Diesal Smuggling ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്ത്; പ്രതിയ്ക്ക് തടവും പിഴയും വിധിച്ച് ദുബായ് കോടതി

Diesal Smuggling ദുബായ്: ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ സംഭവത്തിൽ പ്രതിയ്ക്ക് തടവും പിഴയും വിധിച്ച് ദുബായ് കോടതി. ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ ഒന്നാം പ്രതിക്ക് 1,650 ദിർഹം പിഴയും മോഷ്ടിച്ച ഇന്ധനം വാങ്ങിയ രണ്ടാമത്തെ പ്രതിക്ക് 450 ദിർഹം പിഴയും വിധിച്ചു.

ഒരു ട്രക്ക് ഡ്രൈവർ തന്റെ കമ്പനിയുടെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തപ്പോഴാണ് വാഹനം കാണാതായത്. പാർക്ക് ചെയ്ത് കുറച്ച് സമയത്തിന് ശേഷം വന്ന് നോക്കിയപ്പോൾ ടയറിന്റെ നേരിയ പാടുകൾ മാത്രമാണ് നിലത്ത് അവശേഷിച്ചതെന്ന് ഡ്രൈവർ പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മോഷണം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇന്ധനം ചോർത്തിയ ശേഷം, പ്രതി വാങ്ങുന്നയാളെ ബന്ധപ്പെട്ടു, അയാൾ 450 ദിർഹം നൽകാൻ സമ്മതിച്ചു. ഇടപാട് പൂർത്തിയാക്കിയ ശേഷം ഇരവും സംഭവ സ്ഥലത്ത് നിന്നും കടന്നു കളയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Travel Expense ഒമാനിൽ നിന്നും അയൽരാജ്യങ്ങളിലേക്കുള്ള വിദേശയാത്രകൾക്ക് ചെലവ് കുറയും; വിശദാംശങ്ങൾ അറിയാം

Travel Expense മസ്‌കത്ത്: ഒമാനിൽ നിന്നും കര മാർഗ്ഗം അയൽ രാഷ്ട്രങ്ങളിലേക്കുള്ള യാത്രക്ക് ഇനി ചെലവ് കുറയും. ഒമാനിൽ അതിർത്തി കടക്കുന്ന വാഹനങ്ങൾക്ക് അത്യാവശ്യമായ ‘ഓറഞ്ച് കാർഡ്’ ഇൻഷുറൻസ് കുറച്ചു.ഇൻഷുറൻസ് ഒരു റിയാലായാണ് കുറച്ചത്. ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഒമാനിലെ താമസക്കാർക്ക് ഏറെ പ്രയോജനപ്രദമായ തീരുമാനമാണിത്.

ഓറഞ്ച് കാർഡ് എന്നത് അറബ് ഏകീകൃത മോട്ടർ ഇൻഷുറൻസ് കരാറിന് കീഴിൽ ആവശ്യമായ ഏകീകൃത ഇൻഷുറൻസ് രേഖയാണ്. അറബ് രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനമോടിക്കുന്നവർക്ക് അത്യാവശ്യമായ മൂന്നാം കക്ഷി ബാധ്യത കവറേജ് ഇത് നൽകുന്നതാണ്. ഇതിനുള്ള ഫീസ് കുറച്ചതോടെ അതിർത്തി കടക്കുമ്പോൾ തന്നെ നിയമപരമായി പരിരക്ഷ ഉറപ്പാക്കാൻ ഡ്രൈവർമാർക്ക് സാധിക്കുമെന്നും ഇത് കൂടുതൽ എളുപ്പവും ചെലവ് കുറഞ്ഞതുമാക്കുമെന്നും ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി പറഞ്ഞു.

