TikTok Live ടിക് ടോക്കിൽ ലൈവ് സ്ട്രീമിംഗിനിടെ പരസ്യമായി അധിക്ഷേപിച്ചു; യുഎഇയിൽ യുവതിക്കെതിരെ നടപടി

TikTok Live അജ്മാൻ: ടിക് ടോക്കിൽ ലൈവ് സ്ട്രീമിംഗിനിടെ മറ്റൊരാളെ പരസ്യമായി അധിക്ഷേപിച്ച യുവതിക്കെതിരെ നടപടി. 36 വയസ്സുള്ള അറബ് യുവതിക്കാണ് ആറുമാസം തടവു ശിക്ഷയും നാടുകടത്തലും ലഭിച്ചത്. അജ്മാൻ ഫെഡറൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരാളുടെ വ്യക്തിത്വത്തെയോ സാമൂഹിക പദവിയെയോ മോശമായി ബാധിക്കുന്ന തരത്തിൽ ആശയവിനിമയം നടത്തുന്നത് കുറ്റകരമാണെന്ന് കാണിക്കുന്ന ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 427 (3) പ്രകാരമാണ് നടപടി.

പരാതിക്കാരിയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന തരത്തിലും അവരുടെ മാതാവിനെ അധിക്ഷേപിക്കുന്ന തരത്തിലുമുള്ള പരാമർശങ്ങളായിരുന്നു യുവതി നടത്തിയത്. തുടർന്നാണ് പരാതിക്കാരി യുവതിക്കെതിരെ രംഗത്തെത്തിയത്. ഈജിപ്ഷ്യൻ പ്രാദേശിക ഭാഷയിലുള്ള ഈ അധിക്ഷേപങ്ങൾ അങ്ങേയറ്റം അരോചകവും സാമൂഹിക മര്യാദകൾ ലംഘിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. തന്റെ തെറ്റിനെ ഇവർ ന്യായികരിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് തള്ളിക്കളയുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം മറ്റൊരാളെ അപകീർത്തിപ്പെടുത്താനുള്ള ലൈസൻസല്ലെന്ന താക്കീതാണ് ഈ കോടതി വിധി.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Actor Sreenivasan കോളേജ് കാലഘട്ടം മുതലുള്ള സൗഹൃദം; ശ്രീനിവാസന്റെ ഓർമ്മകളിൽ യുഎഇയിലെ പ്രവാസി കുടുംബം

Actor Sreenivasan ഷാർജ: സിനിമാ ലോകത്തിനുണ്ടായ തീരാനഷ്ടമാണ് നടൻ ശ്രീനിവാസന്റെ വിയോഗം. എന്നാൽ, സിനിമാ രംഗത്ത് മാത്രമല്ല അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഈ വേർപാട് തീരാദു:ഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. ശ്രീനിവാസനുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് യുഎഇയിലെ പ്രവാസി കുടുംബം. ഷാർജയിലെ പ്രവാസി മലയാളി പൂജ ജെൻസൺ ആണ് ശ്രീനിവാസനും തന്റെ പിതാവ് സിറിയക് ഫിലിപ്പും തമ്മിലുളള സൗഹൃദത്തിന്റെ കഥ പറയുന്നത്. തന്റെ അച്ഛനും ശ്രീനിവാസനും തമ്മിൽ കോളേജ് കാലഘട്ടിൽ തുടങ്ങിയ സൗഹൃദമായിരുന്നുവെന്നും അഞ്ച് പതിറ്റാണ്ടിലേറെയായി കുടുംബങ്ങൾ തമ്മിൽ വളരെ അടുപ്പത്തിലാണെന്നും പൂജ പറയുന്നു.

ശ്രീനിവാസന്റെ വിയോഗം സിനിമാ മേഖലയ്ക്ക് തീരാനഷ്ടമാണെന്നും എന്നാൽ, അദ്ദേഹത്തിന്റെ മരണം തങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി വലിയ നഷ്ടമാണെന്നും പൂജ വ്യക്തമാക്കി. ഈ വേർപാടിന്റെ ദു:ഖത്തിൽ നിന്നും കരകയറാൻ ശ്രമിക്കുകയാണെന്നും പൂജ പറഞ്ഞു.

