Illegal Parking ആശുപത്രി പരിസരങ്ങളിൽ അനധികൃത പാർക്കിംഗ്; ഒരു ദിവസത്തിനിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂവായിരത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ

Illegal Parking കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനായി കർശന പരിശോധനയുമായി കുവൈത്ത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ പരിശോധനയിൽ മൂവായിരത്തിലധികം നിയമലംഘനങ്ങളാണ് ഒരു ദിവസത്തിനിടെ രേഖപ്പെടുത്തിയത്. 3,206 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 47 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ സേകുകൾ റിപ്പോർട്ട് ചെയ്തത് ആശുപത്രി പരിസരങ്ങളിലെ അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ടാണ്. 322 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.

ആശുപത്രി കവാടങ്ങളിലും നടപ്പാതകളിലും വാഹനം പാർക്ക് ചെയ്യുന്നത് അടിയന്തര ചികിത്സാ സേവനങ്ങളെയും ആംബുലൻസുകളുടെ നീക്കത്തെയും തടസ്സപ്പെടുത്തുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാഫിക് പോലീസ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. നിരോധിത മേഖലകളിൽ വാഹനം പാർക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിച്ചവർക്കെതിരെയാണ് ഭൂരിഭാഗം നടപടികളും സ്വീകരിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Overtime Work ആരോഗ്യ മേഖലയിലെ ഓവർടൈം നിബന്ധനകളിൽ മാറ്റം; പുതിയ സർക്കുലർ പുറപ്പെടുവിച്ചു

Overtime Work കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിലെ ഓവർടൈം നിബന്ധനകളിൽ മാറ്റം. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികൾ, പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഭരണവിഭാഗങ്ങൾ എന്നിവിടങ്ങളിൽ ഓവർടൈം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പരിഷ്‌കരിച്ചു. പുതിയ സാമ്പത്തിക വർഷത്തെ ബജറ്റിന് അനുസൃതമായി സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം പുതിയ അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറപ്പെടുവിച്ചത്. 2026 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെ പുതുക്കിയ ഓവർടൈം ഉത്തരവുകൾ പ്രാബല്യത്തിലുണ്ടാകും.

സാമ്പത്തികവും ഭരണപരവുമായ സ്ഥിരത നിലനിർത്തുന്നതിന് വേണ്ടി ഒരു സാമ്പത്തിക വർഷത്തിൽ ഒരു തവണ മാത്രമേ ഓവർടൈം സംബന്ധിച്ച തീരുമാനങ്ങൾ പുറപ്പെടുവിക്കുകയുള്ളൂ. എല്ലാ വകുപ്പുകളും തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പട്ടിക 2026 മാർച്ച് 1-ന് മുൻപായി സമർപ്പിക്കണം. ഓവർടൈം അപേക്ഷകൾ അംഗീകരിക്കുന്നതിനും മറ്റ് നടപടികൾക്കുമായി ‘Enjaz’ (എൻജാസ്) ആപ്ലിക്കേഷൻ നിർബന്ധമാക്കി.

അപേക്ഷകൾ ക്രമമായും എല്ലാ ഡാറ്റയും ഉൾപ്പെടുത്തിയും സമർപ്പിക്കണം. സുതാര്യത വർദ്ധിപ്പിക്കുക, ഓവർടൈം പേയ്മെന്റുകൾ കൃത്യമായ സാമ്പത്തിക ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നടപടി.

