Ramadan 2026; റമദാനിലേക്ക് ഇനി എത്ര നാൾ ? യുഎഇ ആകാശത്ത് റജബ് മാസപ്പിറവി ദൃശ്യമായി

Ramadan 2026; യുഎഇയിൽ ഹിജ്റ വർഷം 1447-ലെ റജബ് മാസപ്പിറവി ദൃശ്യമായി. ഇന്റർനാഷണൽ അസ്‌ട്രോണമി സെന്ററുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അബുദാബിയിലെ ഖത്തം അസ്‌ട്രോണമിക്കൽ ഒബ്സർവേറ്ററിയിലാണ് മാസപ്പിറവി ദൃശ്യമായത്. ശനിയാഴ്ച (ഡിസംബർ 20, 2025) യുഎഇ സമയം വൈകുന്നേരം 4:30-നാണ് ചന്ദ്രക്കല കാണപ്പെട്ടത്. സൂര്യനിൽ നിന്ന് 6.7 ഡിഗ്രി അകലെയായിരുന്നു ചന്ദ്രന്റെ സ്ഥാനം. ഇസ്ലാമിക കലണ്ടറിലെ ഏഴാമത്തെ മാസമാണ് റജബ്. റജബ് പിറക്കുന്നതോടെ വിശ്വാസികൾ പുണ്യമാസമായ റമദാനിലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. ഇസ്‌ലാമിലെ നാല് വിശുദ്ധ മാസങ്ങളിൽ ഒന്നുകൂടിയാണ് റജബ്. ഹിജ്റ കലണ്ടർ പ്രകാരം റജബ് കഴിഞ്ഞാൽ വരുന്നത് ശഅബാൻ മാസമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ശഅബാൻ പൂർത്തിയാകുന്നതോടെയാണ് വ്രതശുദ്ധിയുടെ നാളുകളുമായി റമദാൻ എത്തുന്നത്. കൃത്യമായ മാസപ്പിറവി അനുസരിച്ചായിരിക്കും റമദാൻ ആരംഭിക്കുന്ന തീയതി നിശ്ചയിക്കുകയെങ്കിലും, റജബ് മാസപ്പിറവി ദൃശ്യമായതോടെ റമദാനിലേക്ക് ഇനി ഏകദേശം രണ്ട് മാസത്തെ ദൂരം മാത്രമാണുള്ളതെന്ന് ഉറപ്പായി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മീയമായ ഒരു വലിയ യാത്രയുടെ തുടക്കമാണ് റജബ് മാസപ്പിറവിയോടെ ആരംഭിക്കുന്നത്.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Spice Jet സ്‌പൈസ് ജെറ്റ് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ്; സംഭവം ഇങ്ങനെ…

Spice Jet ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച് എയർഇന്ത്യ എക്‌സ്പ്രസ് പൈലറ്റ്. കൈക്കുഞ്ഞുമായി യാത്രചെയ്യുകയായിരുന്ന അങ്കിത് ദേവാൻ എന്ന യാത്രക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്യാപ്റ്റൻ വീരേന്ദർ എന്ന പൈലറ്റ് ആണ് ഇദ്ദേഹത്തെ ആക്രമിച്ചത്.

ഡൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലായിരുന്നു സംഭവം നടന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റായ ക്യാപ്റ്റൻ വീരേന്ദർ, ബോർഡിങ് ക്യൂ മറികടന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദനമുണ്ടായതെന്ന് അങ്കിത് ദേവാൻ ആരോപിക്കുന്നു. പൈലറ്റിന്റെ മർദനത്തെത്തുടർന്ന് തന്റെ മുഖത്ത് മുറിവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. മുഖത്തു നിന്ന് രക്തം ഒഴുകുന്ന ദൃശ്യം അങ്കിത് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് സാക്ഷിയാകേണ്ടി വന്ന ഏഴ് വയസ്സുകാരിയായ മകൾ ഇപ്പോഴും വലിയ മാനസികാഘാതത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്‌ട്രോളറുമായി എത്തിയതിനാൽ വിമാനത്താവള ജീവനക്കാരുടെ നിർദേശപ്രകാരമാണ് അങ്കിത് ദേവാനും കുടുംബവും സ്റ്റാഫ് സെക്യൂരിറ്റി ചെക്ക്-ഇൻ ലൈൻ ഉപയോഗിച്ചത്. എന്നാൽ ഈ വരിയിൽ അതിക്രമിച്ചു കയറിയ പൈലറ്റ്, അങ്കിതിനെ വിദ്യാഭ്യാസമില്ലാത്തവൻ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ബോർഡിലെ നിർദേശങ്ങൾ വായിക്കാൻ അറിയില്ലേ എന്ന് ചോദിച്ചു പരിഹസിക്കുകയും ചെയ്തു.

തുടർന്നുണ്ടായ തർക്കത്തിനിടെയാണ് പൈലറ്റ് അങ്കിത്തിന് നേരെ ആക്രമണം നടത്തിയത്. അതേസമയം, പൈലറ്റിനെ അന്വേഷണവിധേയമായി ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ജീവനക്കാർ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് തങ്ങൾക്ക് നിർബന്ധമുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

Rain in UAE യുഎഇയിൽ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്

Rain in UAE ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്നാണ് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി വ്യക്തമാക്കുന്നത്. ഉപരിതല ന്യൂനമർദ്ദത്തിന്റെ ഫലമായി ശനിയാഴ്ച മുതൽ രാജ്യത്ത് പരക്കെ മേഘാവൃതമായ അന്തരീക്ഷവും ശക്തമായ കാറ്റും മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. വടക്കൻ, കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

വാഹനമോടിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശിയടിക്കുമ്പോൾ പൊടിയും മണലും ഉയരാൻ സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച്ച കുറയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കാനും സുരക്ഷിത അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ നിർദ്ദേശിച്ചു.

AC Units വില്ലയിൽ നിന്നും എസി യൂണിറ്റുകൾ മോഷ്ടിച്ചു; യുവാവിന് വൻ തുക പിഴ വിധിച്ച് യുഎഇ കോടതി

AC Units ദുബായ്: ദുബായിലെ ഒരു വില്ലയിൽ നിന്നും എയർകണ്ടീഷനിംഗ് യൂണിറ്റുകൾ മോഷ്ടിച്ച യുവാവിന് വൻ തുക പിഴ വിധിച്ച് യുഎഇ കോടതി. ഒരു വർഷം തടവും 1,30,000 ദിർഹം പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം യുവാവിനെ നാടുകടത്താനും ദുബായ് കോടതി ഉത്തരവിട്ടു.

അൽ മുഹൈസ്ന പ്രദേശത്തുള്ള ഒരു വില്ലയിൽ നിന്ന് 18 എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ മോഷ്ടിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. വില്ലയുടെ ഉടമയായ ഗൾഫ് പൗരൻ തന്റെ വസ്തുവിൽ നിന്ന് എസി യൂണിറ്റുകൾ അപ്രത്യക്ഷമായതായി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

വാടക ചട്ടങ്ങൾ ലംഘിച്ച് പങ്കിട്ട താമസ സൗകര്യമായി ഉപയോഗിച്ചതിന് വില്ല അടച്ചുപൂട്ടാൻ അധികൃതർ തീരുമാനമെടുത്തതിനെ തുടർന്നാണ് താൻ വില്ല സന്ദർശിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. പ്രധാന കവാടത്തിന് കേടുപാടുകൾ സംഭവിച്ചതായി തനിക്ക് മനസിലായി.
വില്ലയുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന എല്ലാ എയർ കണ്ടീഷനിംഗ് യൂണിറ്റുകളും നീക്കം ചെയ്തതായി കണ്ടെത്തിയെന്നും തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും ഉടമ വ്യക്തമാക്കി.

