
Tiger Tower ദുബായ്: മറീനയിലെ ടൈഗർ ടവർ ഉടമകൾക്കും താമസക്കാർക്കും ആശ്വാസ വാർത്ത. 2025 ജൂൺ മാസം ടൈഗർ ടവറിലുണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന് വാസയോഗ്യമല്ലാതായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കും ഇൻഷുറൻസ് വിതരണത്തിനുമുള്ള സമയപരിധി പ്രഖ്യാപിച്ചു. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റാണ് പ്രഖ്യാപനം നടത്തിയത്. ഇൻഷുറൻസ് തുക സംബന്ധിച്ച ഉടമകളുടെ ദീർഘകാലത്തെ ആശങ്കകൾക്കാണ് ഇപ്പോൾ പരിഹാരമായത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക കരാറുകാരനെ നിയമിച്ചതായും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ആദ്യ ഗഡു കൈമാറിയതായും ഡിഎൽഡി ഉടമകളെ അറിയിച്ചു.
കെട്ടിടത്തിന്റെ ഘടനാപരമായ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഏകദേശം എട്ട് മാസമെടുക്കും. ഇതിനുശേഷം മാത്രമേ ഉടമകൾക്ക് അപ്പാർട്ട്മെന്റുകൾ കൈമാറുകയുള്ളൂ. കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനായി ഒരു കൺസൾട്ടന്റിനെ നിയമിച്ചിട്ടുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിക്കുന്നത് പൂർത്തിയാകുന്നതോടെ അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
2025 ജൂൺ 13 വെള്ളിയാഴ്ച വൈകുന്നേരമാണ് 67 നിലകളുള്ള ടൈഗർ ടവറിൽ തീപിടുത്തമുണ്ടായത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Bakery Food യുഎഇയിലെ ബേക്കറി ഭക്ഷണങ്ങളിൽ ഉപ്പിന്റെ അളവ് കുറയും; കാരണമിതാണ്….
Bakery Food ദുബായ്: ബേക്കറി ഭക്ഷണങ്ങളിലെയും പ്രോസസിംഗ്, പായ്ക്ക്ഡ് ഫുഡുകളിലെയും ഉപ്പിന്റെ അളവ് നിയന്ത്രിക്കാൻ യുഎഇ. ഇത് സംബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് യുഎഇ അധികൃതർ. 96.2% യുഎഇ നിവാസികളും, ശുപാർശ ചെയ്യുന്ന ദൈനംദിന പരിധിക്ക് മുകളിൽ സോഡിയം ഉപയോഗിക്കുന്നുണ്ടെന്ന് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ സർവേയിൽ നിന്നുള്ള ആശങ്കാജനകമായ കണ്ടെത്തലുകളെത്തുടർന്നാണ് നടപടി.
ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുള്ള സമഗ്രമായ തന്ത്രത്തിന്റെ ഭാഗമായി ബ്രെഡിലും മറ്റ് ഭക്ഷ്യ വിഭാഗങ്ങളിലും പരമാവധി ഉപ്പ് അളവ് നിർബന്ധമാക്കുന്ന പുതിയ നിയമങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബേക്കറികൾക്കും ഭക്ഷ്യ നിർമ്മാതാക്കൾക്കും പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൾ റഹ്‌മാൻ അൽ റാൻഡ് സ്ഥിരീകരിച്ചു. ബ്രെഡ്, ബേക്കറി ഉൽപ്പന്നങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ എത്രമാത്രം ഉപ്പ് ഉപയോഗിക്കുന്നുവെന്ന് നിയന്ത്രിക്കേണ്ടതുണ്ടെന്നും കൃത്യമായ പരമാവധി ശതമാനം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ സോഡിയം ആവശ്യമാണെങ്കിലും, ഇതിന്റെ അമിത ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ അമിതമായ ഉപ്പ് ഉപയോഗം കാരണം ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കരോഗങ്ങൾ എന്നിവ ഉണ്ടാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സർവേ പ്രകാരം യുഎഇയിലെ മുതിർന്നവരിൽ 25.9 ശതമാനം പേർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ട്. പലരും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന കാര്യം തിരിച്ചറിയുന്നില്ല എന്നതാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തിൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ബ്രെഡ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങളിൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
Gold Rate UAE യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ്; വില വിവരങ്ങൾ അറിയാം
Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 0.75 ദിർഹം കുറഞ്ഞ് 537.75 ദിർഹമായിരുന്നു. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 0.50 ദിർഹം കുറഞ്ഞ് 498.0 ദിർഹമായി.
21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 477.5 ദിർഹം, 409.25 ദിർഹം, 319.25 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്.ത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.