Certificate Verification സർട്ടിഫിക്കറ്റ് പരിശോധന; സഹേൽ നോട്ടിഫിക്കേഷൻ അവഗണിക്കരുതെന്ന് കുവൈത്ത്, പ്രവാസികൾക്കും സ്വദേശികൾക്കും ബാധകം

Certificate Verification സർട്ടിഫിക്കറ്റ് പരിശോധന; സഹേൽ നോട്ടിഫിക്കേഷൻ അവഗണിക്കരുതെന്ന് കുവൈത്ത്, പ്രവാസികൾക്കും സ്വദേശികൾക്കും ബാധകംകുവൈത്ത് സിറ്റി: സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി കുവൈത്ത്. അക്കാദമിക് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, ഓരോ ജീവനക്കാരനും തങ്ങളുടെ വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കേണ്ടതുണ്ട്. ഏകീകൃത സർക്കാർ ആപ്പായ ‘സഹേൽ’ വഴി ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ അനുസരിച്ചാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതെന്ന് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി നർജിസ് അബ്ദുൾറസൂൽ അറിയിച്ചു. സിവിൽ സർവീസ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഈ പരിശോധന സ്വദേശികൾക്കും വിദേശികൾക്കും, സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ബാധകമാണ്. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുക, വിദ്യാഭ്യാസ യോഗ്യതകളുടെ കൃത്യത ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപടി. യോഗ്യതകൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് തൊഴിൽ ആനുകൂല്യങ്ങളെയും സാമ്പത്തിക ആനുകൂല്യങ്ങളെയും ബാധിക്കും.

‘സഹേൽ’ ആപ്പിലൂടെ ഓരോ ജീവനക്കാരനും ലഭിക്കുന്ന ലിങ്ക് അല്ലെങ്കിൽ അറിയിപ്പ് വഴിയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. വിദേശത്ത് നിന്ന് ബിരുദം നേടിയവർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സഹേൽ ആപ്പിലെ ഇക്വിവാലൻസി സേവനം വഴിയോ നടപടികൾ പൂർത്തിയാക്കണം. ഓരോ ജീവനക്കാരനും ലഭിക്കുന്ന അറിയിപ്പിൽ കൃത്യമായ സമയപരിധി രേഖപ്പെടുത്തിയിരിക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്ക് 5 വർഷം വരെ തടവും 5,000 ദിനാർ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Ramadan Inspection റമദാൻ; പരിശോധന കടുപ്പിച്ച് കുവൈത്ത്, 48 സ്‌ക്രാപ്പ് യാർഡുകൾ അടപ്പിച്ചു

Ramadan Inspection കുവൈത്ത് സിറ്റി: റമദാൻ മാസത്തിന് മുന്നോടിയായി പരിശോധന കടുപ്പിച്ച് കുവൈത്ത്. വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ സൗത്ത് അംഘരയിലെ 48 സ്‌ക്രാപ്പ് യാർഡുകൾ അടപ്പിച്ചു. നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് നൽകിയ സാവകാശത്തിന് ശേഷവും ക്രമക്കേടുകൾ പരിഹരിക്കാത്തതിനാലാണ് സ്‌ക്രാപ്പ് യാർഡുകൾ അടപ്പിച്ചത്. വാണിജ്യ മന്ത്രി ഒസാമ ബൂദായിയുടെ നിർദ്ദേശപ്രകാരം, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമായി വിപണികളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

അംഘരയിലെ സ്‌ക്രാപ്പ് യാർഡുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അവ അടച്ചുപൂട്ടാൻ എമർജൻസി ടീമുകൾ നടപടി സ്വീകരിച്ചതായി കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അറിയിച്ചു. സെൻട്രൽ മാർക്കറ്റുകൾ, കശാപ്പുശാലകൾ, ചിക്കൻ വിൽപന കേന്ദ്രങ്ങൾ, ഈന്തപ്പഴം ഷോപ്പുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും ഉൽപ്പന്നങ്ങൾക്ക് തൂക്കം കുറഞ്ഞതായും കണ്ടെത്തി.

