
kuwait Cancels Licenses Pharmacies കുവൈത്ത് സിറ്റി: ഫാർമസി തൊഴിൽ ചട്ടങ്ങളും മരുന്നുകൾ കൈകാര്യം ചെയ്യുന്നതിലെ നിബന്ധനകളും ലംഘിച്ച നാല് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി റദ്ദാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യമേഖലയിലെ അച്ചടക്കം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ കർശന നീക്കത്തിന്റെ ഭാഗമാണിത്. ഫാർമസികൾക്ക് ലൈസൻസ് നൽകുന്നതും മരുന്ന് വിതരണം നിയന്ത്രിക്കുന്നതും സംബന്ധിച്ച 2025-ലെ 237-ാം നമ്പർ മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നത് ഒരു തുടർച്ചയായ പ്രക്രിയയാണെന്നും എല്ലാ നിയമങ്ങളും പാലിച്ച് മാത്രമേ ഇവ പ്രവർത്തിക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക, അവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ആരോഗ്യ സംവിധാനത്തിലുള്ള പൊതുജനവിശ്വാസം വർദ്ധിപ്പിക്കുക എന്നിവയാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും ഫാർമസികളിൽ പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
കുവൈത്തിൽ വൻ ഡീസൽ വേട്ട; ഡ്രോൺ നിരീക്ഷണത്തിലൂടെ കുടുക്കിയത് 18 പേരെ
Illegal Diesel Kuwait കുവൈത്ത് സിറ്റി: കുവൈത്ത് പ്രാദേശിക സമുദ്രപരിധിയിൽ സബ്സിഡി നിരക്കിലുള്ള ഡീസൽ കടത്തുകയും നിയമവിരുദ്ധമായി വിൽക്കുകയും ചെയ്ത വലിയൊരു സംഘത്തെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കോസ്റ്റ് ഗാർഡ് പിടികൂടി. രാജ്യത്തിന്റെ വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം നടത്തിയ ശക്തമായ നീക്കമാണിത്. കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണ ഡ്രോണുകളാണ് സമുദ്രപരിധിയിൽ സംശയാസ്പദമായ രീതിയിൽ സഞ്ചരിച്ചിരുന്ന കപ്പലിനെ കണ്ടെത്തിയത്. തുടർന്ന് പ്രത്യേക ഫീൽഡ് ടീമുകൾ സ്ഥലത്തെത്തി കപ്പൽ തടയുകയായിരുന്നു. സബ്സിഡി നിരക്കിൽ സർക്കാർ നൽകുന്ന ഡീസൽ മറ്റു കപ്പലുകൾക്ക് നിയമവിരുദ്ധമായി വിൽക്കുകയായിരുന്നു കപ്പൽ ക്യാപ്റ്റനും സംഘവും ചെയ്തിരുന്നത്. ഇന്ധനത്തിനുള്ള പണം ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് കൈമാറിയിരുന്നത്. കപ്പൽ ക്യാപ്റ്റനും ജീവനക്കാരുമുൾപ്പെടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ധനം കടത്താൻ ഉപയോഗിച്ച കപ്പൽ അധികൃതർ പിടിച്ചെടുത്തു. പൊതുവിഭവങ്ങൾ ദുരുപയോഗം ചെയ്യുന്നതും നിയമവിരുദ്ധമായ ഇത്തരം കച്ചവടങ്ങൾ നടത്തുന്നതും രാജ്യത്തിന്റെ സുരക്ഷയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സമുദ്രമേഖലയിൽ നിരീക്ഷണം ശക്തമായി തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ മാലിന്യ സംസ്കരണത്തിന് ഫീസ് വരുന്നു; വാണിജ്യ – സ്വകാര്യ മേഖലകൾക്ക് നിയന്ത്രണം, വീടുകളെ ഒഴിവാക്കി