Spice Jet Flight നാട്ടിൽ നിന്നും യുഎഇയിലേക്കുള്ള വിമാനം വൈകിയത് 14 മണിക്കൂറോളം; കാരണമിത്….
Spice Jet Flight കരിപ്പൂർ: കോഴിക്കോട് – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം 14 മണിക്കൂറോളം വൈകി. കരിപ്പൂരിൽനിന്ന് തിങ്കളാഴ്ച രാത്രി 11.50ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം നേരം വൈകിയത്. ഒടുവിൽ ഇന്നലെ ഉച്ചയ്ക്ക് 1.40ന് ആണ് വിമാനം പുറപ്പെട്ടത്. തിങ്കളാഴ്ച രാത്രി വിമാനത്താവളത്തിലേക്ക പുറപ്പെടാനിരിക്കെയാണ് വിമാനം വൈകുമെന്ന സന്ദേശം ലഭിച്ചെന്നും തുടർന്ന് പലതവണ സമയം നീട്ടിയതായി അറിയിച്ചെന്നും യാത്രക്കാർ വ്യക്തമാക്കുന്നു. സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന് കാരണമായി പറഞ്ഞിരുന്നത്.
വിമാനത്താവളത്തിലേക്കു പുറപ്പെട്ട ശേഷം വീട്ടിലേക്കു തിരിച്ചുപോകേണ്ട അവസ്ഥ പലർക്കുമുണ്ടായി. ഒടുവിൽ ഇന്നലെ രാവിലെ 10.30ന് പുറപ്പെടുമെന്ന് അറിയിച്ചതിനെത്തുടർന്ന് രാവിലെ ഏഴോടെ യാത്രക്കാർ വിമാനത്താവളത്തിലെത്തുകയായിരുന്നു. ബോർഡിങ് പാസ് എടുത്ത് യാത്രയ്ക്കു കാത്തുനിൽക്കുമ്പോഴാണ് വിമാനം വീണ്ടും വൈകുമെന്ന് അറിയിച്ചത്. ഇതോടെ യാത്രക്കാർ ബഹളം വെയ്ക്കുകയും ചെയ്തു. പിന്നീട് ഇന്നലെ ഉച്ചയ്ക്ക് 1.40 ന് വിമാനം ദുബായിലേക്ക് പുറപ്പെടുകയായിരുന്നു.
Road Maintenance യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയിലെ അൽ റഗ് ടണൽ താത്ക്കാലികമായി അടച്ചു
Road Maintenance ഷാർജ: ഖോർഫക്കാൻ റോഡിലെ അൽ റഗ് ടണൽ താൽക്കാലികമായി അടച്ചു. അറ്റകുറ്റപ്പണിയുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് നടപടി. ഷാർജ സിറ്റിയിലേക്കുള്ള ദിശയിൽ ജനുവരി 11 വരെയാണ് നിയന്ത്രണം. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
അടച്ചിടലിന്റെ ഭാഗമായി ഷാർജ റിങ് റോഡിലും അൽ ദൈദ് റോഡിലും ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. യാത്രക്കാർ ബദൽ റോഡുകളെ ആശ്രയിക്കണമെന്നും അതോറിറ്റി നിർദ്ദേശം നൽകി.
AbuDhabi Car Accident അബുദാബി വാഹനാപകടം; മരണപ്പെട്ട പൊന്നോമനകൾക്ക് അന്ത്യയാത്രയേകി അമ്മ, കണ്ടുനിൽക്കാനാകാതെ ആശുപത്രി ജീവനക്കാർ
അബുദാബി: അബുദാബി വാഹനാപകടത്തിൽ മരണപ്പെട്ട പൊന്നോമനകൾക്ക് അന്ത്യയാത്രയേകി മാതാവ് റുക്‌സാന. അപകടത്തിൽ പരിക്കേറ്റ റുക്‌സാനയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിൽ മൃതദേഹങ്ങൾ എത്തിച്ചായിരുന്നു യാത്രാമൊഴിയേകാൻ അവസരമൊരുക്കിയത്. കണ്ടുനിന്ന ആശുപത്രി ജീവനക്കാർക്കെല്ലാം തീരാനോവായ കാഴ്ച്ചയായിരുന്നു അത്. അഷസ് (14), അമ്മാർ (12), അസം (7), അയാഷ് (5) എന്നിവരുടെ മൃതദേഹമാണ് ആശുപത്രിയിലെത്തിച്ചത്.
കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ആശുപത്രിയിലുള്ള ഡയറക്ടർ ഫൈസൽ ഉൾപ്പെടെ മുഴുവൻ സ്വദേശി ജീവനക്കാരും എത്തിയതെങ്കിലും റുക്‌സാനയുടെ സങ്കടത്തിന് മുന്നിൽ ഇവർക്കൊന്നും പിടിച്ചു നിൽക്കാൻ പോലും കഴിഞ്ഞില്ല. ചരിത്രത്തിൽ ആദ്യമായാണ് ഒരു രോഗിയെ കാണിക്കാനായി നാലു മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നത്. ഖബറടക്ക ചടങ്ങിന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ദുബായിലേക്കു പോകാൻ ബസും ആശുപത്രി ഏർപ്പാടാക്കിയിരുന്നു.
മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും നാലു മക്കളും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്‌റയുമാണു ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ദുബായ് ഖിസൈസിലെ ശ്മശാനത്തിലാണ് ഇവരുടെ ഖബറടക്കം നടത്തിയത്. അടുത്തടുത്ത ഖബറുകളിലാണ് നാലു പേർക്കും അന്ത്യവിശ്രമമൊരുക്കിയത്. അപകടത്തെ തുടർന്ന് അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന അബ്ദുൽ ലത്തീഫ് ദുബായിലെത്തി മക്കൾക്ക് അന്ത്യോപചാരമർപ്പിച്ചു. ലത്തീഫിനെ ആശ്വസിപ്പിക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.
Bus Route RTA യുഎഇയിൽ പുതിയ നാല് ബസ് റൂട്ടുകൾ കൂടി ആരംഭിക്കുന്നു; എഴുപതോളം റൂട്ടുകളിൽ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റം
Bus Route RTA ദുബായ്: ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിക്കുന്നു. ദുബായിലെ പൊതുഗതാഗത ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ) പുതിയ സർവീസുകൾ ആരംഭിച്ചത്. ഈ മാസം 9 മുതലാണ് സർവ്വീസുകൾ നിലവിൽ വരുന്നത്.
എഴുപതോളം നിലവിലുള്ള റൂട്ടുകളിൽ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയങ്ങളിൽ കൂടുതൽ മികച്ച സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റൂട്ട് 88എ: രാവിലെ സത്വ ബസ് സ്റ്റേഷനിൽ നിന്ന് ജുമൈറ 3 ലേക്ക്, റൂട്ട് 88ബി വൈകിട്ട് ജുമൈറ 3 യിൽ നിന്ന് സത്വ ബസ് സ്റ്റേഷനിലേക്ക്, റൂട്ട് 93എ: രാവിലെ സത്വ ബസ് സ്റ്റേഷനിൽ നിന്ന് അൽ വസലിലേക്ക്, റൂട്ട് 93ബി: വൈകിട്ട് അൽ വസലിൽ നിന്ന് സത്വ ബസ് സ്റ്റേഷനിലേക്ക് എന്നിവയാണ് പുതിയ റൂട്ടുകൾ.
പ്രധാന റൂട്ടുകളിൽ വരുത്തിയ മാറ്റങ്ങൾ
റൂട്ട് 13എ: സർവീസ് അൽ മുഹൈസിന 2 (എഴാമത്തെ സ്ട്രീറ്റ്) വരെ നീട്ടി.
റൂട്ട് 29: എമിറേറ്റ്‌സ് ടവർ സ്റ്റോപ്പ് ഒഴിവാക്കി, പകരം മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു.
റൂട്ട് 55: ഇന്റർനാഷനൽ സിറ്റിയിലെ ഗ്രീസ് ക്ലസ്റ്റർ വരെ സർവീസ് നീട്ടി.
റൂട്ട് എഫ്39: ഔദ് അൽ മുതീന പ്രദേശം കൂടി ഉൾപ്പെടുത്തി റൂട്ട് വിപുലീകരിച്ചു.
റൂട്ട് 18: അൽ നഹ്ദ പോണ്ട് പാർക്ക്, എം.എസ്.ബി പ്രൈവറ്റ് സ്‌കൂൾ എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു.
റൂട്ട് ഇ100, ഇ201: മാക്‌സ് മെട്രോ സ്റ്റേഷനിലെ സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിലേക്ക് മാറ്റി.
Rain UAE യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയെന്ന് പ്രവചനം
Rain UAE അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മഴയുണ്ടാകുമെന്നുമാണ് പ്രവചനം.
ചില ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും, മൂടൽമഞ്ഞോ നേരിയ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത നേരിയതോ മിതമായതോ ആയിരിക്കും. കാറ്റ് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് വീശാനിടയുണ്ട്.
അറേബ്യൻ ഗൾഫിലെ സമുദ്രസാഹചര്യം നേരിയതോ മിതമായതോ ആയിരിക്കും. ആദ്യത്തെ ഉയർന്ന വേലിയേറ്റം 15:25 നും രണ്ടാമത്തേത് 05:25 നും സംഭവിക്കും, ആദ്യത്തെ താഴ്ന്ന വേലിയേറ്റം 09:18 നും രണ്ടാമത്തേത് 22:18 നും ആയിരിക്കും.