റമദാൻ കിറ്റുകളും മറ്റ് അവശ്യസാധനങ്ങളും വിൽക്കുന്ന ഔട്ട്ലെറ്റുകളിൽ തൂക്കത്തിലും വിലയിലും കൃത്രിമം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക നിരീക്ഷണം നടത്തി. കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ നിലവിലുള്ള നിയമപ്രകാരം ഉടനടി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റമദാൻ മാസം മുഴുവൻ വിപണിയിൽ മന്ത്രാലയത്തിന്റെ കർശന മേൽനോട്ടം തുടരുമെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Dermatology Clinic ഡെർമറ്റോളജി ക്ലിനിക്കിന്റെ മറവിൽ രഹസ്യ ശസ്ത്രക്രിയകൾ; കുവൈത്തിൽ മിന്നൽ റെയ്ഡ്, നിരവധി പേർ അറസ്റ്റിൽ

Dermatology Clinic കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെർമറ്റോളജി ക്ലിനിക്കിന്റെ മറവിൽ രഹസ്യ ശസ്ത്രക്രിയകൾ ഉൾപ്പെടെ നടത്തിയ ചികിത്സാ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്. കുവൈത്തിലെ ഹവല്ലി പ്രദേശത്താണ് ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. ഡെർമറ്റോളജി ക്ലിനിക്കിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ചികിത്സാ കേന്ദ്രത്തിൽ അധികൃതർ നടത്തിയ സംയുക്ത പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിലായി. പ്രവാസികളാണ് അറസ്റ്റിലായത്.

ചർമ്മരോഗ ചികിത്സയ്ക്ക് മാത്രം അനുമതിയുള്ള സ്ഥാപനത്തിൽ പ്രസവചികിത്സ, ദന്തചികിത്സ, മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ തുടങ്ങിയ സേവനങ്ങൾ അനുമതിയില്ലാതെ നൽകിയതായി പരിശോധനയിൽ കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങിയവയിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മൂന്ന് വ്യത്യസ്ത ക്ലിനിക്കുകൾ പ്രവർത്തിച്ചിരുന്നുവെന്നും, താഴത്തെ നിലയിൽ രഹസ്യമായി മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെ ചികിത്സ നൽകിയിരുന്ന പ്രവാസി ജീവനക്കാരെ അറസ്റ്റ് ചെയ്തായി അധികൃതർ അറിയിച്ചു. അനുമതിയില്ലാതെ മെഡിക്കൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Sheikh Jaber Bridge യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശൈഖ് ജാബർ പാലം താത്ക്കാലികമായി അടച്ചിടുമെന്ന് കുവൈത്ത് ട്രാഫിക് വിഭാഗം

Sheikh Jaber Bridge കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബർ പാലം താത്ക്കാലികമായി അടച്ചിടും. കായിക ദിനത്തോടനുബന്ധിച്ച് ശൈഖ് ജാബർ അൽ-അഹ്‌മദ് പാലം ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ഫെബ്രുവരി 13 വെള്ളിയാഴ്ച അർദ്ധരാത്രി 12:00 മണിക്ക് ഷുവൈഖ് തുറമുഖത്ത് നിന്ന് സുബിയയിലേക്കുള്ള അടച്ചിടൽ ആരംഭിച്ച് ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചയ്ക്ക് 1:00 മണി വരെ തുടരുമെന്ന് വകുപ്പ് അറിയിച്ചു.

അതേസമയം, ഫെബ്രുവരി 14 ശനിയാഴ്ച പുലർച്ചെ 3:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ സുബിയയിൽ നിന്ന് ഷുവൈഖ് തുറമുഖത്തേക്കുള്ള ഗതാഗതം നിർത്തിവയ്ക്കും. അടച്ചിടൽ കാലയളവിൽ വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോഗിക്കണമെന്നും സുഗമമായ ചലനത്തിനും പൊതു സുരക്ഷയ്ക്കും അധികാരികൾ നൽകുന്ന ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശിക്കുന്നു.

കുവൈത്ത് കായിക ദിന പ്രവർത്തനങ്ങളുടെ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ താൽക്കാലിക നടപടി.