1972-ൽ കണ്ണൂരിലെ മട്ടന്നൂരിലുള്ള പഴശ്ശി രാജ എൻഎസ്എസ് കോളേജിൽ വെച്ചാണ് ശ്രീനിവാസനുമായുള്ള സൗഹൃദം സിറിയക് ആരംഭിച്ചത്. കോളേജ് കാലഘട്ടം മുതൽ തന്നെ ശ്രീനി പ്രശ്‌സ്തനായിരുന്നുവെന്ന് സിറിയക് വ്യക്തമാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ മികച്ച നടനുള്ള പുരസ്‌കാര ജേതാവായിരുന്നു ശ്രീനി. കോളേജ് ആർട്‌സ് ക്ലബ് സെക്രട്ടറി എന്ന നിലയിലും ശ്രീനി പേരെടുത്തിരുന്നു. പഠനത്തിന് ശേഷം ശ്രീനി കോളേജ് ക്.ാമ്പസിൽ തിരിച്ചെത്തി കാന്റീൻ മാനേജർ കം ക്യാഷറായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് തങ്ങൾ പരിചയപ്പെട്ടത്. മാനന്തവാടിയിലെ തന്റെ വീട്ടിൽ വന്നും ശ്രീനിവാസൻ താമസിച്ചിട്ടുണ്ട്. പിന്നീട്, ശ്രീനിവാസൻ കുത്തുപറമ്പിലെ ഒരു പാരലൽ കോളേജിൽ പഠിപ്പിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ അച്ഛനും ചില സുഹൃത്തുക്കളും ഒരു ബസ് വാങ്ങി. അതിൽ അദ്ദേഹം ഇടയ്ക്കിടെ ജോലി ചെയ്തിരുന്നു. മദ്രാസ് ഫിംലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് പോകുന്നത് വരെയും തങ്ങൾക്കിടയിൽ ശക്തമായ സൗഹൃദം തുടർന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. ഒരു സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ശ്രീനിവാസൻ മാന്തവാടിയിലെത്തിയപ്പോഴായിരുന്നു ഈ കണ്ടുമുട്ടൽ. പിന്നീട് സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ലഭിച്ച് താൻ ബാംഗ്ലൂരിലേക്ക് പോയപ്പോൾ കുറച്ചുകാലം ശ്രീനിയുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. നാളുകൾക്ക് ശേഷം ശ്രീനിയ്ക്ക് താനൊരു കത്ത് അയച്ചു. ഈ കത്ത് അയച്ച് ഒന്നര മാസത്തിന് ശേഷം തനിക്ക് ഒരു ഫോൺ കോൾ ലഭിച്ചുവെന്നും അത് ശ്രീനിവാസനായിരുന്നുവെന്നും സിറിയക് പറയുന്നു.

കുടുംബത്തോടൊപ്പം പല തവണ ശ്രീനിവാസൻ സിറിയക്കിന്റെ വീട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട്. സിറിയക്കിന്റെ മകൾ പൂജയുടെ വിവാഹ നിശ്ചയത്തിനും ശ്രീനിവാസൻ പങ്കെടുത്തിരുന്നു. എന്നാൽ, ധ്യാൻ ശ്രീനിവാസന്റെ വിവാഹത്തിൽ പൂജയും സിറിയക്കും പങ്കെടുത്തിരുന്നു. 2023 ഓഗസ്റ്റ് മാസമാണ് സിറിയക്കും ശ്രീനിവാസനും അവസാനമായി തമ്മിൽ കണ്ടത്. ശ്രീനിവാസന്റെ വേർപാടിന്റെ വേദനയിലാണ് സിറിയക്കും കുടുംബവും. വേദനയോടെയാണെങ്കിലും അദ്ദേഹത്തോടൊപ്പമുള്ള നല്ല നിമിഷങ്ങളുടെ ഓർമ്മയിലാണ് ഇവർ. താൻ കണ്ടിട്ടുള്ളവരിൽ വെച്ച് ഏളിമയുള്ളതും ലളിത ജീവിതരീതിയുള്ളതുമായ വ്യക്തിയാണ് ശ്രിനിവാസനെന്നും ഇവർ കൂട്ടിച്ചേർത്തു.

