Stormy Weather ദുബായ്: യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും. ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വീടുകളിലുൾപ്പെടെ വെള്ളം കയറി. റോഡുകളിൽ ഗതാഗത തടസപ്പെടുകയും ചെയ്തു. കടകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് പല വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയ്ക്ക് പുറമെ പലയിടങ്ങളിലും ആലിപ്പഴ വർഷവുണ്ടായി. റാസൽഖൈമയിൽ വ്യാഴാഴ്ച്ച മുതൽ തുടർച്ചയായി മഴ പെയ്യുകയാണ്. വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. പലരുടെയും കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മരക്കൊമ്പുകളും ചില്ലകളും വീണ് ചില വാഹനങ്ങൾ തകർന്നു.
നടപ്പാതകളിൽ ഉൾപ്പെടെ മരച്ചില്ലകൾ ഒടിഞ്ഞുവീണു കിടന്നിരുന്നു. പാർക്കിംഗ് സ്ഥലങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണു. പല സ്ഥലങ്ങളിലും ശക്തമായ ഇടിമിന്നലുമുണ്ടായി. അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ റാസൽഖൈമ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അരുവികളിൽ നിന്നും ജലാശയങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Digital Transactions പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ നടത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടിയേക്കാം….
Digital Transactions ദുബായ്: ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടിയേക്കാം. ഒരു നിമിഷത്തെ അശ്രദ്ധ വലിയ ചതിക്കുഴിയാകുമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ആപ്പ് വഴി നാട്ടിലേക്ക് പണമയച്ച ഇന്ത്യക്കാരനായ പ്രവാസി യുവാവിന് 4,600 ദിർഹം (ഏകദേശം ഒരു ലക്ഷത്തിലധികം രൂപ) ആണ് നഷ്ടമായത്. അക്കൗണ്ടിൽ നിന്ന് പണം കുറഞ്ഞെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതോടെയാണ് തട്ടിപ്പിനെ കുറിച്ച് ബോധ്യമായത്. റെമിറ്റൻസ് ആപ്പ് വഴിയാണ് യുവാവ് പണമയച്ചത്. നവംബർ മാസം ആവസാനമായിരുന്നു സംഭവം. മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെട്ടു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ ആപ്പിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
റീഫണ്ട് നൽകാനോ പണം എവിടെയെന്ന് വ്യക്തമാക്കാനോ അധികൃതർ തയ്യാറാകാത്തത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. എക്‌സ്‌ചേഞ്ച് നിരക്കുകൾ വാഗ്ദാനം ചെയ്താണ് പല ആപ്പുകളും ഉപയോക്താക്കളെ വലയിലാക്കുന്നത്. യുഎഇ സെൻട്രൽ ബാങ്കിന്റെ ലൈസൻസില്ലാതെയാണ് പല ആപ്പുകളുടെയും പ്രവർത്തനം. ബാങ്കുകളോ ലൈസൻസുള്ള എക്‌സ്‌ചേഞ്ച് ഹൗസുകളോ നൽകുന്നതിനേക്കാൾ ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ ആദ്യ സൂചനയാണെന്ന് വിദഗ്ധർ പറയുന്നു. പണമയച്ചു കഴിഞ്ഞാൽ ‘പ്രോസസിങ് ഫീ’, ‘കസ്റ്റംസ് ചാർജ്’ എന്നിങ്ങനെ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ സ്ഥിരം രീതി. ‘ഓഫർ ഇപ്പോൾ തീരും’, ‘അക്കൗണ്ട് ബ്ലോക്ക് ചെയ്യും’ എന്നിങ്ങനെ പറഞ്ഞും ഉപഭോക്തക്കളിൽ നിന്നും പണം തട്ടിയെടുക്കാറുണ്ട്.
