
Debt Relief Campaign കുവൈത്ത് സിറ്റി: കുവൈത്തിൽ കടബാധ്യതകൾ മൂലം നിയമനടപടികൾ നേരിട്ടിരുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസവാർത്ത. ഇത്തരത്തിൽ ജയിലുകളിൽ കഴിഞ്ഞിരുന്ന ആയിരക്കണക്കിനാളുകൾക്ക് ജയിൽമോചിതരാകാനുള്ള വഴിയൊരുങ്ങുകയാണ്. കുവൈത്ത് സർക്കാരിന്റെ ബൃഹത്തായ കടാശ്വാസ പദ്ധതി. സാമൂഹിക കാര്യ മന്ത്രാലയം സംഘടിപ്പിച്ച ‘ഫസാഅത്ത് അൽ-ഗരിമിൻ’ എന്ന രണ്ടാം ഘട്ട ധനസമാഹരണ ക്യാമ്പയിനിലൂടെ 1.5 കോടിയിലധികം കുവൈത്ത് ദിനാറാണ് സമാഹരിച്ചത്. കടക്കെണിയിൽപ്പെട്ട് ജയിലിലായവർക്കും യാത്രാവിലക്ക് നേരിടുന്നവർക്കും ഇത് വലിയ ആശ്വാസമാണ് നൽകുന്നത്.
റമദാൻ മാസത്തോടനുബന്ധിച്ചാണ് ഈ പദ്ധതി സംഘടിപ്പിച്ചത്. കുവൈത്തിലെ സ്വദേശികളും പ്രവാസികളും വിവിധ സ്ഥാപനങ്ങളും ഈ ജീവകാരുണ്യ പദ്ധതിയിലേക്ക് ഉദാരമായി സംഭാവന നൽകി. സമാഹരിച്ച തുക ഉപയോഗിച്ച് ചെറിയ തുകകളുടെ ബാധ്യതയുള്ളവരുടെ കടങ്ങൾ വീട്ടുകയും അവരെ നിയമപരമായ കുരുക്കുകളിൽ നിന്ന് മോചിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഇത്തവണ ക്യാമ്പയിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്.
കടബാധ്യത മൂലം ദുരിതമനുഭവിക്കുന്നവരുടെ കേസുകൾ ഓരോന്നായി പരിശോധിച്ച ശേഷമായിരിക്കും തുക കൈമാറുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ജയിലിൽ കഴിയുന്ന കുടുംബനാഥന്മാർക്കും ഈ പദ്ധതിയിൽ മുൻഗണന ലഭിക്കും.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Kuwait Citizen Wives കുവൈത്ത് പൗരന്മാരെ വിവാഹം കഴിച്ച വിദേശികളായ ഭാര്യമാർക്ക് ആശ്വാസ വാർത്ത; വിദേശത്ത് താമസിക്കുന്നവരിൽ ഇക്കാര്യങ്ങളിൽ ഇളവ്….
Kuwait Citizen Wives കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാരെ വിവാഹം കഴിച്ച വിദേശികളായ ഭാര്യമാർക്ക് രാജ്യത്തിന് പുറത്ത് താമസിക്കുന്നതിനുള്ള ആറു മാസത്തെ സമയപരിധി ബാധകമാകില്ലെന്ന് വ്യക്തമാക്കി അധികൃതർ. ആർട്ടിക്കിൾ 8 പ്രകാരം ലഭിച്ച കുവൈത്ത് പൗരത്വം പിൻവലിക്കപ്പെട്ടതിനെത്തുടർന്ന് സ്വന്തം രാജ്യത്തെ പൗരത്വത്തിലേക്ക് മാറിയ സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
വിദേശി താമസ നിയമത്തിലെ ആർട്ടിക്കിൾ 37 പ്രകാരം, സാധാരണഗതിയിൽ ഒരു വിദേശി ആറു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് കഴിഞ്ഞാൽ താമസരേഖ റദ്ദാകാറുണ്ട്. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ കുവൈത്ത് പൗരന്മാരുടെ ഭാര്യമാർ എന്ന പ്രത്യേക നിയമ പദവിയിൽ വരുന്നതിനാൽ ഇവർക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.