Expatriate Malayali Death ഹൃദയാഘാതം; കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി

Expatriate Malayali Death കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. കല്ലൂപ്പാറ പിച്ചകപ്പള്ളിൽ അനൂപ് കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കല്ലൂപ്പാറ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ അനിൽ കുമാർ പിച്ചകപ്പള്ളിയുടെ സഹോദരനാണ് അനൂപ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്: കുവൈത്തിൽ കേണലിനും പ്രവാസികൾക്കും ശിക്ഷ വിധിച്ചു

Kuwait driving license fraud കുവൈത്ത് സിറ്റി: ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ കേണലിനും എട്ട് പ്രവാസികൾക്കും തടവുശിക്ഷ വിധിച്ച് കുവൈത്ത് പരമോന്നത കോടതിയായ കോർട്ട് ഓഫ് കസേഷൻ. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനും ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയതിനുമാണ് ശിക്ഷ. കീഴ്കോടതികളുടെയും അപ്പീൽ കോടതിയുടെയും വിധി പരമോന്നത കോടതി ശരിവെക്കുകയായിരുന്നു. ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥന് നാല് വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ വ്യാജമായി ചമച്ചതിനാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. കേസിൽ ഉൾപ്പെട്ട എട്ട് പ്രവാസികൾക്കും നാല് വർഷം വീതം കഠിനതടവ് വിധിച്ചു. ഇതിന് പുറമെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് നിയമവിരുദ്ധമായി ഡ്രൈവിംഗ് ലൈസൻസ് സംഘടിപ്പിച്ചു നൽകുന്നതിനായി ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയതിനാണ് പ്രവാസികൾ പിടിയിലായത്. രേഖകളിൽ കൃത്രിമം കാണിച്ചും ചട്ടങ്ങൾ ലംഘിച്ചും ലൈസൻസുകൾ അനുവദിക്കാൻ ഇവർ ഉദ്യോഗസ്ഥനെ സ്വാധീനിക്കുകയായിരുന്നു.

വികസിത് ഭാരത് 2047: ഇന്ത്യ-കുവൈത്ത് സംവാദ പരമ്പരയ്ക്ക് കുവൈത്തിൽ തുടക്കമായി

Viksit Bharat 2047 കുവൈത്ത് സിറ്റി: 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വികസിത് ഭാരത് 2047: ഇന്ത്യ-കുവൈത്ത് സംവാദം’ (പദ്ധതിക്ക് കുവൈത്തിലെ ഇന്ത്യൻ എംബസി തുടക്കം കുറിച്ചു. ഫെബ്രുവരി 12-ന് കുവൈത്തിലെ സെന്റ് റീജിസ് ഹോട്ടലിലായിരുന്നു ഉദ്ഘാടന ചടങ്ങ്. “ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ സുസ്ഥിര വളർച്ച” എന്ന വിഷയത്തിലായിരുന്നു ആദ്യ ചർച്ച നടന്നത്. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) കുവൈത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശിവ് നാടാർ സർവകലാശാലാ ഡീൻ ഡോ. രജത് കതുരിയ മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക വിദഗ്ധർ, ബിസിനസ് പ്രമുഖർ, നിക്ഷേപകർ, നയതന്ത്രജ്ഞർ തുടങ്ങി നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യ കൈവരിക്കുന്ന സുസ്ഥിരമായ ജിഡിപി വളർച്ചയെയും വർദ്ധിച്ചുവരുന്ന അടിസ്ഥാന സൗകര്യ വികസനത്തെയും ഡോ. കതുരിയ എടുത്തുപറഞ്ഞു. ഇന്ത്യയുടെ 2026-ലെ കേന്ദ്ര ബജറ്റ് വിദേശ നിക്ഷേപങ്ങൾക്ക്, പ്രത്യേകിച്ച് കുവൈത്തിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് പുതിയ വാതിലുകൾ തുറക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യയുടെ ‘വികസിത് ഭാരത് 2047’-ഉം കുവൈത്തിന്റെ ‘വിഷൻ 2035’-ഉം തമ്മിലുള്ള സാമ്യം ഇരുരാജ്യങ്ങൾക്കും സഹകരിക്കാനുള്ള വലിയ അവസരങ്ങളാണ് ഒരുക്കുന്നതെന്ന് ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ പങ്കാളിത്തങ്ങൾ കണ്ടെത്തുന്നതിനുമായി വരും മാസങ്ങളിലും ഈ സംവാദ പരമ്പര തുടരും.