Ramadan Tents റമദാൻ ടെന്റുകൾ; മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അബുദാബി നഗരഗതാഗത വകുപ്പ്

Ramadan Tents അബുദാബി: റമദാൻ ടെന്റുകൾ സ്ഥാപിക്കുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അബുദാബി നഗര ഗതാഗത വകുപ്പ്. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചെങ്കിൽ മാത്രമേ റമദാൻ ടെന്റുകൾ സ്ഥാപിക്കാനുള്ള അനുമതി സ്ഥാപനങ്ങൾക്കും താമസക്കാർക്കും നൽകൂവെന്ന് അധികൃതർ അറിയിച്ചു. ടെന്റ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓൺലൈൻ ആയി സമർപ്പിക്കണം. ഇതിന് അപേക്ഷ ഫീസോ മറ്റ് രേഖകളോ വേണ്ട. അപേക്ഷ പരിശോധിക്കുന്ന അധികൃതർ അനുമതി നൽകിയാൽ ടെന്റ് സ്ഥാപിക്കാം. ടെന്റിന് 60 സെന്റീമീറ്റർ കൂടുതൽ വലിപ്പം ഉണ്ടാകാനോ 5 മീറ്ററിൽ കൂടുതൽ ഉയരമോ പാടില്ല.

വസ്തു ഉടമയുടെ വീടിന്റെ മുന്നിലായിരിക്കണം ടെന്റ് സ്ഥാപിക്കേണ്ടത്. റോഡുകളോ നടപ്പാതകളോ തടസ്സപ്പെടുത്തരുതെന്ന നിർദ്ദേശവും അധികൃതർ മുന്നോട്ടുവയ്ക്കുന്നു. ടെന്റുകളിൽ വിൽക്കൽ, വാങ്ങൽ, വാടകയ്ക്ക് കൊടുക്കൽ, ടെന്റിന് പുറത്തുള്ള പ്രമോഷണൽ പരിപാടികൾ തുടങ്ങിയവയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ടെന്റുകൾ സ്ഥാപിക്കുമ്പോഴോ നീക്കം ചെയ്യുമ്പോഴോ സ്വകാര്യ പൊതുവകകൾക്ക് നാശനഷ്ടം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം പെർമിറ്റ് ഉടമയ്ക്കാവും. അനധികൃത ടെന്റുകൾ സ്ഥാപിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുകയോ പരാതികൾ ലഭിക്കുകയോ മറ്റ് അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ ടെന്റുകൾ നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെടും.

Discussion യുക്രൈൻ, യുഎസ്, റഷ്യ ചർച്ചകൾക്ക് യുഎഇയിൽ തുടക്കം

Discussion അബുദാബി: യുക്രൈൻ, യുഎസ്, റഷ്യ ചർച്ചകൾക്ക് യുഎഇയിൽ തുടക്കം. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായ ഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ച. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചർച്ചയിൽ മൂന്നു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും യുക്രൈനുമായുള്ള സംഘർഷം ചർച്ച ചെയ്യാനും യുഎഇ അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നേരത്തെ പറഞ്ഞിരുന്നു. യുക്രൈൻ, യുഎസ് റഷ്യ ചർച്ച യുഎഇയിൽ ആരംഭിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദാവോസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും സെലെൻസ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച ഉൽപ്പാദനക്ഷമവും അർത്ഥവത്തായതുമായിരുന്നുവെന്ന് സെലെൻസ്‌കി പറഞ്ഞു. സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു.

പ്രണയത്തിന്റെ പേരിൽ ക്രൂരത; സൗദിയിൽ നിന്നെത്തിയ യുവാവിനെയും കാമുകിയെയും കൊലപ്പെടുത്തി പുഴയോരത്ത് കുഴിച്ചുമൂടി