ഇത്തരത്തിലുള്ള സ്ത്രീകൾ വിദേശി താമസ നിയമത്തിന്റെ പരിധിയിലല്ല വരുന്നത് എന്നതിനാലാണ് ഈ ഇളവ് നൽകുന്നത്. ഇവർക്ക് അഞ്ച് വർഷം കാലാവധിയുള്ള സിവിൽ ഐഡികളാണ് അനുവദിക്കുക. ഇവർക്ക് പ്രത്യേകമായി റെസിഡൻസി പെർമിറ്റിന്റെ ആവശ്യമില്ലാത്തതിനാൽ ഇവർ റെസിഡൻസി സിസ്റ്റത്തിന് പുറത്താണ് പരിഗണിക്കപ്പെടുന്നത്. അതിനാൽ തന്നെ ആറു മാസം കഴിഞ്ഞാലും ഇവരുടെ താമസം റദ്ദാകില്ല. എന്നാൽ ഈ ആനുകൂല്യം തങ്ങളുടെ നിയമപരമായ പദവി കൃത്യമായി ഭേദഗതി ചെയ്തവർക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഓരോ അപേക്ഷയും വ്യക്തിഗതമായി പരിശോധിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വിശദീകരിച്ചു. കുവൈത്ത് വനിതകളുടെ മക്കൾ, വസ്തു ഉടമകൾ, വിദേശ നിക്ഷേപകർ എന്നിവർക്ക് മാത്രമാണ് ഇത്തരത്തിലുള്ള ഇളവുകൾ ലഭിക്കുക.
Burning Coal വീടുകൾക്കുള്ളിൽ കൽക്കരി കത്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കർശന മുന്നറിയിപ്പുമായി കുവൈത്ത് ഫയർഫോഴ്‌സ്
Burning Coal കുവൈത്ത് സിറ്റി: വീടുകൾക്കുള്ളിൽ കൽക്കരി കത്തിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകി കുവൈത്ത് ഫയർ ഫോഴ്‌സ്. തണുപ്പ് കടുക്കുന്ന സാഹചര്യത്തിൽ വീടുകൾക്കും ടെന്റുകൾക്കും ഉള്ളിൽ കൽക്കരിയും വിറകും കത്തിക്കുന്നവർക്കെതിരെയാണ് കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ് മുന്നറിയിപ്പ് നൽകിയത്.
മതിയായ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ കൽക്കരി കത്തിക്കുന്നത് ശ്വാസംമുട്ടലിനും മാരകമായ അപകടങ്ങൾക്കും കാരണമാകുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. കൽക്കരി കത്തുമ്പോൾ പുറന്തള്ളുന്ന കാർബൺ മോണോക്‌സൈഡ് എന്ന മണമില്ലാത്ത വിഷവാതകം ശ്വസിക്കുന്നത് വഴി ആളുകൾ അറിയാതെ തന്നെ ബോധരഹിതരാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അതിനാൽ കൽക്കരിയോ വിറകോ ഉപയോഗിക്കുമ്പോൾ ജനലുകളോ വെന്റിലേഷനോ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണമെന്നും ഉറങ്ങുന്നതിന് മുൻപ് തീ പൂർണ്ണമായും അണയ്ക്കണമെന്നും ഫയർ ഫോഴ്‌സ് നിർദ്ദേശം നൽകി.
തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും ഫാമുകളിലും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക ജാഗ്രത വേണം. ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
IPhone Scam ഐഫോൺ തട്ടിപ്പ്; കുവൈത്തിൽ ഇന്ത്യൻ പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ
IPhone Scam കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ പ്രവാസിയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി. ഒമ്പത് ഐഫോൺ പ്രോ മാക്‌സ് ഫോണുകൾ ഓർഡർ ചെയ്ത പ്രവാസിക്ക് ലഭിച്ചത് പഴയ ഇരുമ്പ് പൂട്ടുകൾ. ഒരു മൊബൈൽ ഷോപ്പ് ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരനാണ് പ്രവാസി ഇന്ത്യക്കാരനിൽ നിന്നും 3,838 കുവൈത്ത് ദിനാർ (ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തട്ടിയെടുത്തത്. 1986-ൽ ജനിച്ച ഇന്ത്യൻ പ്രവാസിയാണ് തട്ടിപ്പിനിരയായത്.