ചോളച്ചാക്കുകളിൽ ഒളിപ്പിച്ച് കാപ്റ്റഗൺ ഗുളികകൾ, പിടികൂടിയത് 1.4 കോടി ലഹരിമരുന്ന്; അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം അറസ്റ്റില്‍

pills sezie ദുബായ്: അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയെ തകർത്ത് വൻതോതിൽ കാപ്റ്റഗൺ ഗുളികകൾ ദുബായ് പൊലീസ് പിടികൂടി. കുവൈത്തിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെ 1.4 കോടിയിലധികം (1,40,62,500) കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. അഞ്ച് കണ്ടെയ്‌നറുകളിലായി എത്തിയ ചോളച്ചാക്കുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പരിശോധനകൾ വെട്ടിക്കാനായി വളരെ സങ്കീർണ്ണമായ രീതിയിലായിരുന്നു ലഹരിമരുന്ന് പാക്ക് ചെയ്തിരുന്നത്. ഏകദേശം രണ്ട് ടണ്ണിലധികം (2,250 കിലോഗ്രാം) ഭാരമുള്ള 1,40,62,500 കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിൽ മൂന്ന് അറബ് വംശജരെ പൊലീസ് പിടികൂടി.  മറ്റൊരു അറബ് രാജ്യത്തെ തുറമുഖം വഴിയാണ് ലഹരിമരുന്ന് എത്തിയത്. ചോളച്ചാക്കുകൾ ഗോഡൗണിലേക്ക് മാറ്റുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ കൈയോടെ പിടികൂടിയത്. നാഷണൽ ആന്റി നാർക്കോട്ടിക് ബ്യൂറോ ചെയർമാൻ ഷെയ്ഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ, ദുബായ്-കുവൈത്ത് പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കൃത്യമായ വിവരക്കൈമാറ്റവും ഉദ്യോഗസ്ഥരുടെ ജാഗ്രതയുമാണ് അന്താരാഷ്ട്ര ലഹരി ശൃംഖലയെ തകർക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കടത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും സംഘടിത കുറ്റകൃത്യങ്ങളെ അടിച്ചമർത്തുമെന്നും അധികൃതർ ആവർത്തിച്ചു.

കുവൈത്തിൽ മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യത; ശനിയാഴ്ച മുതൽ താപനില ഉയരും

Kuwait Weather കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും ശനിയാഴ്ച മുതൽ ചൂട് വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉപരിതല ന്യൂനമർദ്ദത്തിന്റെ ഫലമായി അന്തരീക്ഷത്തിൽ ഈർപ്പവും മേഘാവൃതമായ അവസ്ഥയും തുടരുന്നതാണ് മഴയ്ക്ക് കാരണമാകുന്നത്. വ്യാഴാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പരമാവധി താപനില 23 – 25 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 11 – 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. വെള്ളിയാഴ്ച രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. പകലിൽ ചൂട് അനുഭവപ്പെടും. പരമാവധി താപനില 26 – 28 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാത്രിയിൽ നേരിയ തണുപ്പുള്ള കാലാവസ്ഥയായിരിക്കും. ശനിയാഴ്ചയോടെ ന്യൂനമർദ്ദം നീങ്ങുകയും ഉഷ്ണതരംഗം അനുഭവപ്പെടുകയും ചെയ്യും.  പകൽ സമയത്ത് താപനില 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുള്ളതിനാൽ തുറസായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ നിറഞ്ഞേക്കാം. കടലിൽ തിരമാലകൾ 6 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. രാത്രികാലങ്ങളിൽ താപനില 15 – 17 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കുമെന്നും മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ-അലി വ്യക്തമാക്കി.