New Airline Company കേരളത്തിൽ നിന്ന് പുതിയ വിമാന കമ്പനി; അൽഹിന്ദ് എയറിന് എൻഒസി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം

New Airline Company ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള പുതിയ വിമാനക്കമ്പനി വരുന്നു. അൽഹിന്ദ് എയർ എന്ന പുതിയ കമ്പനിയുടെ പ്രവർത്തനത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം എൻഒസി നൽകി. വ്യോമയാനമന്ത്രി അൽഹിന്ദിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ട്രാവൽ, ടൂറിസം രംഗത്തെ പ്രമുഖരായ അൽഹിന്ദ് ഗ്രൂപ്പിന്റേതാണ് വിമാന കമ്പനി. കൊച്ചി ഹബ് ആയി ആദ്യഘട്ടത്തിൽ എടിആർ വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് അൽഹിന്ദ് എയർ പദ്ധതിയിടുന്നത്. 3 എടിആർ വിമാനങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. കൂടുതൽ വിമാനങ്ങളെത്തുന്നതോടെ വിദേശ സർവീസുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു.

അതേസമയം, ‘ഫ്‌ലൈഎക്‌സ്പ്രസ്’ എന്ന പുതിയ കമ്പനിക്കും ഈ ആഴ്ച എൻഒസി നൽകിയതായി കേന്ദ്ര വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു വ്യക്തമാക്കി. നേരത്തെ എൻഒസി ലഭിച്ച ഉത്തർപ്രദേശ് കേന്ദ്രമായ ‘ശംഖ് എയർ’ അടുത്ത വർഷം പ്രവർത്തനം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Flash Sale മുൻനിര ബ്രാൻഡുകൾക്ക് 90 ശതമാനം വരെ കിഴിവ്; ദുബായിൽ വമ്പൻ ഫ്‌ളാഷ് സെയിൽ പ്രഖ്യാപിച്ചു

Flash Sale ദുബായ്: ദുബായിൽ വമ്പൻ ഫ്‌ളാഷ് സെയിൽ. ഡിസംബർ 26 വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ ദുബായ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും 12 മണിക്കൂർ നീണ്ടുനിൽക്കുന്ന അതിശയകരമായ ഓഫർ വിൽപ്പന പ്രയോജനപ്പെടുത്താം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഓഫർ. മജീദ് അൽ ഫുട്ടൈം മാളുകളിൽ ഉൾപ്പെടെ എല്ലാ ഷോപ്പിംഗിലും 100-ലധികം ബ്രാൻഡുകളിൽ 90 ശതമാനം വരെ കിഴിവുകൾ നേടാനുള്ള അവസരമാണുള്ളത്. മികച്ച ബോക്‌സിംഗ് ഡേ ഡീലുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ദുബായ് നിവാസികൾക്ക് കൈവന്നിരിക്കുന്നത്.

മാൾ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ഡെയ്റ, സിറ്റി സെന്റർ മെയ്സെം, സിറ്റി സെന്റർ അൽ ഷിന്ദഗ, മൈ സിറ്റി സെന്റർ അൽ ബർഷ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട മാളുകളിൽ 12 മണിക്കൂർ സെയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മികച്ച ഓഫറുകളാണ് ഈ സെയിലിൽ ലഭിക്കുക.

അഞ്ച് ആഴ്ച്ചയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുക. ഫാഷൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, കുട്ടികൾക്കുള്ള ഉത്പ്പന്നങ്ങൾ, ലൈഫ് സ്‌റ്റൈൽ തുടങ്ങി വിവിധ മേഖലകളിൽ ഉപഭോക്താക്കൾക്ക് വൻതോതിലുള്ള വിലക്കിഴിവുകൾ ആസ്വദിക്കാൻ കഴിയും. 2026 ഫെബ്രുവരി ഒന്ന് വരെയാണ് ഓഫർ കാലയളവ്.

Snow Fall യുഎഇയിൽ മഞ്ഞുവീഴ്ച ഉണ്ടാകുമോ? വിദഗ്ദ്ധൻ പറയുന്നത് ഇങ്ങനെ….