ഇൻഫ്ലുവൻസറുടെ ചിത്രം മസാജ് സെന്‍റർ പരസ്യത്തിന് ഉപയോഗിച്ചു: മലയാളി യുഎഇയിൽ അറസ്റ്റിൽ
massage center ad അജ്മാൻ: യുഎഇയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ഉപയോഗിച്ച സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള കണ്ണൂർ മട്ടന്നൂർ ആറളം സ്വദേശിനി ഹഫീസയുടെ ചിത്രങ്ങളാണ് പ്രതി ദുരുപയോഗം ചെയ്തത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹഫീസ, യുഎഇ സർക്കാരിന്റെ അംഗീകൃത ലൈസൻസോടെയാണ് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നത്. എന്നാൽ, രണ്ട് മസാജ് സെന്ററുകൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ നൽകുകയായിരുന്നു. ‘മസാജിന് ലഭ്യമാണ്’ തുടങ്ങിയ രീതിയിലുള്ള മോശം വാചകങ്ങൾ ചിത്രങ്ങൾക്കൊപ്പം ചേർത്തായിരുന്നു പ്രചാരണം. തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യുഎഇ സൈബർ നിയമപ്രകാരം സോഷ്യൽ മീഡിയ വഴി ഒരാളെ അപകീർത്തിപ്പെടുത്തുന്നത് ഗുരുതര കുറ്റമാണ്. പ്രതിക്ക് തടവ് ശിക്ഷ, 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ (ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ) പിഴ എന്നിങ്ങനെ ലഭിക്കും. സൈബർ അതിക്രമങ്ങൾ നേരിടുമ്പോൾ ഭയപ്പെടാതെ നിയമപരമായി നേരിടണമെന്നും ഇത്തരം ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അബുദാബിയിലെ കാറപകടം: ബുഷ്റയുടെ മൃതദേഹം നാട്ടിലെത്തിച്ചു; നാല് സഹോദരങ്ങളുടെ കബറടക്കം ഇന്ന് യുഎഇയിൽ
Malayali Accident Death അബുദാബി/മലപ്പുറം: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി പ്രവാസി ബുഷ്റ ഫയാസ് യാഹുവിന്റെ (49) മൃതദേഹം ജന്മനാടായ കേരളത്തിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഭർത്താവും മകനും ചേർന്ന് ഏറ്റുവാങ്ങി. മലപ്പുറം സ്വദേശിയായ ബുഷ്റയുടെ കബറടക്കം ഇന്ന് സ്വന്തം നാട്ടിൽ നടക്കും. ഞായറാഴ്ച പുലർച്ചെ ലിവ ഫെസ്റ്റിവലിൽ നിന്ന് ദുബായിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ബുഷ്റ ജോലി ചെയ്തിരുന്ന വീട്ടിലെ നാല് ആൺകുട്ടികളും അപകടത്തിൽ മരിച്ചിരുന്നു. ആഷാസ് (14), അമ്മാർ (12), അയ്യാഷ് (5) എന്നിവർ സംഭവസ്ഥലത്തും അസാം (7) തിങ്കളാഴ്ച വൈകിട്ടുമാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ അബ്ദുൾ ലത്തീഫും റുഖ്സാനയും, ഏക മകൾ ഇസ്സയും (10) അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് വർഷം മുൻപാണ് ബുഷ്റ യുഎഇയിലെത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് നാട്ടിൽ പോയി മടങ്ങിയെത്തിയതായിരുന്നു. ജോലി ചെയ്തിരുന്ന കുടുംബം ബുഷ്റയെ സ്വന്തം അംഗത്തെപ്പോലെയാണ് കണ്ടിരുന്നതെന്ന് ബന്ധുക്കൾ അനുസ്മരിച്ചു. റുഖ്സാനയുടെ സഹോദരന്റെ വീട്ടിലായിരുന്നു ബുഷ്റ ജോലി ചെയ്തിരുന്നത്. അവർ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് പോയപ്പോഴാണ് ബുഷ്റ താൽക്കാലികമായി റുഖ്സാനയുടെ വീട്ടിലെത്തിയതും ദാരുണമായ ഈ യാത്രയിൽ പങ്കുചേർന്നതും. അപകടത്തിൽ മരിച്ച നാല് സഹോദരങ്ങളെയും ഇന്ന് യുഎഇയിൽ കബറടക്കും. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മാതാപിതാക്കളെ മക്കളുടെ മരണവിവരം അറിയിക്കുന്നതിലെ പ്രയാസം കാരണമാണ് സംസ്കാര ചടങ്ങുകൾ വൈകിയത്. ദുബായിലെ അറബ് യൂണിറ്റി സ്കൂളിലെ വിദ്യാർത്ഥികളായ ഈ കുട്ടികളുടെ വേർപാട് പ്രവാസി മലയാളി സമൂഹത്തിനിടയിൽ വലിയ നോവായി മാറിയിരിക്കുകയാണ്.