വിപണിയിൽ 5,000 ദിനാറിന് മുകളിൽ വിലവരുന്ന 9 ഐഫോണുകൾ, ഒരു ആപ്പിൾ വാച്ച്, ഹെഡ്ഫോണുകൾ എന്നിവ കുറഞ്ഞ വിലയ്ക്ക് (3,838 ദിനാർ) നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. താൻ ജോലി ചെയ്യുന്ന മൊബൈൽ ഷോപ്പ് അടച്ച ശേഷം രാത്രിയിൽ നേരിട്ടെത്തി സാധനങ്ങൾ കൈമാറാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് പണം കൈപ്പറ്റി ഐഫോൺ പെട്ടികൾ കൈമാറി പ്രതി സ്ഥലം വിടുകയായിരുന്നു.
വീട്ടിലെത്തി പെട്ടികൾ തുറന്നു നോക്കിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന കാര്യം ഇന്ത്യൻ പ്രവാസി മനസിലാക്കിയത്. പെട്ടിക്കുള്ളിലുണ്ടായിരുന്നത് പുതിയ ഐഫോണുകൾക്ക് പകരം പഴയ ഇരുമ്പ് പൂട്ടുകളായിരുന്നു. ആപ്പിൾ വാച്ചിന് പകരം ഒരു ചെറിയ പൂട്ടും ഹെഡ്ഫോണിന്റെ പെട്ടി കാലിയുമായിരുന്നു. ആസൂത്രിത നീക്കത്തിലൂടെയാണ് പ്രതി നടത്തിയത്. പണം കൈപ്പറ്റി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി കുവൈത്ത് വിടുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Murder Case കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി വിദേശത്തേക്ക് കടത്താൻ ശ്രമം; കുവൈത്തിൽ പ്രതിയ്ക്ക് ശിക്ഷ
Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ കാമുകിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി വിദേശത്തേക്കു കടത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും ശരിവച്ചു. 2025 മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിർത്തിയിലെ കർശന പരിശോധനയിലാണ് സ്യൂട്ട്‌കേസിൽ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതിയുടെ വധശിക്ഷ സുപ്രീംകോടതിയും ശരിവയ്ക്കുന്നതോടെ ശിക്ഷ നടപ്പാക്കും. അതേസമയം, കേസിലെ ഇരയുടെയും പ്രതിയുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Red Palace Village Project പൈതൃക ടൂറിസം വികസനം; റെഡ് പാലസ് വില്ലേജ് പദ്ധതിക്കുള്ള ടെൻഡർ ആരംഭിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി
Red Palace Village Project കുവൈത്ത് സിറ്റി: അൽ ജഹ്‌റ ഗവർണറേറ്റിലെ റെഡ് പാലസ് വില്ലേജ് പദ്ധതിയ്ക്കായി കൺസൾട്ടൻസി പഠനങ്ങൾ തയ്യാറാക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുക്കാൻ കൺസൾട്ടിംഗ് സ്ഥാപനങ്ങളെയും ഓഫീസുകളെയും ക്ഷണിച്ച് കുവൈത്ത് മുൻസിപ്പാലിറ്റി. അമീറിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായും അൽ ജഹ്‌റയിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ് ടെൻഡർ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മുൻസിപ്പാലിറ്റിയിലെ പ്രോജക്ടുകൾക്കായുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മെയ്‌സ ബൗഷെഹ്‌രി വ്യക്തമാക്കി.