Snow Fall ദുബായ്: യുഎഇയിലുടനീളം ദിവസങ്ങളോളം നീണ്ടുനിന്ന അസ്ഥിരമായ കാലാവസ്ഥയ്ക്ക് ശേഷം പലരും രാജ്യത്ത് മഞ്ഞുവീഴ്ച്ച ഉണ്ടാകുമോയെന്ന ചോദ്യം ചോദിക്കുന്നുണ്ട്. നിരവധി പ്രദേശങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായതിന് പിന്നാലെയാണ് ജനങ്ങൾ ഈ ചോദ്യം ഉന്നയിച്ചത്. സൗദി അറേബ്യയിൽ നിന്നുള്ള അപൂർവമായ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് ഈ കൗതുകം ഉടലെടുത്തത്.

ഡിസംബർ 18 ന് സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ തണുത്ത വായുപ്രവാഹം മേഖലയിലേക്ക് നീങ്ങിയതിനെത്തുടർന്ന് മഞ്ഞുവീഴ്ചയുണ്ടായതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദിന്റെ വടക്ക് ഭാഗത്തുള്ള അൽ മജ്മ, അൽ ഘട്ട് എന്നിവിടങ്ങളിലും വടക്കുപടിഞ്ഞാറൻ ജബൽ അൽ ലോസ് പോലുള്ള ഉയർന്ന പ്രദേശങ്ങളിലും മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെയാണ് യുഎഇയിൽ മഞ്ഞുവീഴ്ച്ചയുണ്ടാകുമോയെന്ന ചോദ്യം ഉടലെടുത്തത്. മഞ്ഞുവീഴ്ചയ്ക്ക് വളരെ പ്രത്യേകമായ അന്തരീക്ഷ സാഹചര്യങ്ങൾ ആവശ്യമാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.

കഠിനമായ സാഹചര്യങ്ങളിൽ മാത്രമേ മഞ്ഞ് വീഴാൻ സാധ്യതയുള്ളൂ, പ്രധാനമായും ഉയർന്ന പ്രദേശങ്ങളിലും അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിലെ താപനില ഗണ്യമായി കുറയുമ്പോഴുമാണ് മഞ്ഞുവീഴ്ച്ച ഉണ്ടാകാൻ സാധ്യതയുള്ളത്. യുഎഇയിൽ ഇത് അസാധാരണമാണ്. യുഎഇയിൽ സാധാരണയായി ഉണ്ടാകുന്നത് ആലിപ്പഴ വർഷമാണ്.

അതേസമയം, നേരത്തെ യുഎഇ മഞ്ഞുവീഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2009 ജനുവരി 24 ന് റാസൽഖൈമയിലെ ജബൽ ജൈസിന്റെ ചില ഭാഗങ്ങൾ മഞ്ഞുമൂടിയതായിരുന്നു.

14K Gold ദുബായിലെ ജ്വല്ലറികളിൽ 14 കാരറ്റ് സ്വർണ്ണം ലഭ്യമാണോ? വാങ്ങുന്നവർ അറിയേണ്ട കാര്യങ്ങൾ….

14K Gold ദുബായ്: ദുബായിൽ 14 കാരറ്റ് സ്വർണ്ണത്തിന്റെ ഔദ്യോഗിക വില പ്രഖ്യാപിച്ചതോടെ വിപണിയിൽ പുതിയ ചർച്ചകൾ സജീവമാകുകയാണ്. 14 കാരറ്റ് സ്വർണ്ണം എവിടെ കിട്ടും, ഇത് വാങ്ങുന്നത് ലാഭകരമാണോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയാം. ദുബായിലെ ഒട്ടുമിക്ക ജ്വല്ലറികളിലും 14 കാരറ്റ് സ്വർണ്ണാഭരണങ്ങൾ റെഡിമെയ്ഡ് ആയി സ്റ്റോക്ക് ചെയ്യാറില്ല എന്നതാണ് വസ്തുത. എന്നാൽ, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഇവ നിർമ്മിച്ചു നൽകാൻ വ്യാപാരികൾ തയ്യാറാണ്. വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചുരുക്കം ചില ഷോപ്പുകളിൽ മാത്രമാണ് നിലവിൽ ഇവ നേരിട്ട് ലഭിക്കുന്നത്. ദുബായിൽ 14 കാരറ്റ് സ്വർണ്ണത്തിന് വലിയ പ്രചാരമില്ല. 18 കാരറ്റ്, 22 കാരറ്റ് സ്വർണ്ണത്തോടാണ് ദുബായ് നിവാസികൾക്ക് പ്രിയം കൂടുതൽ. കൗതുകത്തിനോ അലങ്കാര ആവശ്യങ്ങൾക്കോ വേണ്ടിയാണ് പലരും നിലവിൽ 14 കാരറ്റ് അന്വേഷിക്കുന്നതെന്നാണ് ഗോൾഡ് ആൻഡ് ജെംസ് ഗാലറി ഉടമ അസിം ദാമുദി വ്യക്തമാക്കുന്നത്.