യുഎഇ സുഹൃത്തിന് ലക്ഷങ്ങള്‍ തിരികെ നൽകണം; രണ്ട് സഹോദരന്മാർക്ക് കോടതി ഉത്തരവ്; വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി
Dubai Court ദുബായ്: അറബ് വംശജനായ സുഹൃത്തിൽ നിന്ന് കടമായി വാങ്ങിയ 57,000 ദിർഹം നിയമപരമായ പലിശ സഹിതം തിരികെ നൽകാൻ രണ്ട് സഹോദരന്മാർക്ക് ദുബായ് കോടതി ഉത്തരവിട്ടു. സൗഹൃദത്തിന്റെ പേരിൽ വാങ്ങിയ പണം തിരിച്ചടയ്ക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. സഹോദരന്മാരിൽ ഒരാളുടെ അഭ്യർത്ഥനപ്രകാരം ചുരുങ്ങിയ കാലയളവിനുള്ളിൽ തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് പരാതിക്കാരൻ 57,000 ദിർഹം നൽകിയത്. തുക നേരിട്ട് കൈമാറുകയായിരുന്നു. പണം തിരികെ ചോദിച്ചുകൊണ്ടുള്ള വാട്സാപ്പ് സന്ദേശങ്ങളും, രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ ഫോണിലൂടെ പണം നൽകാമെന്ന് ഇവർ സമ്മതിച്ചതുമാണ് കേസിൽ പ്രധാന തെളിവുകളായത്. സഹോദരന്മാരിൽ ഒരാൾ തുക കൈപ്പറ്റിയത് നിഷേധിക്കുകയും വാട്സാപ്പ് സന്ദേശങ്ങൾ വെറും തമാശയ്ക്ക് അയച്ചതാണെന്ന് വാദിക്കുകയും ചെയ്തു. എന്നാൽ ഇലക്ട്രോണിക് സന്ദേശങ്ങൾ നിയമപരമായി രേഖാമൂലമുള്ള തെളിവായി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. പണം നൽകിയെന്ന് പരാതിക്കാരൻ സത്യപ്രതിജ്ഞ ചെയ്തതോടെ കോടതിക്ക് കാര്യങ്ങളിൽ ബോധ്യം വന്നു. 57,000 ദിർഹം പരാതിക്കാരന് തിരികെ നൽകണം. പരാതി നൽകിയ തീയതി മുതൽ തുക പൂർണ്ണമായി അടച്ചു തീർക്കുന്നത് വരെ അഞ്ച് ശതമാനം നിയമപരമായ പലിശയും കോടതി ചെലവും സഹോദരന്മാർ വഹിക്കണം. വായ്പയെടുത്ത പണം രണ്ട് സഹോദരന്മാരും ഒരേപോലെ പ്രയോജനപ്പെടുത്തിയതിനാൽ തുക തിരിച്ചടയ്ക്കാൻ ഇരുവരും തുല്യമായി ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിട്ടു. നിയമപരമായ കാരണങ്ങളില്ലാതെ മറ്റൊരാളുടെ പണം കൈവശം വെക്കുന്നത് കുറ്റകരമാണെന്ന തത്വം കോടതി ഈ വിധിയിലൂടെ അടിവരയിട്ടു.
സ്വർണവില സർവകാല റെക്കോർഡിൽ; ദുബായിൽ 22 കാരറ്റ് ഗ്രാമിന് 500 ദിർഹത്തിലേക്ക്
Dubai Gold price ദുബായ്: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളെത്തുടർന്ന് സ്വർണ്ണവില ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ചൊവ്വാഴ്ച രാവിലെ ദുബായ് വിപണി തുറന്നപ്പോൾ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 498.25 ദിർഹം ആയി ഉയർന്നു. ഈ ആഴ്ച തന്നെ ഇത് 500 ദിർഹം കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ദുബായിലെ ഇന്നത്തെ സ്വർണ്ണനിരക്ക് (ഗ്രാമിന്): 24 കാരറ്റ്: 538.25 ദിർഹം (2 ദിർഹം വർദ്ധിച്ചു), 22 കാരറ്റ്: 498.25 ദിർഹം (1.75 ദിർഹം വർദ്ധിച്ചു), 21 കാരറ്റ്: 477.75 ദിർഹം,18 കാരറ്റ്: 409.5 ദിർഹം. അമേരിക്ക-വെനിസ്വേല സംഘർഷം: വെനിസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കവും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റുമാണ് ഈ ആഴ്ച സ്വർണ്ണവില കുതിച്ചുയരാൻ പ്രധാന കാരണമായത്. 2026-ന്റെ തുടക്കത്തിൽ തന്നെ ഇത് ആഗോള രാഷ്ട്രീയ സാഹചര്യത്തെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. വെനസ്വേലയ്ക്ക് പുറമെ മെക്സിക്കോ, കൊളംബിയ, ഇറാൻ, ഗ്രീൻലാൻഡ്, ക്യൂബ എന്നീ രാജ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ മുന്നറിയിപ്പ് നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നു. മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന്റെ പ്രിയം വർദ്ധിപ്പിക്കുന്നു. വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യം അസ്ഥിരമായി തുടരുന്നതും ഊർജ്ജ-സ്വർണ്ണ വിപണികളിലെ വെനിസ്വേലയുടെ സ്വാധീനവും വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.