ഫിംഗർപ്രിന്‌റുകൾ ഉൾപ്പെടെ പരിശോധിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ താൻ മോഷണം നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു.

Lowest Temperature തണുത്ത് വിറച്ച് യുഎഇ; ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഇവിടങ്ങളിൽ

Lowest Temperature ദുബായ്: തണുത്ത് വിറച്ച് യുഎഇ. രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിലാണ്. 3.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടെ രേഖപ്പെടുത്തിയ താപനിലയെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി വ്യക്തമാക്കി.

പ്രാദേശിക സമയം പുലർച്ചെ 12 മണിക്കാണ് റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ 3.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. രാജ്യത്തെ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ താപനിലയാണിതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

യുഎഇയിലെ കനത്ത മഴ; അടിയന്തര സേവനങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിക്കുന്നത് നൂറുക്കണക്കിന് വോളണ്ടിയർമാർ

Volunteers ദുബായ്: യുഎഇയിലെ കനത്ത മഴയിൽ അടിയന്തര സേവനങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിക്കുന്നത് നൂറുക്കണക്കിന് വോളണ്ടിയർമാർ. നിരീക്ഷണം നടത്തൽ, ടീമുകളെ തയ്യാറാക്കി നിർത്തൽ, ഒറ്റപ്പെട്ടു പോയ ആളുകളെ രക്ഷിക്കൽ, റോഡുകൾ വെള്ളക്കെട്ടായി മാറുകയും ദൈനംദിന ജീവിതം സ്തംഭിക്കുകയും ചെയ്യുമ്പോൾ ഇടപെടുക എന്നിവയാണ് ഈ വോളണ്ടിയർമാരുടെ ചുമതലകൾ.

2024 ഏപ്രിലിൽ യുഎഇയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയവരിൽ ഈ വോളണ്ടിയർമാരും ഉൾപ്പെടുന്നു. വാഹനങ്ങൾ സ്തംഭിക്കുകയും വെള്ളം കയറിയ റോഡുകളിലൂടെ യാത്രക്കാർ സഞ്ചരിക്കാൻ പാടുപെടുകയും ചെയ്തപ്പോൾ, മഴയെ മറികടന്ന് ടീമുകൾ വാഹനമോടിക്കുന്നവരെ സഹായിക്കുകയും, തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിൽ എത്താൻ സഹായിക്കുകയും, മണിക്കൂറുകളോളം ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.

30 വർഷത്തിലേറെയായി, മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്) ദുബായ് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു, കഠിനമായ കാലാവസ്ഥയിലെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുതൽ തൊഴിൽ നിയമന പിന്തുണ, ക്ഷേമ സംരംഭങ്ങൾ, കമ്മ്യൂണിറ്റി വികസന പരിപാടികൾ വരെയുള്ള പ്രവർത്തനങ്ങൾ ഇവർ നടത്തുന്നു.

ഷാർജയിലെയും ദുബായിലെയും വിവിധ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും യാത്രക്കാർക്കും തൊഴിലാളികൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. പൊതുജനങ്ങളെ സഹായിക്കാൻ ഏകദേശം 50 വോളണ്ടിയർമാരോളം രംഗത്തെത്തിയിരുന്നു.

BLS International പുതിയ കരാറുകളിൽ പങ്കെടുക്കാം; ബിഎൽഎസ് ഇന്റർനാഷണലിനെതിരായ കേന്ദ്രത്തിന്റെ വിലക്ക് നീക്കി കോടതി

BLS International ദുബായ്: വിസ, കോൺസുലാർ സേവന രംഗത്തെ പ്രമുഖരായ ബിഎൽഎസ് ഇന്റർനാഷനൽ സർവീസസ് ലിമിറ്റഡിന് ഇനി പുതിയ കരാറുകളിൽ പങ്കെടുക്കാം. ബിഎൽഎസ് ഇന്റർനാഷണലിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ഡൽഹി ഹൈക്കോടതി നീക്കി.