ഇത്തരം ചതിയിൽപ്പെട്ടാൽ ഒട്ടും വൈകാതെ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നൽകുന്ന നിർദ്ദേശം. പണം അയച്ച ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് ട്രാൻസാക്ഷൻ മരവിപ്പിക്കാൻ ആവശ്യപ്പെടുക. രാജ്യാന്തര ട്രാൻസ്ഫർ ആണെങ്കിൽ ‘സ്വിഫ്റ്റ് റീ കോൾ(SWIFT Recall)’ ആവശ്യപ്പെടാം. ഇടപാടിന്റെ റെസീപ്റ്റുകൾ, സ്‌ക്രീൻഷോട്ടുകൾ, ഇമെയിലുകൾ എന്നിവ കൃത്യമായി സൂക്ഷിക്കണം. ദുബായിൽ eCrime.ae വഴിയോ അബുദാബിയിൽ അമൻ സർവീസ്(Aman Service) വഴിയോ പരാതി നൽകണം. ഫെഡറൽ തലത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് വഴിയും പരാതി നൽകാൻ കഴിയും.
Remote Working അസ്ഥിര കാലാവസ്ഥ; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം, നിർദ്ദേശവുമായി അധികൃതർ
Remote Working ദുബായ്: രാജ്യത്ത് അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച്ച സ്വകാര്യ മേഖലാ ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് അനുവദിക്കണമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം. രാജ്യത്തുടനീളം അനുഭവപ്പെടുന്ന കനത്ത മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് നടപടി. രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യമേഖല സ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ തൊഴിൽ ആരോഗ്യ-സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ അപ്‌ഡേറ്റുകൾ സംബന്ധിച്ച് ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
വെള്ളിയാഴ്ച്ച യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇടിമിന്നലിനും ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ട്. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊതു പാർക്കുകളും ബീച്ചുകളും മറ്റ് തുറസ്സായ സ്ഥലങ്ങളും താൽക്കാലികമായി അടച്ചിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉത്തരവിട്ടു.
Big Ticket ഭാഗ്യദേവത കടാക്ഷിച്ചു; ബിഗ് ടിക്കറ്റിലൂടെ യുഎഇയിലെ മലയാളി നഴ്സിന് ലക്ഷങ്ങളുടെ സമ്മാനം
Big Ticket അബുദാബി: ബിഗ് ടിക്കറ്റിലൂടെ യുഎഇയിലെ മലയാളി നഴ്സിന് ലക്ഷങ്ങളുടെ സമ്മാനം. അജ്മാനിലെ മലയാളി നഴ്‌സ് ടിന്റു ജെസ്മോനെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) ആണ് ടിന്റുവിന് സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്കറ്റ് സീരീസ് 281-ലാണ് ടിന്റുവിന് ഭാഗ്യം തുണയായത്.
കഴിഞ്ഞ 15 വർഷമായി ടിന്റു യുഎഇയിലാണ്. തന്റെ പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ടിന്റു നവംബർ 30-ന് 522882 എന്ന നമ്പറിലുള്ള ടിക്കറ്റ് എടുത്തത്. സുഹൃത്തുക്കളിലൂടെയാണ് ടിന്റു ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. അഞ്ചു വർഷം മുൻപാണ് ടിന്റു ആദ്യമായി ഭാഗ്യം പരീക്ഷണം നടത്തിയത്. പല തവണ നിരാശയായിരുന്നു ഫലം. എന്നാൽ പ്രതീക്ഷയോടെ ടിന്റു വീണ്ടും ശ്രമം തുടർന്നു. ഒടുവിൽ ഭാഗ്യം ടിന്റുവിനെ തുണച്ചു.
ലഭിച്ച തുക ടിക്കറ്റെടുക്കാൻ കൂടെയുണ്ടായിരുന്ന പത്തു സുഹൃത്തുക്കൾക്കുമായി തുല്യമായി വീതിച്ചു നൽകുമെന്നാണ് ടിന്റു വ്യക്തമാക്കുന്നത്. തുടർന്നും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണങ്ങളിൽ പങ്കാളിയാകുമെന്നും വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകളിലും ഇതേ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും ഇവർ അറിയിച്ചു.
Indecency ബീച്ചിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ നടപടി സ്വീകരിച്ച് ദുബായ് പോലീസ്
Indecency ദുബായ്: ബീച്ചിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ വ്യക്തിക്കെതിരെ നടപടി സ്വീകരിച്ച് ദുബായ് പോലീസ്. പൊതുസ്ഥലത്ത് മോശമായി പെരുമാറിയെന്ന് സ്ത്രീ റിപ്പോർട്ട് നൽകിയ ഉടൻ തന്നെ പോലീസ് പ്രതിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ദ്രുതവേഗത്തിലുള്ള പ്രതികരണമാണ് ദുബായ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് യുവതി വ്യക്തമാക്കി. അധികൃതരുടെ നടപടിയ്ക്ക് യുവതി നന്ദി അറിയിക്കുകയും ചെയ്തു.