മേഖലയുടെ ചരിത്രപരവും പൈതൃകവുമായ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുകയും ദേശീയ സ്ഥലങ്ങളെ കുവൈത്ത് ഐഡന്റിറ്റി ശക്തിപ്പെടുത്തുകയും സമൂഹത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന സുസ്ഥിര വികസന പദ്ധതികളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഈ ടെൻഡറിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദർശകർക്ക് സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്ന, പ്രദേശത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന, സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഒരു സാംസ്‌കാരിക വിനോദസഞ്ചാര പൈതൃക കേന്ദ്രം സ്ഥാപിക്കുന്നതിനായി രൂപകല്പന ചെയ്ത സമഗ്ര സംരംഭമാണ് റെഡ് പാലസ് വില്ലേജ് പദ്ധതി. അപേക്ഷകർ ടെൻഡർ രേഖകൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യാനും എല്ലാ ആവശ്യകതകളും സമയപരിധികളും പാലിക്കാനും ശക്തവും പ്രായോഗികവുമായ സാങ്കേതിക നിർദ്ദേശങ്ങൾ സമർപ്പിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
ജീവിതനിലവാരം ഉയർത്തുന്നതും ദേശീയ പൈതൃകം ഉയർത്തി കാട്ടുന്നതും ആയ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കുവൈത്ത് മുൻസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
Road Closed അറ്റകുറ്റപ്പണി; കുവൈത്തിലെ പ്രധാന റോഡ് അടച്ചിടും, യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ
Road Closed കുവൈത്ത് സിറ്റി: കുവൈത്തിൽ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് അടച്ചിടുമെന്ന് മുന്നറിയിപ്പ്. സെക്കൻഡ് റിംഗ് റോഡ് ഇന്റർസെക്ഷൻ മുതൽ എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഇന്റർസെക്ഷൻ വരെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടൽ.
വ്യാഴാഴ്ച്ച വൈകിട്ട് ആറു മണി മുതൽ ജനുവരി 25 രാവിലെ ആറു മണി വരെയുള്ള ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കും. ഈ കാലയളവിൽ വാഹനങ്ങൾ ബദൽ വഴികൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങളും മുന്നറിയിപ്പ് ബോർഡുകളും കർശനമായി പാലിക്കണമെന്നും അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Iran- US Issue പരസ്പരം വാക്‌പോരുമായി ഇറാനും യുഎസും; അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി….
Iran- US Issue ടെഹ്‌റാൻ: പര്‌സ്പര വാക്‌പോര് തുടർന്ന് ഇറാനും യുഎസും. ഇതിനിടെ പസിഫിക് സമുദ്രമേഖലയിലുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. സൗത്ത് ചൈന കടലിലായിരുന്ന പോർവിമാന വാഹിനി യുഎസ്എസ് ഏബ്രഹാം ലിങ്കണും അകമ്പടിയായി 3 യുദ്ധക്കപ്പലുകളുമാണ് പശ്ചിമേഷ്യയിലേക്കു നീങ്ങുന്നത്. ചൊവ്വാഴ്ച ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ജൂണിൽ അമേരിക്ക ആക്രമിച്ചപ്പോൾ ഇറാൻ നിയന്ത്രണം പാലിച്ചുവെന്നും എന്നാൽ ഇനിയൊരാക്രമണമുണ്ടായാൽ മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ തങ്ങളുടെ സൈന്യം മടിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. ഇറാനിലെ പ്രക്ഷോഭം 72 മണിക്കൂർ മാത്രമാണു നീണ്ടതെന്നും സായുധ കലാപകാരികളാണ് പിന്നീടു രാജ്യമെങ്ങും പ്രശ്‌നമുണ്ടാക്കിയതെന്നും യുഎസ് ദിനപത്രമായ വോൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിൽ അറഗ്ചി ആരോപിക്കുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തതിന്റെ പേരിൽ, ലോക സാമ്പത്തിക ഫോറത്തിലേക്ക് ഇറാനുള്ള ക്ഷണം റദ്ദാക്കിയിരുന്നു.