കുവൈത്തിൽ പണമിടപാടുകൾ ഡിജിറ്റലാകുന്നു; ദൈനംദിന ചെലവുകളിൽ കറൻസി ഉപയോഗം 30 ശതമാനമായി കുറഞ്ഞു

Kuwait digital economy കുവൈത്ത് സിറ്റി: കുവൈത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ജനങ്ങൾ വൻതോതിൽ ഏറ്റെടുത്തതോടെ കറൻസി നോട്ടുകളുടെ ഉപയോഗത്തിൽ വൻ ഇടിവ്. രാജ്യത്തെ ദൈനംദിന ചെലവുകളിൽ പണത്തിന്റെ (Cash) വിഹിതം വെറും 30 ശതമാനമായി ചുരുങ്ങിയെന്ന് വിസയുടെ (Visa) കുവൈത്ത് കൺട്രി മാനേജർ മുഹമ്മദ് റിയാദ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ പണമടയ്ക്കൽ ശീലങ്ങളിൽ വന്ന ഈ മാറ്റം കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ഇത് ‘കുവൈത്ത് വിഷൻ 2035’ ലക്ഷ്യങ്ങളെ നേരിട്ട് പിന്തുണയ്ക്കുന്നതാണെന്നും റിയാദ് ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങളിൽ പണത്തിന്റെ ഉപയോഗത്തിൽ ഏറ്റവും വലിയ കുറവ് (19%) രേഖപ്പെടുത്തിയത് കുവൈത്തിലാണ്. വിസ പുറത്തിറക്കിയ “വെയർ ക്യാഷ് ഹൈഡ്സ്” റിപ്പോർട്ടിന്റെ മൂന്നാം പതിപ്പിലെ കണ്ടെത്തലുകൾ ഇവയാണ്: ഡിജിറ്റൽ ഉപഭോക്താക്കൾ: 59 ശതമാനം ഉപഭോക്താക്കളും കാർഡുകളോ മൊബൈൽ ഉപകരണങ്ങളോ വഴിയാണ് പണമടയ്ക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ വലിയ വർദ്ധനവുണ്ടായി. കാർഡുകൾ സ്വൈപ്പ് ചെയ്യുന്ന രീതിയിൽ നിന്ന് ബയോമെട്രിക്, ടോക്കണൈസ്ഡ് പേയ്‌മെന്റുകളിലേക്ക് കുവൈത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കുവൈത്തിലെ ബാങ്കുകൾ ആധുനിക സാങ്കേതികവിദ്യകൾ നേരത്തെ തന്നെ സ്വീകരിച്ചതും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതും ഈ മാറ്റത്തിന് വേഗത കൂട്ടി. ഡിജിറ്റൽ വിപ്ലവം ശക്തമാണെങ്കിലും ചില മേഖലകളിൽ ഇപ്പോഴും കറൻസി ഉപയോഗം തുടരുന്നുണ്ട്. ചില പ്രത്യേക അന്താരാഷ്ട്ര പണമിടപാടുകൾക്ക്. ഡിജിറ്റൽ ബദലുകളുടെ ലഭ്യതക്കുറവാണ് ഈ മേഖലകളിൽ പണം ഉപയോഗിക്കാൻ കാരണമെന്നും റിപ്പോർട്ട് പറയുന്നു. ശക്തമായ നിയമസംവിധാനങ്ങളും സർക്കാരിന്റെയും ബാങ്കുകളുടെയും ക്രിയാത്മകമായ ഇടപെടലുകളും കുവൈത്തിനെ ഡിജിറ്റൽ പരിവർത്തനത്തിൽ മേഖലയിലെ മുൻനിര രാജ്യമാക്കി മാറ്റിയിരിക്കുകയാണ്.