Kuwait Fees for Waste കുവൈത്ത് സിറ്റി: കുവൈത്തിലെ മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി മുനിസിപ്പൽ കൗൺസിൽ അംഗം ആലിയ അൽ-ഫാരിസി. സ്വകാര്യ, വാണിജ്യ മേഖലകളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും നശിപ്പിക്കുന്നതിനും പ്രത്യേക ഫീസ് ഈടാക്കണമെന്നാണ് പുതിയ നിർദ്ദേശം. ഓരോ ടൺ മാലിന്യത്തിനും നിശ്ചിത തുക ഫീസായി ഈടാക്കും. ഇതിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. സാധാരണ വീടുകളെ ഈ ഫീസിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. വലിയ തോതിൽ മാലിന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാണിജ്യ സ്ഥാപനങ്ങളെയും സ്വകാര്യ കമ്പനികളെയുമാണ് ഇത് ലക്ഷ്യമിടുന്നത്. “മലിനമാക്കുന്നവർ പണം നൽകണം” എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരം. മാലിന്യം ഉണ്ടാക്കുന്നവർ തന്നെ അതിന്റെ സംസ്കരണ ചെലവിന്റെ ഒരു ഭാഗം വഹിക്കണമെന്നതാണ് ഇതിന്റെ ലക്ഷ്യം. മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നതിനായി അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തും. മാലിന്യങ്ങൾ തരംതിരിക്കാനും റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഫീസിലൂടെ ലഭിക്കുന്ന തുക മാലിന്യ സംസ്കരണ പ്ലാന്റുകളുടെ നവീകരണത്തിനും ഭൂമി പുനരുദ്ധാരണത്തിനും ഉപയോഗിക്കും. കുവൈത്ത് നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളും വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും കണക്കിലെടുത്ത് ഇത്തരം നടപടികൾ അത്യന്താപേക്ഷിതമാണെന്ന് ആലിയ അൽ-ഫാരിസി ചൂണ്ടിക്കാട്ടി.
കുവൈത്ത്: സൈറൺ കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്, സാമൂഹിക മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ വിശ്വസിക്കരുത്
Kuwait Sirens കുവൈത്ത് സിറ്റി: രാജ്യത്തെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനായി തിങ്കളാഴ്ച നടത്തിയ സൈറൺ പരിശോധനയിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് ഡയറക്ടർ കേണൽ തുർക്കി അൽ-ഹജ്രി അറിയിച്ചു. ‘ഗുഡ് മോർണിങ് കുവൈത്ത്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിവിൽ ഡിഫൻസ് ഉപയോഗിക്കുന്ന മൂന്ന് തരം സൈറണുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മുറിഞ്ഞ ടോൺ അപകടം സംഭവിക്കാൻ പോകുന്നു എന്ന മുന്നറിയിപ്പ്. തരംഗ ടോൺ അപകടം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന സൂചന. തുടർച്ചയായ ടോൺ അപകട സാഹചര്യം ഒഴിഞ്ഞു എന്ന അറിയിപ്പ്. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി രാവിലെ 10 മണിക്ക് സൈറൺ പരീക്ഷണം നടത്തുമെന്ന് ബോധവൽക്കരണ വിഭാഗം മേധാവി അബ്ദുള്ള യാക്കൂബ് ബഹ്മാൻ അറിയിച്ചു. ഇത് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണെങ്കിൽ പോലും മാറ്റമുണ്ടാകില്ല. സൈറൺ കേൾക്കുമ്പോൾ പരിഭ്രാന്തരാകരുതെന്നും സാമൂഹിക മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും ഈ സൈറൺ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. സൈറൺ മുഴങ്ങുമ്പോൾ സിവിൽ ഡിഫൻസ് നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആരോഗ്യമേഖലയിൽ ഏകീകൃത തിരിച്ചറിയൽ രേഖകൾ വരുന്നു; പുതിയ പരിഷ്കാരവുമായി കുവൈത്ത്