യുഎഇയിൽ കനത്ത ഗതാഗതക്കുരുക്ക്; സ്കൂളുകൾ തുറന്ന രണ്ടാം ദിനം റോഡുകളിൽ വാഹനത്തിരക്ക് വർധിച്ചു
UAE traffic alert ദുബായ്/ഷാർജ: ശൈത്യകാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതിന്റെ രണ്ടാം ദിനമായ ഇന്ന് (ചൊവ്വ, ജനുവരി 6, 2026) യുഎഇയിലെ പ്രധാന റോഡുകളിൽ കനത്ത തിരക്ക് അനുഭവപ്പെടുന്നു. ദുബായിലും ഷാർജയിലും ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവർ ഗതാഗതക്കുരുക്കിൽ വലഞ്ഞു. ഷെയ്ഖ് സായിദ് റോഡില്‍ (E11) ബിസിനസ് ബേ, അൽ സഫ എക്സിറ്റുകൾക്ക് സമീപം വലിയ വാഹനനിരയാണ് കാണപ്പെടുന്നത്. ഔദ് മേത്ത റോഡ് കോറിഡോറിലെ വികസന പ്രവർത്തനങ്ങൾ ഈ മേഖലയിലെ തിരക്ക് വർദ്ധിപ്പിച്ചു. മുഹമ്മദ് ബിൻ സായിദ് റോഡില്‍ (E311) റാസ് അൽ ഖോറിൽ നിന്ന് ജെബൽ അലി ഭാഗത്തേക്ക് പോകുന്ന പാതയിൽ വാഹനങ്ങൾ വളരെ സാവധാനത്തിലാണ് നീങ്ങുന്നത്. അൽ ഖൈൽ റോഡില്‍ (E44) പ്രധാന ബിസിനസ് ഹബ്ബുകളിലേക്കും സ്കൂൾ മേഖലകളിലേക്കുമുള്ള വാഹനങ്ങൾ ഒരേസമയം എത്തിയതോടെ യാത്രാസമയത്തിൽ 15 മുതൽ 20 മിനിറ്റ് വരെ അധികം വേണ്ടിവരുന്നു. ഖോർഫക്കാൻ റോഡില്‍ അൽ റുഗ് തുരങ്കം അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിട്ടുണ്ട്. ജനുവരി 11 വരെയാണ് നിയന്ത്രണം. ഇതേത്തുടർന്ന് അൽ ദൈദ് റോഡിലും ഷാർജ റിങ് റോഡിലും കനത്ത തിരക്ക് അനുഭവപ്പെടുന്നു. അൽ നഹ്ദ, അൽ വഹ്ദ സ്ട്രീറ്റ് വഴി ദുബായിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. തിരക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കണമെന്നും കൂടുതൽ സമയം കണക്കാക്കി യാത്ര ആരംഭിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നോക്കി യാത്ര പ്ലാൻ ചെയ്യുന്നത് ഗുണകരമാകും.