രണ്ടു വർഷത്തേക്ക് മന്ത്രാലയത്തിന്റെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെയാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പുതിയ കരാറുകളിൽ പങ്കെടുക്കാൻ കമ്പനിക്ക് വീണ്ടും യോഗ്യത ലഭിച്ചത്.

വിദേശകാര്യ മന്ത്രാലയം ബിഎൽഎസിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് കഴിഞ്ഞ ഒക്ടോബർ 11നായിരുന്നു. ഇതിനെതിരെ കമ്പനി കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. ഈ ഹർജിയിലാണ് അനുകൂല വിധി ഉണ്ടായത്. 2005-ലാണ് ബിഎൽഎസ് പ്രവർത്തനം ആരംഭിക്കുന്നത്. 64 രാജ്യങ്ങളിലായി 50,000ത്തിലേറെ കേന്ദ്രങ്ങൾ വഴി ബിഎൽഎസ് സേവനങ്ങൾ നൽകുന്നുണ്ട്.

ബിഎൽഎസാണ് 2011 മുതൽ യുഎഇയിൽ ഇന്ത്യൻ മിഷനുകൾക്കായി വിസ, പാസ്പോർട്ട് സേവനങ്ങൾ നൽകിവരുന്നത്. യുഎഇയിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, ഇ-വിസ സേവനങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്ന സ്ഥാപനമാണിത്. കുവൈത്ത്, ഒമാൻ, ഖത്തർ തുടങ്ങിയ ഇതര ഗൾഫ് രാജ്യങ്ങളിലും ബിഎൽഎസ് സേവനം ലഭ്യമാണ്.

Kidnapped വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി; ഐഫോണും ബാഗേജും കവർന്ന് അക്രമി സംഘം

കൊച്ചി: വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി അക്രമി സംഘം. ഇന്ന് രാവിലെയായിരുന്നു സംഭവം. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെയാണ് തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോയി കവർച്ച ചെയ്തത്. കാസർകോട് സ്വദേശി മുഹമ്മദ് ഷാഫിയ്ക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.

കയ്യിലുണ്ടായിരുന്ന ബാഗേജും ഐ ഫോണും കവർന്ന ശേഷം ഷാഫിയെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

Accident in UAE യുഎഇയിൽ വാഹനാപകടം; കനത്ത മഴയിൽ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്ക്

Accident in UAE ഫുജൈറ: യുഎഇയിൽ വാഹനാപകടം. കനത്ത മഴയ്ക്കിടെ വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ഫുജൈറയിലെ ശൈഖ് ഖലീഫ സ്ട്രീറ്റിലാണ് സംഭവം. അപകടത്തിൽ ഡ്രൈവർക്ക് നേരിയ പരിക്കേറ്റുവെന്നും ഇദ്ദേഹത്തെ ചികിത്സയ്ക്കായി ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയതായും ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി പറഞ്ഞു.

ഇന്ന് അനുഭവപ്പെട്ട കനത്ത മഴ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനും എമിറേറ്റിലുടനീളമുള്ള റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഫുജൈറ അധികൃതർ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയിൽ ഫുജൈറ പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രധാന റോഡുകളിലും അപകട സാധ്യതയുള്ള പ്രദേശങ്ങളിലും തങ്ങൾ ട്രാഫിക് പട്രോളിംഗ് വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യത്തിലും ഉടനടി പ്രതികരിക്കുന്നതിന് ടീമുകളെ നിരന്തരം സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ ഓപ്പറേഷൻസ് റൂം എല്ലാ റോഡുകളും തത്സമയം സജീവമായി നിരീക്ഷിക്കുകയും അപകടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴെല്ലാം വേഗത്തിലുള്ള ഇടപെടൽ ഏകോപിപ്പിക്കുകയും ചെയ്യുന്നു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വേഗത കുറച്ച് സുരക്ഷിതമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മഴക്കാലത്ത് റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

UAE Weather Alert യുഎഇ കാലാവസ്ഥ; അലേർട്ടുകൾ പ്രഖ്യാപിച്ചു

UAE Weather Alert ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ വിവിധ മേഖലകളിൽ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്.

യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. രാജ്യത്തെ താപനിലയിലും കുറവുണ്ടാകും. വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ഫെറി സർവീസുകൾ താൽകാലികമായി നിർത്തിവെച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. ഔദ്യോഗിക അപ്‌ഡേറ്റുകൾ നിരീക്ഷിക്കാനും ഇതര യാത്രാ ക്രമീകരണങ്ങൾ പരിഗണിക്കാനും യാത്രക്കാരോട് അതോറിറ്റി ആവശ്യപ്പെട്ടു.

അതേസമയം, അസ്ഥിരമായ കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കിദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെപ്രവർത്തനങ്ങൾ സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു. നിലവിൽ വിമാന സർവ്വീസുകൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നുണ്ട്.

Flights Cancelled യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും; വിമാനങ്ങൾ റദ്ദാക്കി, റോഡ് ഗതാഗതം തടസപ്പെട്ടു

Flights Cancelled ദുബായ്: യുഎഇയിൽ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയെ തുടർന്ന് ചില വിമാനങ്ങൾ റദ്ദാക്കി. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് തുടങ്ങിയവയുടെ സർവ്വീസുകളാണ് റദ്ദാക്കിയത്. യുഎഇയിലുടനീളം അസ്ഥിര കാലാവസ്ഥ തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഗതാഗത തടസം സൃഷ്ടിച്ചു. അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ താമസക്കാർ വീടിനുള്ളിൽ തന്നെ തുടരാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും യാത്ര പരിമിതപ്പെടുത്താനും അധികൃതർ അഭ്യർത്ഥിച്ചു.

വെള്ളക്കെട്ട് യാത്രാമാർഗ്ഗത്തെ ബാധിച്ചിട്ടുണ്ട്. ദുബായിലെ പല ഭാഗങ്ങളിലും രാത്രിയിൽ പെയ്ത മഴയെത്തുടർന്ന് തെരുവുകൾ വെള്ളത്തിനടിയിലായി. ദുബായിൽ നിന്ന് അജ്മാനിലേക്കും ഷാർജയിലേക്കുമുള്ള ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്

Heavy Rain UAE യുഎഇയിൽ കനത്ത മഴ; വാദികൾ നിറഞ്ഞൊഴുകി, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

Heavy Rain UAE ദുബായ്: യുഎഇയിൽ കനത്ത മഴ. ശക്തമായ മഴയിൽ വാദികൾ നിറഞ്ഞൊഴുകി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അൽ ഐൻ, തവിയിൻ, റാസൽ ഖൈമ, കിഴക്കൻ മേഖല തുടങ്ങിയവയുടെ ചില ഭാഗങ്ങളിൽ ഉൾപ്പെടെയുള്ള പർവത, താഴ്വര പ്രദേശങ്ങളിൽ ഗണ്യമായ ജലപ്രവാഹം അനുഭവപ്പെടുന്നു. റാസൽഖൈമയിലെ വാദി ബിഹ്, കിഴക്കൻ മേഖലയിലെ വാദി ഷുക എന്നിവിടങ്ങളിലെ വാദികൾ നിറഞ്ഞു കവിഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലൂടെയോ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലൂടെയോ യാത്ര ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ താമസക്കാരോടും സന്ദർശകരോടും ആവശ്യപ്പെട്ടു.