Kuwait’s health sector കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യമേഖലയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും ഭരണപരമായ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സുപ്രധാന തീരുമാനവുമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാദി. പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ഒരേതരത്തിലുള്ള തിരിച്ചറിയൽ കാർഡുകൾ, ഔദ്യോഗിക മുദ്രകൾ, ഡിജിറ്റൽ ആപ്ലിക്കേഷനുകൾ എന്നിവ നടപ്പിലാക്കാനാണ് മന്ത്രി ഉത്തരവിട്ടത്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ഫാർമസിസ്റ്റുകൾ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ എന്നിവർക്കെല്ലാം ഒരേ രൂപകൽപ്പനയിലുള്ള തിരിച്ചറിയൽ കാർഡുകൾ നൽകും. കാർഡിലെ വിവരങ്ങൾ, ഫോട്ടോയുടെ വ്യക്തത, ഫോണ്ടുകൾ എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. പുതിയ ഐഡി കാർഡുകൾ ആശുപത്രികളിലെ ഇലക്ട്രോണിക് ആക്സസ് സംവിധാനങ്ങളുമായും സെൻസിറ്റീവ് ഏരിയകളുമായും ബന്ധിപ്പിക്കും. ഇത് അനധികൃതമായ പ്രവേശനം തടയാൻ സഹായിക്കും. എല്ലാ പേപ്പർ-ഇലക്ട്രോണിക് കത്തിടപാടുകളിലും ഡിജിറ്റൽ ആപ്ലിക്കേഷനുകളിലും മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക ലോഗോ മാത്രമേ ഉപയോഗിക്കാവൂ. നിയമലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ആശുപത്രി മാനേജർമാർക്കും അഡ്മിനിസ്ട്രേറ്റീവ് നേതാക്കൾക്കും പ്രത്യേക ചുമതല നൽകി. കൃത്രിമത്വം തടയാനും ഔദ്യോഗിക രേഖകളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും ഈ നീക്കം സഹായിക്കും. പുതിയ നിയമം നടപ്പിലാക്കുന്നതിനായി ആറ് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ പത്ത് മാസം വരെ ഇത് നീട്ടാനും വ്യവസ്ഥയുണ്ട്. ഈ കാലയളവിനുള്ളിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പുതിയ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
ഡ്രൈവറെ കൊന്ന് കുഴിച്ചുമൂടിയ കേസ്: കുവൈത്ത് പൗരന് ശിക്ഷ വിധിച്ച് കോടതി
Kuwaiti Murdering Family Driver കുവൈത്ത് സിറ്റി: സ്വന്തം വീട്ടിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചുമൂടിയ കുവൈറ്റ് പൗരന് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സാദ് അൽ-അബ്ദുള്ളയിൽ നടന്ന ക്രൂരമായ കൊലപാതകത്തിലാണ് കോടതി ഇപ്പോൾ അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിയുടെ കുടുംബത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വ്യക്തിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. കൊലപാതകത്തിന് ശേഷം കുറ്റം മറച്ചുവെക്കാൻ പ്രതി മൃതദേഹം അംഘാര സ്ക്രാപ്പ്യാർഡിലെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു. സാങ്കേതിക തെളിവുകൾ, ഫോറൻസിക് റിപ്പോർട്ടുകൾ, പോലീസ് നടത്തിയ വിശദമായ അന്വേഷണം എന്നിവയിലൂടെ പ്രതിയാണ് കൊലപാതകം നടത്തിയതെന്ന് സ്ഥിരീകരിച്ചു. കൃത്യമായ പ്ലാനിംഗോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട ആസൂത്രിത കൊലപാതക കുറ്റം തെളിഞ്ഞതിനെത്തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.
