമതിയില്ലാതെ മെഡിക്കൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Sheikh Jaber Bridge യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശൈഖ് ജാബർ പാലം താത്ക്കാലികമായി അടച്ചിടുമെന്ന് കുവൈത്ത് ട്രാഫിക് വിഭാഗം

Sheikh Jaber Bridge കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബർ പാലം താത്ക്കാലികമായി അടച്ചിടും. കായിക ദിനത്തോടനുബന്ധിച്ച് ശൈഖ് ജാബർ അൽ-അഹ്‌മദ് പാലം ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ഫെബ്രുവരി 13 വെള്ളിയാഴ്ച അർദ്ധരാത്രി 12:00 മണിക്ക് ഷുവൈഖ് തുറമുഖത്ത് നിന്ന് സുബിയയിലേക്കുള്ള അടച്ചിടൽ ആരംഭിച്ച് ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചയ്ക്ക് 1:00 മണി വരെ തുടരുമെന്ന് വകുപ്പ് അറിയിച്ചു.

അതേസമയം, ഫെബ്രുവരി 14 ശനിയാഴ്ച പുലർച്ചെ 3:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ സുബിയയിൽ നിന്ന് ഷുവൈഖ് തുറമുഖത്തേക്കുള്ള ഗതാഗതം നിർത്തിവയ്ക്കും. അടച്ചിടൽ കാലയളവിൽ വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോഗിക്കണമെന്നും സുഗമമായ ചലനത്തിനും പൊതു സുരക്ഷയ്ക്കും അധികാരികൾ നൽകുന്ന ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശിക്കുന്നു.

കുവൈത്ത് കായിക ദിന പ്രവർത്തനങ്ങളുടെ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ താൽക്കാലിക നടപടി.

Expatriate Malayali Death ഹൃദയാഘാതം; കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി

Expatriate Malayali Death കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. കല്ലൂപ്പാറ പിച്ചകപ്പള്ളിൽ അനൂപ് കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കല്ലൂപ്പാറ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ അനിൽ കുമാർ പിച്ചകപ്പള്ളിയുടെ സഹോദരനാണ് അനൂപ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്: കുവൈത്തിൽ കേണലിനും പ്രവാസികൾക്കും ശിക്ഷ വിധിച്ചു

Kuwait driving license fraud കുവൈത്ത് സിറ്റി: ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ കേണലിനും എട്ട് പ്രവാസികൾക്കും തടവുശിക്ഷ വിധിച്ച് കുവൈത്ത് പരമോന്നത കോടതിയായ കോർട്ട് ഓഫ് കസേഷൻ. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയതിനുമാണ് ശിക്ഷ. കീഴ്കോടതികളുടെയും അപ്പീൽ കോടതിയുടെയും വിധി പരമോന്നത കോടതി ശരിവെക്കുകയായിരുന്നു. ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥന് നാല് വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമായി ചമച്ചതിനാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. കേസിൽ ഉൾപ്പെട്ട എട്ട് പ്രവാസികൾക്കും നാല് വർഷം വീതം കഠിനതടവ് വിധിച്ചു. ഇതിന് പുറമെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് നിയമവിരുദ്ധമായി ഡ്രൈവിംഗ് ലൈസൻസ് സംഘടിപ്പിച്ചു നൽകുന്നതിനായി ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയതിനാണ് പ്രവാസികൾ പിടിയിലായത്. രേഖകളിൽ കൃത്രിമം കാണിച്ചും ചട്ടങ്ങൾ ലംഘിച്ചും ലൈസൻസുകൾ അനുവദിക്കാൻ ഇവർ ഉദ്യോഗസ്ഥനെ സ്വാധീനിക്കുകയായിരുന്നു.

