Air India Express കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മലബാർ മേഖലയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള സർവീസുകൾ നിർത്തിവെച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സർവീസ് പുനഃസ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ ഇതുവരെ തുടങ്ങിയില്ല. വിഷയത്തിൽ വിവിധ രാഷ്ട്രീയ സംഘടനകൾ പുനഃസ്ഥാപിക്കുമെന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും എയർ ഇന്ത്യ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ അങ്ങനെയൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ്. എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ വെബ്സൈറ്റിൽ ഇപ്പോഴും കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലാതായതോടെ ഈ പ്രദേശത്തുനിന്നുള്ള യാത്രക്കാരുടെ ദുരിതം വർധിച്ചു. സീസൺ അല്ലാതിരുന്നിട്ടും മറ്റ് വിമാനത്താവളങ്ങൾ വഴിയുള്ള സർവീസുകൾക്ക് പോലും ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർധിച്ചു. കണക്ഷൻ ഫ്ലൈറ്റുകൾക്കായി നാല് മണിക്കൂറിലധികം മറ്റു വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ട സാഹചര്യവും ഈ മേഖലയിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിഷയത്തിൽ വിവിധ പ്രവാസി സംഘടനകളും രാഷ്ട്രീയ കൂട്ടായ്മകളും ഇടപെടൽ നടത്തിയതായി അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പേരിൽ സിപിഎം ആഭിമുഖ്യ സംഘടന കഴിഞ്ഞ ആഴ്ച വാർത്താക്കുറിപ്പ് അയച്ചിരുന്നു. ഒഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിഷയത്തിൽ ഇടപെട്ടതായി അറിയിച്ചുകൊണ്ട് കോൺഗ്രസ്സ് ആഭിമുഖ്യ സംഘടനകളും അവകാശവാദം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കുവൈറ്റിലെ ചില സംഘടനാ നേതാക്കളും സർവീസ് പുനഃസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി അറിയിച്ചിരുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്കൊന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. പലരും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായി സംശയമുണ്ടെന്ന ആരോപണവും നേരത്തെ തന്നെ ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 7-ന് കുവൈത്ത് സന്ദർശനം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ, വിഷയത്തിൻ്റെ ഗൗരവം മുഖ്യമന്ത്രിക്ക് നേരിട്ട് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി സംഘടനാ നേതാക്കൾ രാഷ്ട്രീയം മറന്ന് കൈകോർക്കണമെന്നും വിഷയത്തിൽ അടിയന്തിര പരിഹാരം കാണണമെന്നും ആവശ്യം ഉയരുന്നുണ്ട്.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വിമാനത്താവളങ്ങളിൽ ഇനി ബയോമെട്രിക് ഇല്ല; യാത്രക്കാർ പോകുന്നതിനുമുന്‍പ് ഫിംഗർപ്രിന്‍റിങ് പൂർത്തിയാക്കണം
Biometric at Airports കുവൈത്ത് സിറ്റി: കുവൈത്തിലെ വിമാനത്താവളങ്ങൾ, കര-നാവിക അതിർത്തികൾ എന്നിവിടങ്ങളിൽ യാത്രക്കാർ ബയോമെട്രിക് ഫിംഗർപ്രിൻ്റിങ് എടുക്കുന്നത് പൂർണമായും നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം (MOI) അറിയിച്ചു. കഴിഞ്ഞ മാസങ്ങളിൽ അതിർത്തി പോയിൻ്റുകളിൽ അനുഭവപ്പെട്ട കനത്ത തിരക്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം. ഇനിമുതൽ, ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർ രാജ്യത്തിനകത്തെ നിശ്ചിത കേന്ദ്രങ്ങളിൽ വെച്ച് യാത്രാ പുറപ്പെടുന്നതിന് മുൻപ് തന്നെ ഈ നടപടി പൂർത്തിയാക്കണം. കുവൈത്ത് പൗരന്മാർക്കുള്ള ബയോമെട്രിക് വിരലടയാള പരിശോധന ഇനി യാത്ര പുറപ്പെടുന്നതിന് മുന്‍പ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ സെന്ററുകളിലും നാഷണൽ ഐഡന്റിറ്റി സെന്ററുകളിലും നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. താമസക്കാർക്ക്, എല്ലാ ഗവർണറേറ്റുകളിലുമുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ സെന്ററുകളിൽ മാത്രമായിരിക്കും വിരലടയാള പരിശോധന നടത്തുക. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും എല്ലാ കര, കടൽ തുറമുഖങ്ങളിലും യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും സുഗമമായ ചലനം ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. പുറപ്പെടുന്നതിന് മുമ്പ് നിർബന്ധിത വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത യാത്രക്കാരാണ് അതിർത്തി പോയിന്റുകളിൽ അടുത്തിടെ തിരക്ക് അനുഭവപ്പെട്ടതെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. കാലതാമസം ഒഴിവാക്കുന്നതിനും അതിർത്തി ചെക്ക്‌പോസ്റ്റുകളിലൂടെ തടസ്സരഹിതമായ ചലനം ഉറപ്പാക്കുന്നതിനും യാത്രാ തീയതികൾക്ക് വളരെ മുമ്പുതന്നെ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.