വ്യാജ സർട്ടിഫിക്കറ്റ് വേട്ട: ജീവനക്കാരുടെ വിവരങ്ങൾ പുതുക്കാൻ കുവൈത്ത്; നിയമലംഘകർക്ക് തടവും പിഴയും

Education Certificate Forgery Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ ഉടൻ പുതുക്കണമെന്ന് അക്കാദമിക് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഏകീകൃത സർക്കാർ ആപ്പായ ‘സാഹെൽ’ (Sahel) വഴി അയച്ചിട്ടുള്ള വിജ്ഞാപന പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനാണ് നിർദ്ദേശം. സർട്ടിഫിക്കറ്റ് തട്ടിപ്പുകൾ തടയുന്നതിനും വിദ്യാഭ്യാസ യോഗ്യതകളുടെ കൃത്യത ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി. സ്വദേശികളും വിദേശികളുമായ എല്ലാ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകൾ കമ്മിറ്റി പരിശോധിക്കും. വിദേശത്തുനിന്ന് ബിരുദം നേടിയവർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സാഹെൽ ആപ്പ് വഴിയോ സർട്ടിഫിക്കറ്റുകൾ തുല്യത വരുത്തേണ്ടതുണ്ട്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാൽ കുവൈത്ത് ശിക്ഷാനിയമത്തിലെ ആർട്ടിക്കിൾ 259 പ്രകാരം കടുത്ത ശിക്ഷ ലഭിക്കുമെന്ന് സിവിലിൽ സർവീസ് കമ്മീഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി നർജിസ് അബ്ദുൽറസൂൽ മുന്നറിയിപ്പ് നൽകി. അഞ്ച് വർഷം വരെ തടവും 5,000 ദിനാർ വരെ പിഴ, അല്ലെങ്കിൽ ഇവ രണ്ടും കൂടി ലഭിക്കാം. ഡെപ്യൂട്ടി പ്രധാനമന്ത്രി ഷരീദ അൽ മൗഷർജിയുടെ മേൽനോട്ടത്തിൽ മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഈ സമിതി രൂപീകരിച്ചത്. ഉന്നത വിദ്യാഭ്യാസം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സിവിൽ സർവീസ് കമ്മീഷൻ എന്നിവയുടെ പ്രതിനിധികൾ ഈ സമിതിയിൽ ഉൾപ്പെടുന്നു. ഔദ്യോഗിക രേഖകളുടെ വിശ്വാസ്യത നിലനിർത്തുന്നതിനും തൊഴിൽ മേഖലയിൽ തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ഈ നടപടി അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇരുമ്പ് ഷീറ്റുകൾക്കിടയിൽ മദ്യകുപ്പികള്‍, കുവൈത്ത് കസ്റ്റംസ് പിടികൂടിയത്…

Kuwait Seize Liquor Bottles കുവൈത്ത് സിറ്റി: രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. ഇരുമ്പ് ഷീറ്റുകളാണെന്ന് ഡിക്ലയർ ചെയ്ത കണ്ടെയ്നറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികൾ. ഫ്രാൻസിൽ നിന്ന് ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ എത്തിയ കണ്ടെയ്നറിലാണ് മദ്യം കണ്ടെത്തിയത്. കമ്പനിയുടെ മുൻകാല ഇറക്കുമതി പ്രവർത്തനങ്ങൾ നിരീക്ഷിച്ച കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് തോന്നിയ സംശയമാണ് വൻ വേട്ടയ്ക്ക് വഴിയൊരുക്കിയത്. രേഖകളിൽ ഇരുമ്പ് ഷീറ്റുകൾ എന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും, വിശദമായ പരിശോധനയിൽ വിവിധ ബ്രാൻഡുകളിലായി 3,144 മദ്യകുപ്പികൾ കണ്ടെടുത്തു.  കസ്റ്റംസ് പരിശോധന വെട്ടിക്കാനായി വളരെ സങ്കീർണ്ണമായ രീതിയിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് ഡെപ്യൂട്ടി ഹെഡ് സാലിഹ് മുഹമ്മദ് അൽ-ഒമറിന്റെ സാന്നിധ്യത്തിലാണ് കണ്ടെയ്നർ തുറന്നത്. പിടിച്ചെടുത്ത മദ്യശേഖരം തുടർനടപടികൾക്കായി ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറി. ഈ കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളുമായി സഹകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾ ലംഘിക്കാനുള്ള ഏതൊരു നീക്കത്തെയും കർശനമായി നേരിടുമെന്നും എല്ലാ തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായും കസ്റ്റംസ് അധികൃതർ ആവർത്തിച്ചു.