വികസിത് ഭാരത് 2047: ഇന്ത്യ-കുവൈത്ത് സംവാദ പരമ്പരയ്ക്ക് കുവൈത്തിൽ തുടക്കമായി

Viksit Bharat 2047 കുവൈത്ത് സിറ്റി: 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വികസിത് ഭാരത് 2047: ഇന്ത്യ-കുവൈത്ത് സംവാദം’ (പദ്ധതിക്ക് കുവൈത്തിലെ ഇന്ത്യൻ എംബസി തുടക്കം കുറിച്ചു. ഫെബ്രുവരി 12-ന് കുവൈത്തിലെ സെന്റ് റീജിസ് ഹോട്ടലിലായിരുന്നു ഉദ്ഘാടന ചടങ്ങ്. “ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ സുസ്ഥിര വളർച്ച” എന്ന വിഷയത്തിലായിരുന്നു ആദ്യ ചർച്ച നടന്നത്. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) കുവൈത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശിവ് നാടാർ സർവകലാശാലാ ഡീൻ ഡോ. രജത് കതുരിയ മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക വിദഗ്ധർ, ബിസിനസ് പ്രമുഖർ, നിക്ഷേപകർ, നയതന്ത്രജ്ഞർ തുടങ്ങി നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യ കൈവരിക്കുന്ന സുസ്ഥിരമായ ജിഡിപി വളർച്ചയെയും വർദ്ധിച്ചുവരുന്ന അടിസ്ഥാന സൗകര്യ വികസനത്തെയും ഡോ. കതുരിയ എടുത്തുപറഞ്ഞു. ഇന്ത്യയുടെ 2026-ലെ കേന്ദ്ര ബജറ്റ് വിദേശ നിക്ഷേപങ്ങൾക്ക്, പ്രത്യേകിച്ച് കുവൈത്തിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് പുതിയ വാതിലുകൾ തുറക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യയുടെ ‘വികസിത് ഭാരത് 2047’-ഉം കുവൈത്തിന്റെ ‘വിഷൻ 2035’-ഉം തമ്മിലുള്ള സാമ്യം ഇരുരാജ്യങ്ങൾക്കും സഹകരിക്കാനുള്ള വലിയ അവസരങ്ങളാണ് ഒരുക്കുന്നതെന്ന് ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ പങ്കാളിത്തങ്ങൾ കണ്ടെത്തുന്നതിനുമായി വരും മാസങ്ങളിലും ഈ സംവാദ പരമ്പര തുടരും.

ചോളച്ചാക്കുകളിൽ ഒളിപ്പിച്ച് കാപ്റ്റഗൺ ഗുളികകൾ, പിടികൂടിയത് 1.4 കോടി ലഹരിമരുന്ന്; അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം അറസ്റ്റില്‍

pills sezie ദുബായ്: അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയെ തകർത്ത് വൻതോതിൽ കാപ്റ്റഗൺ ഗുളികകൾ ദുബായ് പൊലീസ് പിടികൂടി. കുവൈത്തിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെ 1.4 കോടിയിലധികം (1,40,62,500) കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. അഞ്ച് കണ്ടെയ്‌നറുകളിലായി എത്തിയ ചോളച്ചാക്കുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പരിശോധനകൾ വെട്ടിക്കാനായി വളരെ സങ്കീർണ്ണമായ രീതിയിലായിരുന്നു ലഹരിമരുന്ന് പാക്ക് ചെയ്തിരുന്നത്. ഏകദേശം രണ്ട് ടണ്ണിലധികം (2,250 കിലോഗ്രാം) ഭാരമുള്ള 1,40,62,500 കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിൽ മൂന്ന് അറബ് വംശജരെ പൊലീസ് പിടികൂടി.  മറ്റൊരു അറബ് രാജ്യത്തെ തുറമുഖം വഴിയാണ് ലഹരിമരുന്ന് എത്തിയത്. ചോളച്ചാക്കുകൾ ഗോഡൗണിലേക്ക് മാറ്റുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ കൈയോടെ പിടികൂടിയത്. നാഷണൽ ആന്റി നാർക്കോട്ടിക് ബ്യൂറോ ചെയർമാൻ ഷെയ്ഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ, ദുബായ്-കുവൈത്ത് പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കൃത്യമായ വിവരക്കൈമാറ്റവും ഉദ്യോഗസ്ഥരുടെ ജാഗ്രതയുമാണ് അന്താരാഷ്ട്ര ലഹരി ശൃംഖലയെ തകർക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കടത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും സംഘടിത കുറ്റകൃത്യങ്ങളെ അടിച്ചമർത്തുമെന്നും അധികൃതർ ആവർത്തിച്ചു.

കുവൈത്തിൽ മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യത; ശനിയാഴ്ച മുതൽ താപനില ഉയരും

Kuwait Weather കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും ശനിയാഴ്ച മുതൽ ചൂട് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉപരിതല ന്യൂനമർദ്ദത്തിന്റെ ഫലമായി അന്തരീക്ഷത്തിൽ ഈർപ്പവും മേഘാവൃതമായ അവസ്ഥയും തുടരുന്നതാണ് മഴയ്ക്ക് കാരണമാകുന്നത്. വ്യാഴാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി താപനില 23 – 25 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 11 – 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. വെള്ളിയാഴ്ച രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. പകലിൽ ചൂട് അനുഭവപ്പെടും. പരമാവധി താപനില 26 – 28 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാത്രിയിൽ നേരിയ തണുപ്പുള്ള കാലാവസ്ഥയായിരിക്കും. ശനിയാഴ്ചയോടെ ന്യൂനമർദ്ദം നീങ്ങുകയും ഉഷ്ണതരംഗം അനുഭവപ്പെടുകയും ചെയ്യും.  പകൽ സമയത്ത് താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുള്ളതിനാൽ തുറസായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞേക്കാം. കടലിൽ തിരമാലകൾ 6 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളിൽ താപനില 15 – 17 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കുമെന്നും മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group