അതേസമയം, ഇറാനെതിരെ ഭീഷണിയുമായി ഡോണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. തന്നെ വധിച്ചാൽ ഇറാനെ അമേരിക്ക ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്നും അതിനുള്ള ഉത്തരവുകൾ താൻ നൽകിയിട്ടുണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഇതിനിടെ,ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ലക്ഷ്യമിട്ടാൽ പൂർണയുദ്ധമായിരിക്കും ഫലമെന്നു കഴിഞ്ഞദിവസം ഇറാൻ മുന്നറിയിപ്പു നൽകിയിരുന്നു. ഖമനയിക്കെതിരെ ഓങ്ങുന്ന കൈ വെട്ടുമെന്നും അവരുടെ ലോകം ചുട്ടുചാമ്പലാക്കുമെന്നുമായിരുന്നു ഇറാൻ സായുധസേനയുടെ വക്താവ് നടത്തിയ പ്രതികരണം.
Rowdy Kids കുവൈത്തിൽ കടയുടമയെ ആക്രമിച്ച് റൗഡികളായ കുട്ടികൾ; ദുരവസ്ഥ വെളിപ്പെടുത്തി വ്യാപാരികൾ
Rowdy Kids കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീൽ മാർക്കറ്റിൽ കടയുടമയെ ഭീഷണിപ്പെടുത്തി റൗഡികളായ കുട്ടികൾ. തിരക്കേറിയ സമയത്ത് കടയുടമയെ ആക്രമിക്കുന്ന റൗഡികൾ ആയ കുട്ടികളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക വ്യാപാരികൾ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണിത്. വടികൾ ഉൾപ്പെടെയുള്ളവയുമായി എത്തിയ ഒരുകൂട്ടം അറബ് കുട്ടികളാണ് കടയുടമയെ ഭീഷണിപ്പെടുത്തിയത്.
മിക്കവാറും ദിവസങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ടെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. ഉത്സവ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഇത് കൂടുതലാണ്. തങ്ങളുടെ ചുവരുകൾ അശ്ലീല വാക്കുകളും അടയാളങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാരണം വ്യാപാരികൾ പലരും വലിയ നിരാശയിലാണ്. നശീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കുട്ടികളുടെ വീഡിയോ മൊബൈലിൽ പകർത്താൻ ശ്രമിക്കുന്നതിനിടയാണ് ഇവർ വ്യാപാരിയെ മർദ്ദിച്ചത്.
Illegal Food Establishment ലൈസൻസില്ലാതെ ഭക്ഷ്യ ഉത്പന്നങ്ങൾ വിറ്റഴിച്ചു; കുവൈത്തിൽ വീടിനുള്ളിൽ നടത്തിയിരുന്ന അനധികൃത ഭക്ഷ്യസ്ഥാപനം പൂട്ടിച്ചു
Illegal Food Establishment കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ ഭക്ഷ്യ ഉത്പന്നങ്ങൾ വിറ്റഴിച്ച സ്ഥാപനത്തിന് പൂട്ടുവീണു. വീടിനുള്ളിൽ നടത്തിയിരുന്ന അനധികൃത ഭക്ഷ്യ സ്ഥാപനത്തിനാണ് പൂട്ടുവീണത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്നും ലഭിച്ച സൂചനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനം കണ്ടെത്തിയത്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനാണ് പരിശോധന നടത്തിയത്.