കനത്ത മഴയും നിറഞ്ഞൊഴുകുന്ന നീർച്ചാലുകളും വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകടങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ശനിയാഴ്ച്ചയും രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരും. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Stormy Weather യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും; മരങ്ങൾ കടപുഴകി വീണു, കാറുകൾക്ക് കേടുപാടുകൾ

Stormy Weather ദുബായ്: യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും. ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വീടുകളിലുൾപ്പെടെ വെള്ളം കയറി. റോഡുകളിൽ ഗതാഗത തടസപ്പെടുകയും ചെയ്തു. കടകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് പല വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയ്ക്ക് പുറമെ പലയിടങ്ങളിലും ആലിപ്പഴ വർഷവുണ്ടായി. റാസൽഖൈമയിൽ വ്യാഴാഴ്ച്ച മുതൽ തുടർച്ചയായി മഴ പെയ്യുകയാണ്. വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. പലരുടെയും കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരക്കൊമ്പുകളും ചില്ലകളും വീണ് ചില വാഹനങ്ങൾ തകർന്നു.

നടപ്പാതകളിൽ ഉൾപ്പെടെ മരച്ചില്ലകൾ ഒടിഞ്ഞുവീണു കിടന്നിരുന്നു. പാർക്കിംഗ് സ്ഥലങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണു. പല സ്ഥലങ്ങളിലും ശക്തമായ ഇടിമിന്നലുമുണ്ടായി. അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ റാസൽഖൈമ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അരുവികളിൽ നിന്നും ജലാശയങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Digital Transactions പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ നടത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടിയേക്കാം….

Digital Transactions ദുബായ്: ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടിയേക്കാം. ഒരു നിമിഷത്തെ അശ്രദ്ധ വലിയ ചതിക്കുഴിയാകുമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ആപ്പ് വഴി നാട്ടിലേക്ക് പണമയച്ച ഇന്ത്യക്കാരനായ പ്രവാസി യുവാവിന് 4,600 ദിർഹം (ഏകദേശം ഒരു ലക്ഷത്തിലധികം രൂപ) ആണ് നഷ്ടമായത്. അക്കൗണ്ടിൽ നിന്ന് പണം കുറഞ്ഞെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതോടെയാണ് തട്ടിപ്പിനെ കുറിച്ച് ബോധ്യമായത്. റെമിറ്റൻസ് ആപ്പ് വഴിയാണ് യുവാവ് പണമയച്ചത്. നവംബർ മാസം ആവസാനമായിരുന്നു സംഭവം. മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെട്ടു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ ആപ്പിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

റീഫണ്ട് നൽകാനോ പണം എവിടെയെന്ന് വ്യക്തമാക്കാനോ അധികൃതർ തയ്യാറാകാത്തത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. എക്‌സ്‌ചേഞ്ച് നിരക്കുകൾ വാഗ്ദാനം ചെയ്താണ് പല ആപ്പുകളും ഉപയോക്താക്കളെ വലയിലാക്കുന്നത്. യുഎഇ സെൻട്രൽ ബാങ്കിന്റെ ലൈസൻസില്ലാതെയാണ് പല ആപ്പുകളുടെയും പ്രവർത്തനം. ബാങ്കുകളോ ലൈസൻസുള്ള എക്‌സ്‌ചേഞ്ച് ഹൗസുകളോ നൽകുന്നതിനേക്കാൾ ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ ആദ്യ സൂചനയാണെന്ന് വിദഗ്ധർ പറയുന്നു. പണമയച്ചു കഴിഞ്ഞാൽ ‘പ്രോസസിങ് ഫീ’, ‘കസ്റ്റംസ് ചാർജ്’ എന്നിങ്ങനെ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ സ്ഥിരം രീതി. ‘ഓഫർ ഇപ്പോൾ തീരും’, ‘അക്കൗണ്ട് ബ്ലോക്ക് ചെയ്യും’ എന്നിങ്ങനെ പറഞ്ഞും ഉപഭോക്തക്കളിൽ നിന്നും പണം തട്ടിയെടുക്കാറുണ്ട്.