honour killing മൊറാദാബാദ്: സൗദി അറേബ്യയിലെ മദീനയിൽ നിർമ്മാണത്തൊഴിലാളിയായിരുന്ന അർമാൻ (26), കാമുകി കാജൽ സൈനി എന്നിവരെയാണ് ഉത്തർപ്രദേശിലെ മൊറാദാബാദിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായ ഇരുവരുടെയും പ്രണയത്തെ യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അയൽവാസികളായിരുന്ന അർമാനും കാജലും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. അർമാൻ സൗദിയിലായിരുന്ന സമയത്തും ഇവർ ഫോൺ വഴി ബന്ധം തുടർന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് പ്രണയത്തിന്റെ പേരിൽ അർമാൻ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഞായറാഴ്ച രാത്രി കാജലിന്റെ വീട്ടിൽ വെച്ച് ഇരുവരെയും യുവതിയുടെ സഹോദരങ്ങൾ പിടികൂടി. തുടർന്ന് അർമാനെ ആയുധമുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയും, പിന്നാലെ സഹോദരിയെയും അവർ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ കാറിൽ കയറ്റി ഗഗൻ നദിക്കരയിൽ എത്തിക്കുകയും ഒരേ കുഴിയിൽ ഇരുവരെയും അടക്കം ചെയ്യുകയും ചെയ്തു. അർമാനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. തന്റെ സഹോദരൻ ശാന്തസ്വഭാവക്കാരനായിരുന്നുവെന്നും പ്രണയത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നും അർമാന്റെ സഹോദരൻ അലി വാരിസ് ഖലീജ് ടൈംസിനോട് പറഞ്ഞു. അർമാൻ ദുബായിലാണ് ജോലി ചെയ്തിരുന്നതെന്ന് നേരത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അദ്ദേഹം മദീനയിലായിരുന്നുവെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. സംഭവത്തിൽ യുവതിയുടെ സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർ പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം; മഞ്ഞിനും നേരിയ മഴയ്ക്കും സാധ്യത

UAE Weather ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ അസ്ഥിരമായ ശൈത്യകാല കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശത്ത് മേഘാവൃതമായ അന്തരീക്ഷം വർദ്ധിക്കാനും, രാത്രിയിൽ ഈർപ്പം കൂടാനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത പ്രവചിക്കപ്പെടുന്നു. ശനിയാഴ്ച പുലർച്ചെ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ അന്തരീക്ഷ ഈർപ്പം കൂടുന്നതിനാൽ മൂടൽമഞ്ഞോ കാഴ്ചപരിധി കുറയുന്ന സാഹചര്യമോ ഉണ്ടായേക്കാം. ശനിയാഴ്ച രാത്രിയോടെ തീരദേശങ്ങളിലും വടക്കൻ മേഖലകളിലും ആകാശം മേഘാവൃതമാകുകയും കടൽ മേഖലകളിലും പരിസരങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടാകുകയും ചെയ്യും. തീരദേശങ്ങളിലും ദ്വീപുകളിലും പകൽ സമയത്ത് 19°C മുതൽ 24°C വരെ താപനില അനുഭവപ്പെടും. ഉൾനാടൻ പ്രദേശങ്ങളിൽ പകൽ 25°C വരെയും രാത്രിയിൽ 7°C വരെയും താപനില കുറയാം. മലനിരകളിൽ തണുപ്പ് കൂടുതലായിരിക്കും; ഇവിടെ രാത്രിയിൽ താപനില 5°C വരെ താഴാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. ന്യൂനമർദ്ദത്തിന്റെ സ്വാധീനം കാരണമാണ് കാലാവസ്ഥയിൽ ഈ മാറ്റങ്ങൾ പ്രകടമാകുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ആകാശം കൂടുതൽ മേഘാവൃതമായി തുടരാനാണ് സാധ്യത.