യുഎഇയില്‍ ഈ പ്രദേശത്ത് ‘പെയ്ഡ് പാര്‍ക്കിങ്’ വരുന്നു; മേഖലകള്‍ ഇവയാണ്
Paid parking അബുദാബി: അബുദാബിയിലെ പ്രധാന വ്യാവസായിക മേഖലയായ മുസഫയിൽ പൊതു പാർക്കിംഗ് സംവിധാനം കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തുന്നു. ജനുവരി 12 മുതൽ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവർത്തനക്ഷമമാകുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. മുസഫയിലെ M1, M2, M3, M4, M24 സെക്ടറുകളിലാണ് ആദ്യഘട്ടത്തിൽ പെയ്ഡ് പാർക്കിംഗ് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഇടങ്ങൾ ഉൾപ്പെടെ മൊത്തം 4,680 പാർക്കിംഗ് ഇടങ്ങൾ ഇതിന്റെ പരിധിയിൽ വരും. സാധാരണ പാർക്കിംഗിന് മണിക്കൂറിന് 2 ദിർഹം ആണ് നിരക്ക്. ദർബ് (Darb), ടാം (Tamm) ആപ്പുകൾ വഴിയോ, എസ്എംഎസ് വഴിയോ, പാർക്കിംഗ് സ്ഥലങ്ങളിലെ മെഷീനുകൾ വഴിയോ ഫീസ് അടയ്ക്കാം. മുസഫയിലെ വർദ്ധിച്ചുവരുന്ന വാഹനത്തിരക്കും അശാസ്ത്രീയമായ പാർക്കിംഗും നിയന്ത്രിക്കുകയാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും സന്ദർശകർക്കും ജീവനക്കാർക്കും പാർക്കിംഗ് ഇടങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും സഹായിക്കും. അബുദാബിയിലെ പാർക്കിംഗ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം (2025) അൽ ഷഹാമ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലും പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കിയിരുന്നു. ഈസ്റ്റ് മംഗ്രൂവ്സ്, ഡോൾഫിൻ പാർക്ക് തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലും നിലവിൽ ക്രമീകരിച്ച പാർക്കിംഗ് സംവിധാനമാണുള്ളത്. മുസഫയിൽ എത്തുന്ന വാഹന ഉടമകൾ നിയമലംഘനങ്ങൾ ഒഴിവാക്കാൻ നിശ്ചിത സമയത്തിനുള്ളിൽ പാർക്കിംഗ് ഫീസ് അടയ്ക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു; മസാജ് സെന്‍ററുകൾക്കെതിരെ നിയമപോരാട്ടവുമായി യുഎഇ ഇൻഫ്ലുവൻസർ
UAE massage centres അജ്മാൻ: തന്റെ ചിത്രങ്ങൾ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുകയും മോശമായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമപോരാട്ടവുമായി യുഎഇയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്ത്യൻ സ്വദേശിനിയായ ബ്ലോഗറുടെ ചിത്രങ്ങളാണ് രണ്ട് മസാജ് സെന്ററുകൾ അവരുടെ പരസ്യങ്ങൾക്കായി ദുരുപയോഗം ചെയ്തത്. യുവതിയുടെ ചിത്രങ്ങൾക്കൊപ്പം അശ്ലീല ചുവയുള്ളതും അപകീർത്തികരവുമായ അടിക്കുറിപ്പുകൾ ചേർത്താണ് മസാജ് സെന്ററുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി നിയമനടപടിയുമായി മുന്നോട്ട് പോയെങ്കിലും ഉയർന്ന വക്കീൽ ഫീസ് വലിയ തടസ്സമായി. എന്നാൽ, ഡിജിറ്റൽ അതിക്രമത്തിന്റെ ഗൗരവം കണക്കിലെടുത്ത് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി സൗജന്യമായി കേസ് ഏറ്റെടുത്തു. അജ്മാൻ പബ്ലിക് പ്രോസിക്യൂഷൻ വഴി രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ പോലീസ് അന്വേഷണം നടത്തുകയും കുറ്റക്കാരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തൽ യുഎഇയിൽ അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. 2021-ലെ ഫെഡറൽ ഡിക്രി നിയമം (Law No. 34 of 2021) പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് താഴെ പറയുന്ന ശിക്ഷകൾ ലഭിക്കാം. 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ (ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ). സോഷ്യൽ മീഡിയയിൽ അപമാനിക്കപ്പെട്ടാൽ ഭയന്ന് പിന്മാറാതെ സ്ത്രീകൾ ധീരമായി മുന്നോട്ട് വരണമെന്നും നിയമസഹായം തേടണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു. ഓഡിയോ, വീഡിയോ, ലൈവ് സ്ട്രീം തുടങ്ങി ഏത് രൂപത്തിലുള്ള അധിക്ഷേപങ്ങൾക്കെതിരെയും യുഎഇ അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎഇയില്‍ പ്രവാസിയെ കാണാതായത് ക്രിസ്മസ് ദിനത്തില്‍; പത്ത് ദിവസത്തിന് ശേഷം ആശുപത്രിയിൽ കണ്ടെത്തി