ഇത്തരം ചതിയിൽപ്പെട്ടാൽ ഒട്ടും വൈകാതെ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നൽകുന്ന നിർദ്ദേശം. പണം അയച്ച ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് ട്രാൻസാക്ഷൻ മരവിപ്പിക്കാൻ ആവശ്യപ്പെടുക. രാജ്യാന്തര ട്രാൻസ്ഫർ ആണെങ്കിൽ ‘സ്വിഫ്റ്റ് റീ കോൾ(SWIFT Recall)’ ആവശ്യപ്പെടാം. ഇടപാടിന്റെ റെസീപ്റ്റുകൾ, സ്‌ക്രീൻഷോട്ടുകൾ, ഇമെയിലുകൾ എന്നിവ കൃത്യമായി സൂക്ഷിക്കണം. ദുബായിൽ eCrime.ae വഴിയോ അബുദാബിയിൽ അമൻ സർവീസ്(Aman Service) വഴിയോ പരാതി നൽകണം. ഫെഡറൽ തലത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് വഴിയും പരാതി നൽകാൻ കഴിയും.

Remote Working അസ്ഥിര കാലാവസ്ഥ; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം, നിർദ്ദേശവുമായി അധികൃതർ

Remote Working ദുബായ്: രാജ്യത്ത് അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച്ച സ്വകാര്യ മേഖലാ ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് അനുവദിക്കണമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്തുടനീളം അനുഭവപ്പെടുന്ന കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് നടപടി. രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യമേഖല സ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ തൊഴിൽ ആരോഗ്യ-സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ അപ്‌ഡേറ്റുകൾ സംബന്ധിച്ച് ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

വെള്ളിയാഴ്ച്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇടിമിന്നലിനും ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ട്. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊതു പാർക്കുകളും ബീച്ചുകളും മറ്റ് തുറസ്സായ സ്ഥലങ്ങളും താൽക്കാലികമായി അടച്ചിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉത്തരവിട്ടു.

Big Ticket ഭാഗ്യദേവത കടാക്ഷിച്ചു; ബിഗ് ടിക്കറ്റിലൂടെ യുഎഇയിലെ മലയാളി നഴ്‌സിന് ലക്ഷങ്ങളുടെ സമ്മാനം

Big Ticket അബുദാബി: ബിഗ് ടിക്കറ്റിലൂടെ യുഎഇയിലെ മലയാളി നഴ്സിന് ലക്ഷങ്ങളുടെ സമ്മാനം. അജ്മാനിലെ മലയാളി നഴ്‌സ് ടിന്റു ജെസ്മോനെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) ആണ് ടിന്റുവിന് സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്കറ്റ് സീരീസ് 281-ലാണ് ടിന്റുവിന് ഭാഗ്യം തുണയായത്.

കഴിഞ്ഞ 15 വർഷമായി ടിന്റു യുഎഇയിലാണ്. തന്റെ പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ടിന്റു നവംബർ 30-ന് 522882 എന്ന നമ്പറിലുള്ള ടിക്കറ്റ് എടുത്തത്. സുഹൃത്തുക്കളിലൂടെയാണ് ടിന്റു ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. അഞ്ചു വർഷം മുൻപാണ് ടിന്റു ആദ്യമായി ഭാഗ്യം പരീക്ഷണം നടത്തിയത്. പല തവണ നിരാശയായിരുന്നു ഫലം. എന്നാൽ പ്രതീക്ഷയോടെ ടിന്റു വീണ്ടും ശ്രമം തുടർന്നു. ഒടുവിൽ ഭാഗ്യം ടിന്റുവിനെ തുണച്ചു.

ലഭിച്ച തുക ടിക്കറ്റെടുക്കാൻ കൂടെയുണ്ടായിരുന്ന പത്തു സുഹൃത്തുക്കൾക്കുമായി തുല്യമായി വീതിച്ചു നൽകുമെന്നാണ് ടിന്റു വ്യക്തമാക്കുന്നത്. തുടർന്നും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണങ്ങളിൽ പങ്കാളിയാകുമെന്നും വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകളിലും ഇതേ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും ഇവർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group