നിയമം എല്ലാവർക്കും തുല്യം, ഇളവുകൾ ഇനിയില്ല; റമസാൻ മുന്നോടിയായി സഹകരണ സംഘങ്ങൾക്ക് കുവൈത്ത് മന്ത്രാലയത്തിന്റെ കർശന നിർദേശം

Kuwait Cooperative Affairs കുവൈത്ത് സിറ്റി: വിശുദ്ധ റമസാൻ മാസം അടുത്തിരിക്കെ, രാജ്യത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ അച്ചടക്കവും നിയമവാഴ്ചയും ഉറപ്പാക്കാൻ സാമൂഹിക കാര്യ മന്ത്രാലയം നടപടികൾ ശക്തമാക്കി. ബജറ്റ് തയ്യാറാക്കൽ, ഫണ്ട് വിനിയോഗം തുടങ്ങിയ കാര്യങ്ങളിൽ സഹകരണ നിയമങ്ങളും മന്ത്രാലയത്തിന്റെ ഉത്തരവുകളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ജനറൽ അസംബ്ലിയുടെ അംഗീകാരം ലഭിക്കുന്നതിന് മുൻപായി വരാനിരിക്കുന്ന ബജറ്റിൽ നിന്ന് തുക മുൻകൂറായി വകമാറ്റാൻ അനുമതി തേടുന്ന ചില സഹകരണ സംഘങ്ങളുടെ രീതി അംഗീകരിക്കാനാവില്ലെന്ന് ഫിനാൻഷ്യൽ ആന്റ് കോഓപ്പറേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സയ്യിദ് ഈസ വ്യക്തമാക്കി. ഇളവുകൾ നൽകുന്നതോ അല്ലെങ്കിൽ പ്രത്യേക പ്രതിജ്ഞകൾ സ്വീകരിക്കുന്നതോ ആയ കാലഘട്ടം അവസാനിച്ചുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റമസാൻ മാസം പെട്ടെന്നുണ്ടാകുന്ന ഒന്നല്ലെന്നും അത് മുൻകൂട്ടി അറിയാവുന്ന സീസൺ ആണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അവസാന നിമിഷം ഇളവുകൾ തേടി വരുന്നത് ഭരണസമിതികളുടെ വീഴ്ചയാണെന്ന് ഡോ. സയ്യിദ് ഈസ പറഞ്ഞു. മന്ത്രാലയത്തിന് മേൽ സാമൂഹിക സമ്മർദ്ദം ചെലുത്തി തെറ്റായ തീരുമാനങ്ങൾ എടുപ്പിക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ല. കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുന്നതിൽ പരാജയപ്പെടുന്ന ഭരണസമിതികളുടെ പിഴവുകൾ മറയ്ക്കാൻ മന്ത്രാലയത്തിന് ബാധ്യതയില്ല. പ്രൊഫഷണൽ തൊയീൽ സംസ്കാരവും കോർപ്പറേറ്റ് ഗവേണൻസും ഉറപ്പാക്കാൻ വിവേചനമില്ലാതെ നിയമം നടപ്പിലാക്കും. തിരഞ്ഞെടുക്കപ്പെട്ടതോ നിയമിക്കപ്പെട്ടതോ ആയ എല്ലാ ഭരണസമിതികളും നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും ഭരണപരമായ വീഴ്ചകൾക്ക് ഇളവുകൾ പ്രതിഫലമായി നൽകില്ലെന്നും മന്ത്രാലയം ആവർത്തിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group