ദുബായ് പോലീസ് ആപ്പിലെ ഐ ഫീച്ചർ വഴി അപമര്യാദയായി പെരുമാറുന്നത് ഉൾപ്പെടെയുള്ള പരാതികളെ കുറിച്ച് റിപ്പോർട്ട് ചെയ്യാം. ബീച്ച് പാർക്കിംഗ് സ്ഥലത്ത് ഒരാൾ പരസ്യമായി വസ്ത്രം അഴിക്കുന്നത് കണ്ടതോടെയാണ് 35 കാരിയായ യുവതി പരാതി നൽകിയത്. ഈ പ്രവൃത്തി രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങൾക്കും പൊതു മര്യാദ നിയമങ്ങൾക്കും എതിരാണെന്ന് വ്യക്തമാക്കി ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
യുഎഇ സർക്കാരിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നത് അനുസരിച്ച്, വ്യക്തികൾ പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിക്കുകയും പ്രാദേശിക ആചാരങ്ങളെയും മാന്യതയെയും വ്രണപ്പെടുത്തുന്ന വസ്ത്രങ്ങൾ ഒഴിവാക്കുകയും വേണം. പ്രത്യേകിച്ച് ബീച്ചുകൾ, കുളങ്ങൾ തുടങ്ങിയ നിയുക്ത പ്രദേശങ്ങൾക്ക് പുറത്ത് ഇവ കൃത്യമായി പാലിക്കേണ്ടതാണ്. പൊതു ബീച്ചുകളിൽ, ബിക്കിനികൾ, വൺ-പീസ് സ്വിംസ്യൂട്ടുകൾ, അല്ലെങ്കിൽ സ്വിം ട്രങ്ക്‌സ് പോലുള്ള നീന്തൽ വസ്ത്രങ്ങൾ ബീച്ചിലോ വെള്ളത്തിലോ ധരിക്കുന്നത് സ്വീകാര്യമാണ്, എന്നാൽ ബീച്ചിന് പുറത്ത് പ്രൊമെനേഡുകൾ, കഫേകൾ അല്ലെങ്കിൽ കടകൾ പോലുള്ള പൊതു ഇടങ്ങളിൽ നീന്തൽ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. ബീച്ച് ഏരിയയിൽ നിന്ന് പുറത്തുപോകുമ്പോൾ ഉചിതമായ വസ്ത്രങ്ങൾ ധരിച്ച് മറയ്ക്കാൻ വ്യക്തികളോട് നിർദ്ദേശിക്കുന്നു.
യുഎഇയിലുടനീളം, ബീച്ചുകൾ ഉൾപ്പെടെ, ടോപ്ലെസ് സൺബാത്തിംഗും ഏതെങ്കിലും തരത്തിലുള്ള നഗ്നതയും കർശനമായി നിരോധിച്ചിരിക്കുന്നു, അത്തരം പ്രവൃത്തികൾ പൊതു മര്യാദ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ അധികാരികളുടെ ഇടപെടലിന് കാരണമാകും.