ചിലർ 14 കാരറ്റ് സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നതിന്റെ കാരണം വർധിച്ചുവരുന്ന സ്വർണ്ണവിലയാണെന്ന് സൈബ ജ്വല്ലേഴ്‌സിലെ സുരേഷ് പറഞ്ഞു. 18, 22 കാരറ്റുകളെ അപേക്ഷിച്ച് 14 കാരറ്റ് സ്വർണ്ണം കൂടുതൽ കടുപ്പമുള്ളതാണ്. അതിനാൽ ആഭരണങ്ങൾ നിർമ്മിക്കാൻ കൂടുതൽ അധ്വാനവും കൃത്യതയും ആവശ്യമാണ്. ഇതിനാൽത്തന്നെ പണിക്കൂലിയും കൂടും. പണിക്കൂലി കൂടി ചേരുമ്പോൾ 14 കാരറ്റ് ആഭരണത്തിന്റെ അന്തിമ വില 18 കാരറ്റ് ആഭരണത്തിന് ഏതാണ്ട് തുല്യമായി മാറും. ഇത് ഉപഭോക്താവ് പ്രതീക്ഷിക്കുന്ന ലാഭം ഇല്ലാതാക്കും. ദുബായ് വിപണിയിൽ 14 കാരറ്റ് സ്വർണ്ണത്തിന് നിലവിൽ റീസെയിൽ വാല്യൂ കുറവാണ്. അതുകൊണ്ട് തന്നെ ഇതൊരു നിക്ഷേപമായി കാണാനും കഴിയില്ല. ഫാഷൻ ആവശ്യങ്ങൾക്കോ സ്ഥിരമല്ലാതെ ധരിക്കാനോ ഉള്ള ആഭരണങ്ങൾക്ക് 14 കാരറ്റ് അനുയോജ്യമായേക്കാം. എന്നാൽ ഭാവിയിൽ വിൽക്കുമ്പോൾ മികച്ച ലാഭം പ്രതീക്ഷിക്കുന്നവർ 18 കാരറ്റോ 22 കാരറ്റോ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നാണ് ജ്വല്ലറി വദഗ്ധർ വ്യക്തമാക്കുന്നത്.

Newyear Holiday യുഎഇയിലുള്ളവർ 2026 നെ സ്വാഗതം ചെയ്യുന്നത് 3 തരം അവധികളോടെ

Newyear Holiday ദുബായ്: 2026 നെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ നിവാസികൾ. പുതുവർഷത്തോടനുബന്ധിച്ച് ജനുവരി 1 ന് യുഎഇയിൽ ഔദ്യോഗിക പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ മേഖലയിലുള്ളവർക്കും അന്ന് അവധി ലഭിക്കും. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.

സർക്കാർ മേഖലയിലെ ജീവനക്കാർക്ക് പുതുവർഷം കൂടുതൽ ആഹ്ലാദകരമാകും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് അറിയിച്ചതനുസരിച്ച് ജനുവരി ഒന്നിന് ഫെഡറൽ സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കും. ജനുവരി രണ്ടിന് ഫെഡറൽ സർക്കാർ ജീവനക്കാർക്ക് റിമോട്ട് വർക്ക് (വർക്ക് ഫ്രം ഹോം) ദിനമായിരിക്കും. സ്വഭാവമനുസരിച്ച് ഓഫീസിൽ ഹാജരാകേണ്ട അത്യാവശ്യ റോളുകളിലുള്ളവർക്ക് മാത്രമായിരിക്കും ഈ റിമോട്ട് വർക്ക് ഇളവ് ബാധകമല്ലാത്തത്. മറ്റുള്ള ജീവനക്കാർക്ക് വ്യാഴം, വെള്ളി, ശനി, ഞായർ, എന്നിങ്ങനെ വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായ നാല് ദിവസം പുതുവത്സരാഘോഷത്തിനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും അവസരം ലഭിക്കും.