UAE Missing Expat Found അബുദാബി: ക്രിസ്മസ് ദിനത്തിൽ അബുദാബിയിൽ നിന്ന് കാണാതായ 52കാരനായ ഫിലിപ്പൈൻ പ്രവാസി ആൻഡ്രസ് അന്ദായ ബാലനെയെ പത്ത് ദിവസത്തെ തെരച്ചിലിനൊടുവിൽ ആശുപത്രിയിൽ കണ്ടെത്തി. അബുദാബിയിലെ ഒരു ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുകയാണ് ഇദ്ദേഹമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഡിസംബർ 25-ന് രാവിലെ 7:30-നാണ് ആൻഡ്രസ് അവസാനമായി നാട്ടിലുള്ള കുടുംബവുമായി സംസാരിച്ചത്. അന്ന് ക്രിസ്മസ് പ്രമാണിച്ച് പള്ളിയിൽ പോകാൻ പ്ലാൻ ചെയ്യുന്നതായി അദ്ദേഹം മകളോട് പറഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. കുടുംബം സോഷ്യൽ മീഡിയയിൽ നൽകിയ പരസ്യം കണ്ട് ചില സുമനസ്സുകൾ നൽകിയ വിവരമാണ് ആൻഡ്രസിനെ കണ്ടെത്താൻ സഹായിച്ചത്. ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ഇതുവരെ ബോധം വീണ്ടെടുത്തിട്ടില്ലെന്നുമാണ് വിവരം. നാട്ടിലുള്ള ആൻഡ്രസിന്റെ ഭാര്യയും മകൾ എസ്രയും വലിയ ആശങ്കയിലാണ്. ആൻഡ്രസിന് രക്തസമ്മർദ്ദം (High BP) ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നുവെന്ന് മകൾ പറയുന്നു. അബുദാബി മുസഫയിലെ ഒരു എൻജിനീയറിങ് കമ്പനിയിലാണ് ആൻഡ്രസ് ജോലി ചെയ്തിരുന്നത്. എന്നാൽ കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ കുടുംബത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ആൻഡ്രസിന്റെ കുടുംബം ഫിലിപ്പൈൻസിലെ ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്‌ട്രേഷനിൽ (OWWA) പരാതി നൽകിയിട്ടുണ്ട്. കൂടാതെ ദുബായിലുള്ള ഇദ്ദേഹത്തിന്റെ ബന്ധു നാളെ അബുദാബിയിലെ ആശുപത്രിയിലെത്തി ആരോഗ്യനിലയെക്കുറിച്ചും മറ്റ് വിവരങ്ങളും നേരിട്ട് അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
അവധിക്കാലം കഴിഞ്ഞ് എത്തേണ്ടിയിരുന്ന വിദ്യാര്‍ഥികള്‍ ഇനി കണ്ണീരോര്‍മ; സഹപാഠികൾ വിതുമ്പലോടെ മടങ്ങി
UAE Malayali siblings deaths ദുബായ്: ശൈത്യകാല അവധി കഴിഞ്ഞ് സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങിയെത്തേണ്ടിയിരുന്ന വിദ്യാർഥികൾക്ക് ഇന്ന് കണ്ണീരോർമ്മകളുടെ ദിനമായി. ദുബായിലെ അറബ് യൂണിറ്റി സ്കൂളിലെ വിദ്യാർത്ഥികളായ മൂന്ന് മലയാളി സഹോദരങ്ങൾ അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വാർത്തയറിഞ്ഞ് വിദ്യാലയം ഒന്നടങ്കം ദുഃഖത്തിലാണ്ടു. ലിവാ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം അബുദാബിയിൽ നിന്നും ദുബായിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് ഞായറാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാർ (12), അയ്യാഷ് (5) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഇവരുടെ വീട്ടുജോലിക്കാരി ബുഷ്‌റയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളായ അബ്ദുൽ ലത്തീഫും റുക്സാനയും മറ്റ് രണ്ട് മക്കളായ അസാം (7), ഇസ്സ (10) എന്നിവരും അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂളിലെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റ മാർക്ക് പോളിറ്റിന് തന്റെ ആദ്യ പ്രവൃത്തിദിനത്തിൽ തന്നെ ഈ തീരാദുഃഖം സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും പങ്കുവെക്കേണ്ടി വന്നു. ഓരോ കുട്ടിയെയും കുറിച്ച് അദ്ദേഹം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. അഷാസ് (10): ശാന്തനും പക്വതയുള്ളവനുമായ വിദ്യാർത്ഥി, അമ്മാർ (9) പ്രസന്നവാനും ഊർജ്ജസ്വലനുമായ ഫുട്ബോൾ പ്രേമി, അയ്യാഷ് (FS student) കഥകൾ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന, വലുതാകുമ്പോൾ ഫയർ ഫൈറ്റർ ആകാൻ ആഗ്രഹിച്ചിരുന്ന അഞ്ചു വയസ്സുകാരൻ. മരണവാർത്തയറിഞ്ഞ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക പിന്തുണ നൽകാനായി സ്‌കൂളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സ്‌കൂൾ അസംബ്ലിയിൽ ഖുർആൻ പാരായണവും ഒരു മിനിറ്റ് മൗനവും ആചരിച്ചു. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.