പൊതു ഇടങ്ങളിൽ കുടുംബ സൗഹൃദ അന്തരീക്ഷം നിലനിർത്തുന്നതിനും സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
Insurance ഇൻഷുറൻസ് മേഖലയിൽ വലിയ മാറ്റങ്ങൾ; വിശദാംശങ്ങൾ അറിയാം
Insurance ഇൻഷുറൻസ് മേഖലയിൽ സുപ്രധാന മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. ഇതിന് വേണ്ടിയുള്ള ഭേദഗതികളാണ് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. സബ്കാ ബിമാ സബ്കി രക്ഷാ എന്ന ബില്ലിന് അംഗീകാരം നൽകിയത് ഇൻഷുറൻസ് രംഗത്ത് കൂടുതൽ കമ്പനികളുടെ കടന്നുവരവിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിലൂടെ ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നു. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതാണ് പുതിയ ബില്ലിന്റെ കാതലായ മാറ്റം. 2047 ഓടെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷയെന്നതാണ് കേന്ദ്രസർക്കാർ മുന്നോട്ടു വെയ്ക്കുന്ന നയം. നിലവിൽ രാജ്യത്ത് ഇൻഷുറൻസ് പരിരക്ഷയുള്ളത് ജനസംഖ്യയുടെ ചെറിയ ശതമാനത്തിന് മാത്രമാണ്. കുടുതൽ പേരിലേക്ക് ഇൻഷുറൻസ് കവറേജ് എത്തിക്കാൻ കൂടുതൽ കമ്പനികൾ വരണം. ഇത് നടക്കണമെങ്കിൽ വിദേശ കമ്പനികൾ കടന്നുവരണം. വിപണി പൂർണമായി തുറന്നു കൊടുക്കുന്നതിലൂടെ വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശ ഇൻഷുറൻസ് കമ്പനികൾക്ക് പൂർണ ഉടമസ്ഥതയോടെ ഇന്ത്യയിലെ വിപണിയിൽ പ്രവർത്തിക്കാൻ കഴിയുന്നതിനാൽ കൂടുതൽ മൂലധനം മേഖലയിലേക്ക് ഒഴുകും. ഇതിലൂടെ കമ്പനികളുടെ സാമ്പത്തിക ശക്തി വർധിക്കുകയും വലിയ റിസ്‌കുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി മെച്ചപ്പെടുകയും ചെയ്യും. പുതിയ വിദേശ കമ്പനികൾ എത്തുന്നതോടെ മത്സരം കടുക്കും. നിലവിലെ ഇൻഷുറൻസ് കമ്പനികളും സേവന നിലവാരം ഉയർത്താനും ചെലവ് കുറയ്ക്കാനും നിർബന്ധിതരാകും. പോളിസികളുടെ ചെലവ് കുറയുന്നത് ഉപയോക്താക്കൾക്കും നേട്ടമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, ഡിജിറ്റൽ ക്ലെയിം സെറ്റിൽമെന്റ് തുടങ്ങിയ ആധുനിക രീതികൾക്ക് പ്രാമുഖ്യം ലഭിക്കും. പോളിസി വാങ്ങൽ, പുതുക്കൽ, ക്ലെയിം നടപടികൾ കൂടുതൽ വേഗത്തിലും സുതാര്യമായും മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞ പ്രീമിയവും കൂടുതൽ ഓപ്ഷനുകളും ലഭിക്കുമെന്നതാണ് പോളിസി ഉടമകൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ. വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്റാണ് മറ്റൊരു ഗുണം.
Credit Card ഇനി കാര്യങ്ങൾ കൂടുതൽ ഈസി; ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി ഗൂഗിൾ, തുടക്കം ഈ രാജ്യത്ത്, വിശദാംശങ്ങൾ ഇങ്ങനെ
Credit Card ആഗോളതലത്തിൽ ആദ്യമായി ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കി ഗൂഗിൾ. ഇന്ത്യൻ വിപണിയിൽ പുതിയ മേഖലയിലേക്ക് ഗൂഗിൾ എത്തുന്നത് ആക്സിസ് ബാങ്കുമായും റുപേ നെറ്റ് വർക്കുമായും ചേർന്നാണ്. ഗൂഗിൾ പേയുമായി ലിങ്ക് ചെയ്ത് യുപിഐ വഴി ഇടപാട് നടത്താൻ കഴിയുന്ന രീതിയിലാണ് ക്രെഡിറ്റ് കാർഡ് സംവിധാനം ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്ത് എല്ലാവിധ മർച്ചന്റ്സ് പെയ്മെന്റുകളും നടത്താം.