ദുബായിൽ വ്യാജ പരാതി ആരോപിച്ചുള്ള നഷ്ടപരിഹാര കേസ് തള്ളി; പരാതി നൽകുന്നത് നിയമപരമായ അവകാശമെന്ന് കോടതി

Dubai court ദുബായ്: തനിക്കെതിരെ അപകീർത്തികരമായ പരാതി നൽകിയെന്ന് ആരോപിച്ച് 1,50,000 ദിർഹം (ഏകദേശം 34 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച സിവിൽ ഹർജി ദുബായ് കോടതി തള്ളി. ഒരു വ്യക്തിക്ക് അധികാരികളെ സമീപിക്കാനും പരാതി നൽകാനുമുള്ള അവകാശം നിയമപരമായി സംരക്ഷിക്കപ്പെട്ടതാണെന്നും അത് ദുരുദ്ദേശ്യപരമാണെന്ന് തെളിയിക്കാത്തിടത്തോളം ശിക്ഷാർഹമല്ലെന്നും കോടതി വ്യക്തമാക്കി. ദുബായിലെ ഒരു വിമാന അറ്റകുറ്റപ്പണി കമ്പനിയിലെ മുൻ ജീവനക്കാർ തമ്മിലുള്ള തർക്കമാണ് കേസിനാധാരം. ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട പ്രതിക്കെതിരെ മോശം പെരുമാറ്റം ആരോപിച്ചുകൊണ്ട് പുതിയ തൊഴിലുടമയ്ക്ക് ഒരു ഇമെയിൽ ലഭിച്ചിരുന്നു. ഇത് വാദി അയച്ചതാണെന്ന് വിശ്വസിച്ച് പ്രതി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയെങ്കിലും കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലാത്തതിനാൽ പബ്ലിക് പ്രോസിക്യൂഷൻ കേസ് അവസാനിപ്പിച്ചു. ക്രിമിനൽ കേസ് അവസാനിച്ചതോടെ, ഈ പരാതി കാരണം തനിക്ക് യാത്രാവിലക്ക് നേരിടേണ്ടി വന്നുവെന്നും മാനഹാനിയും സാമ്പത്തിക നഷ്ടവുമുണ്ടായെന്നും ആരോപിച്ച് വാദി നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.  പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അൽ അവാമി അൽ മൻസൂരി അഡ്വക്കേറ്റ്‌സിലെ മുഹമ്മദ് അൽ അവാമി അൽ മൻസൂരി, തന്റെ കക്ഷി നിയമപരമായ അവകാശമാണ് വിനിയോഗിച്ചതെന്ന് വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അധികാരികൾ ഏർപ്പെടുത്തുന്ന യാത്രാവിലക്ക് പോലുള്ള നടപടികൾക്ക് പരാതിക്കാരൻ നേരിട്ട് ഉത്തരവാദിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ദുരുദ്ദേശ്യത്തോടെയാണ് പരാതി നൽകിയതെന്ന് തെളിയിക്കുന്നതിൽ വാദി പരാജയപ്പെട്ടതിനാൽ കേസ് തള്ളുകയും കോടതി ചിലവുകൾ വാദി വഹിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. യുഎഇ നിയമപ്രകാരം നീതിന്യായ വ്യവസ്ഥയെ സമീപിക്കുന്നത് നിയമപരമായ അവകാശമാണെന്നും അത് ദുരുപയോഗം ചെയ്തു എന്ന് തെളിയിക്കാൻ ശക്തമായ തെളിവുകൾ വേണമെന്നും ഈ വിധി അടിവരയിടുന്നു.

പ്രവാസി മലയാളികൾക്ക് തിരിച്ചടി; കേരളത്തിലേക്ക് അവശേഷിച്ച പ്രമുഖ വിമാനക്കമ്പനിയുടെ സർവീസും നിർത്തലാക്കുന്നു