റിപ്പോർട്ട് ലഭിച്ച ഉടൻ ഇൻസ്‌പെക്ടർമാർ സുരക്ഷാ ഏജൻസികളുടെ ഏകോപനത്തോടെ വസതി റെയ്ഡ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. നിയമ ലംഘകർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഇൻസ്‌പെക്ഷൻ ആൻഡ് കൺട്രോൾ ആക്ടിംഗ് ഡെപ്യൂട്ടി ജനറൽ ഡോ. സൗദ് അൽ ഹുദൈമി, അൽ ജലാൽ വ്യക്തമാക്കി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
നിയമ ലംഘകർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉപഭോക്തൃ ആരോഗ്യത്തിനോ ഭക്ഷ്യസുരക്ഷയ്‌ക്കോ ഉള്ള ഏതൊരു ഭീഷണിയെയും വെച്ചുപൊറുപ്പിക്കില്ലെന്നും പൊതുജനാരോഗ്യ സംരക്ഷണവും സുരക്ഷിതമായ ഭക്ഷ്യനിലവാരം ഉറപ്പാക്കലും അതോറിറ്റിയുടെ മുൻഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസ്ഥിരമായ കാലാവസ്ഥ; ഈയാഴ്ച അവസാനം കുവൈത്തില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
Rain in Kuwait കുവൈത്ത് സിറ്റി: വ്യാഴാഴ്ച മുതൽ രാജ്യത്ത് കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി അറിയിച്ചു. ഉപരിതല ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കാലാവസ്ഥയിൽ ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച മഴയുടെ ശക്തി വർദ്ധിക്കുകയും, ശനി വൈകുന്നേരവും ഞായറാഴ്ചയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശനിയാഴ്ച കാറ്റിന്റെ വേഗത മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ കടൽ തിരമാലകൾ 6 അടിയിലധികം ഉയർന്നേക്കാം. ഞായറാഴ്ച പുലർച്ചെ മുതൽ കാറ്റിന്റെ ദിശ മാറി വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. ഞായറാഴ്ച ശക്തമായ കാറ്റ് വീശുന്നതോടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. കടലിൽ തിരമാലകൾ 7 അടിയിലധികം ഉയർന്നേക്കാമെന്നതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. വ്യാഴം മുതൽ ഞായർ വരെ പരമാവധി താപനില 15 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞ താപനില 5 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. ഞായറാഴ്ച ഉച്ചയോടെ മഴയ്ക്കുള്ള സാധ്യത കുറയുമെങ്കിലും പൊടിക്കാറ്റും തണുത്ത കാറ്റും തുടരാനാണ് സാധ്യത. കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
ജഹ്‌റ കോർണിഷ് വികസനത്തിന് വഴിയൊരുങ്ങുന്നു; ദോഹയിലെ ചാലറ്റുകൾ നീക്കം ചെയ്യാനുള്ള തീരുമാനം കോടതി ശരിവെച്ചു
Chalets removal kuwait കുവൈത്ത് സിറ്റി: ജഹ്‌റ കോർണിഷ് വാട്ടർഫ്രണ്ട് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെസ്റ്റ് ദോഹയിലെ ചാലറ്റുകൾ നീക്കം ചെയ്യാനുള്ള കുവൈത്ത് മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിനെതിരെ ഉടമകൾ നൽകിയ ഹർജികൾ കോടതി തള്ളി. പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള സർക്കാരിന്റെ നടപടി നിയമപരമാണെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിഗത താൽപ്പര്യങ്ങളേക്കാൾ സമൂഹത്തിന്റെ പൊതുനന്മയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് മുനിസിപ്പാലിറ്റിക്ക് വേണ്ടി ഹാജരായ ഫവാസ് അൽ കന്ദരി വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. തർക്കത്തിലുള്ള ചാലറ്റുകൾ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. 1980-ലെ 105-ാം നമ്പർ നിയമപ്രകാരം, പൊതുതാൽപ്പര്യം ആവശ്യപ്പെടുമ്പോൾ ഇത്തരം ഭൂമിയിലെ ലൈസൻസുകൾ റദ്ദാക്കാൻ ഭരണകൂടത്തിന് അധികാരമുണ്ട്. ചാലറ്റ് ലൈസൻസ് കരാറുകളിൽ തന്നെ വ്യക്തമായ വ്യവസ്ഥകളുണ്ട്. പൊതു ആവശ്യങ്ങൾക്കായി ഭൂമി തിരിച്ചുചോദിക്കുമ്പോൾ നഷ്ടപരിഹാരം നൽകാതെ തന്നെ കരാർ റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ താൽപ്പര്യങ്ങളും പൊതു സ്വത്തുക്കളും സംരക്ഷിക്കാനും നിയന്ത്രിക്കാനും മന്ത്രിസഭയ്ക്കും മുനിസിപ്പാലിറ്റിക്കും പൂർണ്ണമായ അവകാശമുണ്ടെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ചാലറ്റുകൾ തടസ്സമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയത്. ഇതോടെ ജഹ്‌റ കോർണിഷ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകും.