കുവൈത്തിൽ പ്രധാന സ്ട്രീറ്റ് അടച്ചിടുന്നു; രണ്ടുദിവസത്തേക്ക് ഗതാഗത നിയന്ത്രണം, യാത്രക്കാർ ശ്രദ്ധിക്കുക
Kuwait Street Closure കുവൈത്ത് സിറ്റി: റോഡിലെ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി കുവൈത്തിലെ ഉസ്മാൻ ബിൻ അഫാൻ സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അൽ-സൂർ സ്ട്രീറ്റിനും ഉമർ ബിൻ അൽ-ഖത്താബ് റൗണ്ട് എബൗട്ടിനും ഇടയിലുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജനുവരി 19, തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ അടച്ചിടും. ജനുവരി 21, ബുധനാഴ്ച വൈകുന്നേരം ആറുമണി വരെ അടച്ചിടല് തുടരും. ഈ കാലയളവിൽ യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിൽ കടുത്ത ശൈത്യം വരുന്നു; താപനില രണ്ട് ഡിഗ്രിയിലേക്ക് താഴാൻ സാധ്യത, ജാഗ്രതാ നിർദേശം
Kuwait Cold കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ളറാർ അൽ അലി അറിയിച്ചു. തണുത്ത കാറ്റോടു കൂടിയ ഉച്ചമർദ്ദ മേഖല രാജ്യത്തെ സ്വാധീനിക്കുന്നതാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം.ഈ ദിവസങ്ങളിൽ പകൽ താരതമ്യേന ചൂടുള്ളതും രാത്രി തണുപ്പുള്ളതുമായ കാലാവസ്ഥയായിരിക്കും. പകൽ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി 7 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കടൽ തിരമാലകൾ ശക്തമാകാനും സാധ്യതയുണ്ട്. ബുധനാഴ്ച മുതൽ തണുപ്പ് അതിശക്തമാകും. ഈ ദിവസങ്ങളിൽ പകൽ താപനില 14 – 16 ഡിഗ്രിയിലേക്കും രാത്രി താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസിലേക്കും താഴും. മരുഭൂമി പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെ പോകാൻ സാധ്യതയുണ്ട്. കാർഷിക മേഖലകളിലും മരുഭൂമിയിലും മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുള്ളതായും അദ്ദേഹം വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നത് തുടരുന്നതിനാൽ തണുപ്പ് കൂടുതൽ കഠിനമായി അനുഭവപ്പെടും. പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പാർപ്പിട മേഖലകളിലെ സ്വകാര്യ സ്കൂളുകൾ നിർത്തലാക്കുന്നു; അവസാന സമയപരിധി പുറത്തുവിട്ട് കുവൈത്ത്
Private schools kuwait കുവൈത്ത് സിറ്റി: ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളുടെ ലൈസൻസുകൾ റദ്ദാക്കാനും അവ അടച്ചുപൂട്ടാനുമുള്ള മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനത്തിന് മുൻസിപ്പൽ-ഭവനകാര്യ സഹമന്ത്രി എഞ്ചിനീയർ അബ്ദുൾ ലത്തീഫ് അൽ-മഷാരി അംഗീകാരം നൽകി. 2027-2028 അധ്യയനവർഷം ആയിരിക്കും ഈ സ്കൂളുകൾക്ക് അനുവദിച്ചിട്ടുള്ള അവസാന കാലാവധി. പാർപ്പിട മേഖലകളിൽ നിന്ന് സ്വകാര്യ സ്കൂളുകൾ പൂർണ്ണമായും മാറ്റുന്നതിനായി 2025 ഡിസംബർ 8-ന് മുനിസിപ്പൽ കൗൺസിൽ എടുത്ത തീരുമാനത്തിനാണ് ഇപ്പോൾ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്കൂളുകൾക്കായി അനുവദിച്ചിട്ടുള്ള പുതിയ സ്ഥലങ്ങൾ കൈമാറുന്നതിന് മുൻപായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കിൽ നിന്നുള്ള അനുമതിയും ട്രാഫിക് പഠന റിപ്പോർട്ടും സമർപ്പിക്കണമെന്ന് മന്ത്രി നിബന്ധന വെച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്കായി പുതിയ സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ ഉടൻ തന്നെ ഈ മാറ്റം പ്രാബല്യത്തിൽ വരും. പുതിയ സ്ഥലങ്ങൾ അനുവദിച്ചാൽ ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും വ്യവസ്ഥയുണ്ട്. നേരത്തെ 2023 നവംബറിൽ എടുത്ത തീരുമാനത്തിൽ ഭേദഗതി വരുത്തിയാണ് ഇപ്പോൾ പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പാർപ്പിട മേഖലകളിലെ തിരക്കും സ്വകാര്യതയും സംരക്ഷിക്കുന്നതിനാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.