ക്യാഷ് ബാക്ക്, റിവാർഡ്സ് തുടങ്ങിയവയിൽ നിരവധി മാറ്റങ്ങളാണ് ഗൂഗിൾ ക്രെഡിറ്റ് കാർഡിലുള്ളത്. മറ്റ് ക്രെഡിറ്റ് കാർഡുകളിൽ ഇവ ഉപയോഗിക്കാൻ കഴിയുന്നത് ഒരു മാസത്തിനു ശേഷമോ അല്ലെങ്കിൽ അടുത്ത ബില്ലിംഗ് ഘട്ടത്തിലോ ആയിരിക്കും. എന്നാൽ, ഗൂഗിൾ കാർഡിൽ റിവാർഡ് പോയിന്റ് തൊട്ടടുത്ത ഇടപാടിൽ തന്നെ ഉപയോഗപ്പെടുത്താൻ കഴിയും. ഈ മാറ്റം ഉപയോക്താക്കളെ ഗൂഗിൾ ക്രെഡിറ്റ് കാർഡിലേക്ക് കൂടുതൽ ആകർഷിക്കും. ഗൂഗിൾ ക്രെഡിറ്റ് കാർഡിന്റെ മറ്റൊരു പ്രത്യേകതയാണ് അനായാസ തിരിച്ചടവ് രീതികൾ. ഉപയോക്താക്കൾക്ക് പ്രതിമാസ ബിൽ ഇഎംഐ അടിസ്ഥാനത്തിൽ ആറ് അല്ലെങ്കിൽ 9 മാസകാലയളവുകളായി തിരിച്ചടയ്ക്കാൻ കഴിയും. പാർട്ണർ ആപ്പ് / വെബ്സൈറ്റുകൾ എന്നിവയ്ക്ക് പുറമേ സ്കാൻ ആൻഡ് യുപിഐ പെയ്മെന്റുകൾ ഉൾപ്പെടെ 1-1.5 ശതമാനം വരെ ക്യാഷ് ബാക്ക് നൽകുകയും ചെയ്യും. ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് റുപേ- യുപിഐ ക്രെഡിറ്റ് കാർഡ് മോഡലിന് ലഭിക്കുന്നത്. യുപിഐയുമായി ലിങ്ക് ചെയ്യാൻ കഴിയുന്ന റുപേ ക്രെഡിറ്റ് കാർഡുകൾ ഫോൺ പേയും പേടിഎമ്മും ഇതിനോടകം തന്നെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഗൂഗിൾ പേയുടെ വരവ് ഈ മേഖലയിൽ മത്സരം കടുപ്പിക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Flight Delay ദുബായ്- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകൽ: ദുരിതത്തിലായി യാത്രക്കാർ, വിശദീകരണം നൽകി വിമാന കമ്പനി
Flight Delay ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. വിമാനം പുറപ്പെടാത്തതിനെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വലഞ്ഞു. 150 യാത്രക്കാരാണ് ദുരിതത്തിലായത്. മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് എത്തേണ്ട വിമാനം റാസൽഖൈമയിലേക്ക് തിരിച്ചുവിട്ടുവെന്നും അതുകൊണ്ടാണ് ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് വൈകുന്നതെന്നുമാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നൽകുന്ന വിശദീകരണം.
കാലാവസ്ഥാ പ്രതിസന്ധി മാറിയെങ്കിലും വ്യോമ ഗതാഗത കുരുക്കിനെ തുടർന്ന് വിമാനത്തിന് ലാൻഡിങ് അനുമതി ലഭിച്ചിരുന്നില്ല. റാസൽഖൈമയിൽ കാത്ത് നിന്ന ശേഷമാണ് ദുബായിലേക്ക് വിമാനം ലാൻഡ് ചെയ്തത്. എന്നാൽ തിരുവനന്തപുരത്തേക്ക് തിരിച്ചു പറക്കേണ്ട സമയമായപ്പോഴേക്കും വിമാന ജീവനക്കാരുടെ ഡ്യൂട്ടി ടൈം കഴിഞ്ഞിരുന്നു. ജീവനക്കാർക്ക് 12 മണിക്കൂർ നിർബന്ധിത വിശ്രമം ഉള്ളതിനാൽ ഇതിനുശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ. വിമാനം പുറപ്പെടാൻ വൈകിയ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാർക്ക് റീഫണ്ട്, റീഷെഡ്യൂളിംഗ്, റിഫ്രഷ്‌മെന്റ് തുടങ്ങിയ എല്ലാ സഹായങ്ങളും എയർ ഇന്ത്യ എക്‌സ്പ്രസ് നൽകുന്നുണ്ട്.