air india flight അബുദാബി: യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ അവസാന വിമാന സർവീസും നിർത്തലാക്കുന്നു. മാർച്ച് 29 മുതൽ ദുബായ് – കൊച്ചി റൂട്ടിലും ദുബായ് – ഹൈദരാബാദ് റൂട്ടിലും എയർ ഇന്ത്യ സർവീസ് നടത്തില്ല. വിമാന കമ്പനിയുടെ വേനൽക്കാല സമയവിവര പട്ടികയിൽ നിന്ന് ഈ രണ്ട് സർവീസുകളും ഒഴിവാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. ഹ്രസ്വദൂര സെക്ടറുകളിൽ നിന്ന് വിമാനങ്ങൾ പിൻവലിച്ച് ദീർഘദൂര സെക്ടറുകളിൽ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എയർ ഇന്ത്യ വിശദീകരിക്കുന്നു. പിൻവലിച്ച ഈ രണ്ട് റൂട്ടുകളിലും ടാറ്റ ഗ്രൂപ്പിന്റെ തന്നെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടരും. എയർ ഇന്ത്യ പിൻവാങ്ങുന്നതോടെ മറ്റ് വിദേശ വിമാന കമ്പനികൾ നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. ഇത് സീസൺ സമയങ്ങളിൽ സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഭാരമാകും. ടിക്കറ്റിനൊപ്പം ലഭിച്ചിരുന്ന ഭക്ഷണം, കൂടുതൽ ബാഗേജ് സൗകര്യം, അധിക ചിലവില്ലാതെ യാത്രാ തീയതി മാറ്റാനുള്ള അവസരം എന്നിവ ഇല്ലാതാകും. ബിസിനസുകാർക്കും മറ്റും കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന ബിസിനസ് ക്ലാസ് സേവനം ഇതോടെ നഷ്ടമാകും. ദുബായ് എയർപോർട്ട് ടെർമിനൽ ഒന്നിലൂടെ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കോഡ് ഷെയർ വഴി യാത്ര ചെയ്തിരുന്നവർക്കും ഈ തീരുമാനം പ്രതിസന്ധിയുണ്ടാക്കും. നേരത്തെ ഈ സെക്ടറിൽ വലിയ വിമാനമായ ഡ്രീംലൈനർ പിൻവലിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. നിലവിലുള്ള ഏക സർവീസും നിർത്തലാക്കാനുള്ള തീരുമാനത്തിൽ പ്രവാസി സംഘടനകളും ട്രാവൽ ഏജൻസികളും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

UAE Dirham പ്രവാസികൾക്ക് ഇത് നേട്ടത്തിന്റെ കാലം; യുഎഇ ദിർഹത്തിന്റെ വിനിമയ മൂല്യം റെക്കോർഡിൽ

UAE Dirham ദുബായ്: പ്രവാസികൾക്ക് ഇത് നേട്ടത്തിന്റെ കാലം. യുഎഇ ദിർഹത്തിന്റെ വിനിമയ മൂല്യം റെക്കോർഡിലെത്തി. ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെയാണ് ദിർഹത്തിന്റെ മൂല്യം ഉയർന്നത്. ഒരു യുഎഇ ദിർഹത്തിന് 24.95 രൂപ എന്ന നിരക്കിലേക്ക് എത്തിയതോടെ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌ചേഞ്ചുകൾ ദിർഹത്തിന് 24.89 രൂപ വരെ നൽകുന്നുണ്ട്. അതായത് വെറും 40.2 ദിർഹം നൽകിയാൽ നാട്ടിൽ ആയിരം രൂപ ലഭിക്കും.

ദിർഹത്തിന്റെ വിനിമയ മൂല്യം ഉയരുന്നത് ഗൾഫിൽ ജീവിതച്ചെലവ് കൂടി നിൽക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ മാസം 28-ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡ് മീറ്റിംഗോടെ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നതോടെ പ്രവാസികൾ കൂടുതൽ പണം നാട്ടിലേക്ക് അയക്കും. അതേസമയം, നാട്ടിലെ ബാങ്ക് വായ്പകൾ ഒന്നിച്ച് അടച്ചുതീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിനിമയ നിരക്ക് വലിയ ലാഭമുണ്ടാക്കും. എന്നാൽ നേട്ടം കൊയ്യാൻ വേണ്ടി ഗൾഫിലെ ക്രെഡിറ്റ് കാർഡുകളിൽ നിന്നോ ബാങ്കുകളിൽ നിന്നോ വായ്പയെടുത്ത് നാട്ടിലേക്ക് പണമയക്കുന്നത് വിപരീതഫലം ചെയ്യുമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group