വാഹനങ്ങളിലെ അമിത ശബ്ദം നിയന്ത്രിക്കാൻ കുവൈത്ത്; എക്‌സ്‌ഹോസ്റ്റ് അറ്റകുറ്റപ്പണിക്ക് ഇനി ഔദ്യോഗിക അനുമതി വേണം
Vehicle Permit Exhaust Repairs കുവൈത്ത് സിറ്റി: ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം നന്നാക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ഇനി മുതൽ ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഔദ്യോഗിക ‘റിപ്പയർ പെർമിറ്റ്’ ഉണ്ടെങ്കിൽ മാത്രമേ എക്‌സ്‌ഹോസ്റ്റ് അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കൂ. അനുവദനീയമായ പരിധിയിൽ കൂടുതൽ ശബ്ദമുണ്ടാക്കുന്നതോ സാങ്കേതിക മാനദണ്ഡങ്ങൾ ലംഘിക്കുന്നതോ ആയ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കുമാണ് ഇത്തരം റിപ്പയർ ഫോമുകൾ നൽകുക. ഈ പെർമിറ്റ് ലഭിച്ച ശേഷം മാത്രമേ അംഗീകൃത വർക്ക്‌ഷോപ്പുകളിലോ ഡീലർഷിപ്പുകളിലോ വാഹനം നന്നാക്കാൻ അനുവാദമുള്ളൂ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം വാഹനം വീണ്ടും ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ ഹാജരാക്കി പരിശോധന നടത്തണം. നിയമലംഘനം പരിഹരിച്ചുവെന്ന് ഉറപ്പാക്കിയാൽ മാത്രമേ തുടർന്ന് വാഹനം നിരത്തിലിറക്കാൻ അനുവദിക്കൂ. റോഡുകളിലെ ശബ്ദമലിനീകരണം കുറയ്ക്കാനും വാഹനങ്ങൾ സാങ്കേതിക നിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ പുതിയ മെക്കാനിസം ഉപകരിക്കും.
പോലീസിനെ കണ്ടയുടനെ ബാഗ് ദൂരത്തേക്ക് വലിച്ചെറിഞ്ഞു, പരിശോധനയില്‍ മാരകലഹരിമരുന്ന് കുവൈത്തിൽ പ്രവാസികള്‍ പിടിയിൽ
Drug Arrest kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഹസാവി പ്രദേശത്ത് വെച്ച് മാരക ലഹരിമരുന്നായ ക്രിസ്റ്റൽ മെത്തുമായി (മെത്താംഫെറ്റാമൈൻ) രണ്ട് അറബ് പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജലീബ് അൽ-ഷുയൂഖ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ പട്രോളിങിനിടെയാണ് ഇവർ പിടിയിലായത്. പോലീസ് പട്രോളിങ് സംഘത്തെ കണ്ടയുടൻ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് സംശയത്തിനിടയാക്കി. ഇവരെ പിന്തുടർന്ന് പിടികൂടിയപ്പോൾ, ഒരാൾ കൈവശമുണ്ടായിരുന്ന ബാഗ് ദൂരേക്ക് വലിച്ചെറിഞ്ഞു. പരിശോധനയിൽ ഈ ബാഗിൽ നിന്ന് എട്ട് പാക്കറ്റ് ക്രിസ്റ്റൽ മെത്ത് കണ്ടെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ, പ്രതികളിൽ ഒരാൾ മറ്റൊരാൾക്ക് ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സമ്മതിച്ചു. ഇവരെ ദേഹപരിശോധന നടത്തിയപ്പോൾ ലഹരിമരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കൂടുതൽ അളവ് ലഹരിവസ്തുക്കളും കണ്ടെത്തി. ഇരുവരും ലഹരിമരുന്നിന് അടിമകളാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതികളെയും തുടർനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.