Emergency Landing സാങ്കേതിക തകരാർ, ഗൾഫിൽ നിന്നെത്തിയ വിമാനത്തിന് അടിയന്തര ലാൻഡിംഗ്; ടയറുകൾ പൊട്ടിത്തെറിച്ചു
Emergency Landing കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് ഗൾഫിൽ നിന്നെത്തിയ വിമാനത്തിന് അടിയന്തര ലാൻഡിംഗ്. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ലാൻഡിങ് ഗിയറിന് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. റൺവേയിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ലാൻഡിംഗിന് ശേഷം നടത്തിയ പരിശോധനയിലാണ് വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ച വിവരം വ്യക്തമായത്. ലാൻഡിംഗ് ഗിയറിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം കരിപ്പൂരിൽ ഇറക്കുന്നത് സുരക്ഷിതമല്ലെന്ന് പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് നെടുമ്പാശേരിയിൽ വിമാനം ഇറക്കാൻ പൈലറ്റ് അനുമതി തേടി.
രാവിലെ തന്നെ തകരാർ സംബന്ധിച്ച വിവരം സിയാൽ അധികൃതർക്ക് ലഭിച്ചിരുന്നു. എന്നാൽ, യാത്രക്കാരുടെ ബന്ധുക്കൾക്കിടയിൽ പരിഭ്രാന്തി ഒഴിവാക്കാൻ വിവരം രഹസ്യമായി സൂക്ഷിക്കുകയും സുരക്ഷാ സന്നാഹങ്ങൾ അതീവ ജാഗ്രതയോടെ ഒരുക്കുകയും ചെയ്തു. ഫയർ ഫോഴ്‌സും ആംബുലൻസുകളും റൺവേയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു.
Unstable Weather അസ്ഥിര കാലാവസ്ഥാ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് കിരീടാവകാശി
Unstable Weather ദുബായ്: രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് കിരീടാവാകാശി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. മഴക്കാലത്തിനായി സജ്ജരായിരിക്കാൻ അദ്ദേഹം യുഎഇയിലെ താമസക്കാർക്ക് നിർദ്ദേശം നൽകി. കാർമേഘങ്ങളുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വ്യാഴാഴ്ച്ച മുതൽ വാരാന്ത്യം വരെ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അറേബ്യൻ ഉപദ്വീപിൽ നീങ്ങുന്ന ആഴത്തിലുള്ള ന്യൂനമർദ്ദം കാരണമാണ് യുഎഇയിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നത്. പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. പൊടിക്കാറ്റ് വീശുമ്പോൾ ദൃശ്യപരത കുറയാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളിൽ വാദികൾ സന്ദർശിക്കുന്നതും വാദികളിലേക്കിറങ്ങുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ശനിയാഴ്ച്ച മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. കടൽ പ്രക്ഷുബ്ധമായി തുടരും. ഇടയ്ക്കിടെ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ മലയോരപ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണം. കടലിൽ പോകുന്നതും ഒഴിവാക്കണം. വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണം. ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടുകയും ബന്ധപ്പെട്ട സർക്കാർ അധികാരികൾ നൽകുന്ന അപ്ഡേറ്റുകൾ പാലിക്കുകയും ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകളുടെ പട്ടിക:
സിവിൽ ഡിഫൻസ്: 997
ആംബുലൻസ്: 998
ദുബായ് പോലീസ്: 999
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA): 991
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ): 800 9090
ദുബായ് മുനിസിപ്പാലിറ്റി: 800 900
ദുബായ് ഹെൽത്ത് അതോറിറ്റി: 800 60
Rain Alert യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
Rain Alert ദുബായ്: യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച്ച മുതൽ വാരാന്ത്യം വരെ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അറേബ്യൻ ഉപദ്വീപിൽ നീങ്ങുന്ന ആഴത്തിലുള്ള ന്യൂനമർദ്ദം കാരണമാണ് യുഎഇയിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നത്. പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. പൊടിക്കാറ്റ് വീശുമ്പോൾ ദൃശ്യപരത കുറയാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളിൽ വാദികൾ സന്ദർശിക്കുന്നതും വാദികളിലേക്കിറങ്ങുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ശനിയാഴ്ച്ച മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്. കടൽ പ്രക്ഷുബ്ധമായി തുടരും. ഇടയ്ക്കിടെ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
ഞായറാഴ്ച്ച നേരിയ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരും. ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിനുള്ള സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. അതേസമയം, മഴയും പൊടിപടലവും പലപ്പോഴും E11, E311 പോലുള്ള പ്രധാന ഹൈവേകളിൽ ഗതാഗതം മന്ദഗതിയിലാക്കാനും അപകടങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. യാത്രക്കാർ പതിവിലും വളരെ നേരത്തെ വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.