അതേസമയം, ആരോഗ്യമേഖല ഉൾപ്പെടെ അടിയന്തര സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പകരം മറ്റൊരു ദിവസം അവധി ലഭിക്കുന്നതാണ്. ആനുവൽ ലീവ്, കോംപൻസേറ്ററി ലീവ് തുടങ്ങിയവയും ജീവനക്കാർക്ക് പ്രയോജനപ്പെടുത്താം.

യുഎഇയിൽ പല കമ്പനികളും 25 (ക്രിസ്മസ്), 26 (ബോക്സിങ് ഡേ) തീയതികൾ അവധിയായി പ്രഖ്യാപിച്ചതോടെ ജീവനക്കാർക്ക് നീണ്ട വാരാന്ത്യം ആണ് ലഭിക്കുന്നത്. ഈ വർഷം ഈ ദിനങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ വരുന്നതിനാൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് വാർഷിക അവധിയിൽ നിന്നും കുറഞ്ഞ ദിവസങ്ങൾ മാത്രം ഉപയോഗിച്ച് കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കും. രാജ്യാന്തര നിലവാരമുള്ള തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് യുഎഇയിലെ സ്വകാര്യ കമ്പനികൾ ഇത്തരത്തിൽ അവധി നൽകുന്നത്.

UAE Weather യുഎഇ കാലാവസ്ഥാ; മഴയ്ക്ക് സാധ്യതയോ? പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്

UAE Weather അബുദാബി: ഡിസംബർ 25 മുതൽ 29 വരെ രാജ്യത്ത് പൊതുവെ സുഖകരവും മിതമായതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം. ദുർബലമായ ന്യൂനമർദ്ദം കടന്നുപോകുന്നതിനാൽ രാത്രിയിൽ കാലാവസ്ഥ തണുപ്പായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ചില സമയങ്ങളിൽ മഴ കനക്കും. തെക്ക് പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കടൽ പ്രക്ഷുബ്ധമാകാനുമിടയുണ്ട്. 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും അപ്‌ഡേറ്റുകൾ കൃത്യമായി ജനങ്ങളെ അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Domestic Worker Agency ഗുരുതര നിയമ ലംഘനങ്ങൾ; യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസിയ്ക്ക് കിട്ടിയത് മുട്ടൻ പണി

Domestic Worker Agency അജ്മാൻ: യുഎഇയിൽ ഗുരുതര നിയമ ലംഘനങ്ങൾ നടത്തിയ ഗാർഹിക ഏജൻസിക്കെതിരെ നടപടി. ഔദ് അൽ റീം ഏജൻസിക്കെതിരെയാണ് നടപടിയുണ്ടായത്. അജ്മാനിലെ ഗാർഹിക തൊഴിലാളി സേവനങ്ങൾക്കായുള്ള ഔദ് അൽ റീം ഏജൻസിയുടെ ലൈസൻസ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം റദ്ദാക്കി. ഭരണ, ഫീൽഡ് പരിശോധനാ റിപ്പോർട്ടുകൾ വഴി ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഗാർഹിക തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും അതിന്റെ നടപ്പാക്കൽ ചട്ടങ്ങളും അനുബന്ധ തീരുമാനങ്ങളും ഏജൻസി ലംഘിച്ചുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തുടർന്നാണ് ഏജൻസിക്കെതിരെ നിയമനടപടി സ്വീകരിച്ചത്. ലൈസൻസ് അസാധുവാക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയ ചട്ടങ്ങൾക്കനുസൃതമായി, ഏജൻസിയുടെ ഉടമസ്ഥർ അവരുടെ സ്‌പോൺസർഷിപ്പിന് കീഴിലുള്ള ഗാർഹിക തൊഴിലാളികളുടെ പദവി ക്രമീകരിക്കാനും, ലംഘനങ്ങളുടെ ഫലമായുണ്ടാകുന്ന എല്ലാ പിഴകളും തീർക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ഏതെങ്കിലും തരത്തിലുള്ള മോശം രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഈ മേഖലയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളുടെയും ഏജൻസികളുടെയും ഗാർഹിക തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം ഉയർത്തിക്കാട്ടി.

ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ലൈസൻസുള്ളതും അംഗീകൃതവുമായ റിക്രൂട്ട്മെന്റ് ഓഫീസുകൾ മാത്രമേ സേവനത്തിന് തെരഞ്ഞെടുക്കാവൂ. ലെസൻസില്ലാത്ത കക്ഷികളുമായി ഇടപഴകുന്നത് നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ആരോഗ്യ, സുരക്ഷാ അപകടങ്ങൾ സൃഷ്ടിച്ചേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യുഎഇയിലെ ഗാർഹിക തൊഴിലാളി സേവന വിപണി ഉയർന്ന ഭരണ നിലവാരത്തിനും മാനുഷിക തത്വങ്ങൾക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും തൊഴിൽ വിപണി സ്ഥിരതയ്ക്കും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും പിന്തുണ നൽകുന്നതിൽ റിക്രൂട്ട്മെന്റ് ഓഫീസുകൾ വഹിക്കുന്ന പങ്കിനെ പ്രശംസിക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Speed Limit യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു

Speed Limit റാസൽഖൈമ: റാസൽഖൈമയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു. 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്റർ ആയാണ് പരമാവധി വേഗപരിധി കുറച്ചത്. റോഡ് സുരക്ഷാ വർദ്ധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി. അപ്ലൈഡ് ടെക്‌നോളജി സ്‌കൂളുകൾ മുതൽ അൽ ഖറാൻ റൗണ്ട് എബൗട്ട് വരെ നീളുന്ന ശൈഖ് സഖർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ (ഇ18) ആണ് വേഗപരിധി 100 കിലോമീറ്റർ നിന്ന് 80 കിലോമീറ്റർ ആയി കുറച്ചത്. റാസൽഖൈമ പോലീസ് ജനറൽ കമാൻഡ് ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിയന്ത്രണം ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

റാസൽഖൈമയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ് ആണിത്. റാസൽഖൈമയെ യുഎഇയിലെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൽ പ്രതിദിനം വലിയ രീതിയിലുള്ള ഗതാഗതമാണ് നടക്കുന്നത്. കാൽനടക്കാരുടെയും വാഹനം ഓടിക്കുന്നവരുടെയും സംരക്ഷണം ഉറപ്പാക്കാൻ ഈ മേഖലകളിലെ വേഗപരിധി നിയന്ത്രണം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തിരക്കേറിയ ഇടനാഴികളിൽ വേഗപരിധി കുറയ്ക്കുന്നത് ഗുരുതരമായ റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ വാഹന യാത്രക്കാരും പുതിയ നിയന്ത്രണവുമായി സഹകരിക്കണമെന്ന് റാസൽഖൈമ പോലീസിന്റെ സെൻട്രൽ ഓപ്പറേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം നഖ്ബി അഭ്യർത്ഥിച്ചു. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി സ്പീഡ് ക്യാമറകളിലും മാറ്റം വരുത്തും. നിയമലംഘനം നടത്തുന്നവർക്ക് പിഴ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Safe City രാത്രിയിൽ ഭയമില്ലാതെ നടക്കാം; ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം ഇതാണ്….

Safe City അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി നേടി അബുദാബി. വിവിധ ആഗോള സൂചികകൾ നടത്തിയ സർവേയിലാണ് അബുദാബി നേട്ടം കരസ്ഥമാക്കിയത്. സിഇഒ വേൾഡ് മാഗസിൻ നടത്തിയ സർവേയിലാണ് അബുദാബി മുന്നിലെത്തിയത്. 300 ആഗോള നഗരങ്ങളുടെ പട്ടികയിൽ 97.73 സ്‌കോറാണ് അബുദാബി നേടിയത്.

പട്ടികയിൽ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത് തായ്‌പേയി (97.5), ദോഹ (97.35) തുടങ്ങിയ നഗരങ്ങളാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും രാത്രിയിൽ ഭയമില്ലാതെ നടക്കാൻ കഴിയുന്ന നഗരങ്ങളിലും ഏറ്റവും മുന്നിലുള്ളത് അബുദാബിയാണ്.

അതേസമയം, നമ്പിയോ സേഫ്റ്റി ഇൻഡക്‌സ് ലോകമെമ്പാടുമുള്ള 382 നഗരങ്ങളിൽ നടത്തിയ പഠനത്തിലും അബുദാബി മുന്നിലെത്തിയിരുന്നു. തുടർച്ചയായി ഒൻപതാം വർഷമാണ് ഈ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്ത് എത്തുന്നത്. ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ, അതിവേഗത്തിലുള്ള അടിയന്തര പ്രതികരണങ്ങൾ, കുറ്റകൃത്യങ്ങൾ നേരത്തെ തടയാനുള്ള മുൻകരുതൽ നടപടികൾ, രാഷ്ട്രീയ സ്ഥിരത, ആധുനിക അടിസ്ഥാന സൗകര്യം, കുടുംബ സൗഹൃദ അന്തരീക്ഷം തുടങ്ങി അബുദാബി പോലീസ് നടപ്പിലാക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഈ നേട്ടത്തിന് കാരണം. യുഎഇയിലെ ദുബായ്, അജ്മാൻ, റാസൽഖൈമ എന്നീ നഗരങ്ങളും ലോകത്തിലെ ആദ്യ 10 സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Indian Influencer യുഎഇ ഗോൾഡൻ വിസ ഉടമയായ പ്രമുഖ ഇന്ത്യൻ ഇൻഫ്‌ളുവൻസർ ഹോട്ടൽ മുറിയിൽ മരിച്ച സംഭവം; മരണകാരണം കേട്ട് ഞെട്ടിത്തരിച്ച് ആരാധകർ

Indian Influencer ദുബായ്: പ്രമുഖ ഇന്ത്യൻ ഇൻഫ്ളുവൻസർ ഹോട്ടൽ മുറിയിൽ മരിച്ച സംഭവത്തിൽ മരണകാരണം പുറത്ത്. പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്‌ലുവൻസറും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന അനുനയ് സൂദിന്റെ മരണകാരണമാണ് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമിത അളവിൽ ലഹരിമരുന്നും (ഫെന്റനൈൽ) മദ്യവും ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് ലാസ് വേഗസിലെ ക്ലർക്ക് കൗണ്ടി അധികൃതർ അറിയിച്ചു. പ്രമുഖ വാഹന നിർമാതാക്കളായ ഹോരാസിയോ പഗാനി, ക്രിസ്റ്റ്യൻ വോൺ കൊയിനിഗ്‌സെഗ് തുടങ്ങിയവർ പങ്കെടുത്ത ‘സ്ട്രിപ്പ് ഷട്ട്ഡൗൺ’ പരിപാടിയിൽ പങ്കെടുക്കാനാണ് അനുനയ് ലാസ് വേഗസിലെത്തിയത്.

മുറിയിൽ മൃതദേഹത്തോടൊപ്പം ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരണം അബദ്ധവശാൽ സംഭവിച്ചതാണെന്നാണ് ഔദ്യോഗിക നിഗമനം. നവംബർ നാലിനാണ് ലാസ് വേഗസ് സ്ട്രിപ്പിലെ വിൻ ഹോട്ടൽ മുറിയിൽ അനുനയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുഎഇ ഗോൾഡൻ വിസ ഉടമയായ അനുനയ് ഏറെക്കാലമായി ദുബായിലായിരുന്നു താമസം. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് അനുനയ്ക്കുള്ളത്.

Malayali Woman യുഎഇയിൽ മലയാളി വനിത നിര്യാതയായി

Malayali Woman ദുബായ്: യുഎഇയിൽ മലയാളി വനിത നിര്യാതയായി. ഫോർട്ട് കൊച്ചി സ്വദേശിനിയായ സുഹറാ താഹിറാണ് ദുബായിൽ മരിച്ചത്. 94 വയസ്സായിരുന്നു. പരേതനായ ഡോ. ടി.എ. മുഹമ്മദ് താഹിറിന്റെ ഭാര്യ യാണ് സുഹറാ.

ദുബായ് സോനപൂർ ഖബറസ്ഥനിൽ ഖബറടക്കി. മക്കൾ: സിയാവുദ്ധീൻ, യാസ്മിൻ, അമീൻ, അനസ്, ഫസീല, ആസാദ്, ഇക്ബാൽ. മരുമക്കൾ: ഫയറൂസ, അയിഷ, റഹിയ, ഷംന, ഷബ്‌നം, പരേതരായ റസാക്ക്, സലിം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group