വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ മുടി, 23 വര്‍ഷത്തെ നിയമ പോരാട്ടം, ഒടുവില്‍ നഷ്ടപരിഹാരം വിധിച്ച് കോടതി

Hair in Meal ഭക്ഷണം കഴിക്കുന്നതിനിടെ മുടി കണ്ടാൽ മിക്കവരും അത് മാറ്റി സാധാരണ പോലെ കഴിക്കുന്നത് തുടരും. എന്നാൽ, വിമാനത്തിനുള്ളിൽ വിളമ്പിയ സീൽ ചെയ്ത ഭക്ഷണപ്പൊതിയിൽ മുടി കണ്ടതിനെ തുടർന്ന് ഒരാൾ 23 വർഷം നിയമപോരാട്ടം നടത്തിയ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2002-ൽ തനിക്കുണ്ടായ ദുരനുഭവത്തിൽ എയർ ഇന്ത്യക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയ പി. സുന്ദര പരിപൂർണം എന്ന വ്യക്തിക്കാണ് ഒടുവിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. നഷ്ടപരിഹാരമായി 35,000 രൂപ നൽകാനാണ് കോടതി എയർ ഇന്ത്യയോട് ഉത്തരവിട്ടത്. 2002 ജൂലൈ 26-നാണ് കേസിനാസ്പദമായ സംഭവം. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ ഐ.സി 574 വിമാനത്തിലെ യാത്രക്കാരനായിരുന്നു സുന്ദര പരിപൂർണം. വിമാനത്തിൽ വിളമ്പിയ സീൽ ചെയ്ത ഭക്ഷണപ്പൊതിയിലാണ് ഇദ്ദേഹം മുടി കണ്ടെത്തിയത്. ആ ഭക്ഷണം കഴിച്ചതിനെ തുടർന്ന് തനിക്ക് ഛർദ്ദിയും വയറുവേദനയും ഉണ്ടായതായും അദ്ദേഹം പരാതിയിൽ ബോധിപ്പിച്ചു.വിമാനത്തിനുള്ളിൽ വെച്ച് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നും പരാതിപ്പെട്ടി ലഭ്യമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ അദ്ദേഹം എയർ ഇന്ത്യയുടെ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് പരാതി നൽകി. തുടർന്ന് നിയമപരമായി നോട്ടീസ് അയച്ച ശേഷം 11 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.എയർ ഇന്ത്യയുടെ വിചിത്രവാദങ്ങൾഈ വിഷയത്തിൽ എയർ ഇന്ത്യ ആദ്യം ഖേദം പ്രകടിപ്പിച്ചെങ്കിലും വിചാരണയ്ക്കിടെ വിചിത്രമായ വാദങ്ങളാണ് നിരത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഭക്ഷണം പുറത്തുള്ള ഹോട്ടലിൽ നിന്നാണ് വാങ്ങിയതെന്നും മുടി വീണതിന് കാരണം അടുത്തുള്ള യാത്രക്കാരനായിരിക്കാമെന്നും എയർ ഇന്ത്യ കോടതിയിൽ വാദിച്ചു. എന്നാൽ മദ്രാസ് ഹൈക്കോടതി ഈ വാദങ്ങളെല്ലാം തള്ളി.ഭക്ഷണത്തിന് പുറംകരാർ നൽകിയാലും അതിന്റെ ശുചിത്വം ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം എയർ ഇന്ത്യക്കാണെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാർ ടിക്കറ്റ് എടുക്കുമ്പോൾ ഭക്ഷണത്തിനുള്ള പണം കൂടി നൽകുന്നതിനാൽ, കാറ്ററിംഗ് സ്ഥാപനത്തിന്റെ വീഴ്ചക്ക് വിമാനക്കമ്പനിക്കും ഉത്തരവാദിത്തമുണ്ടെന്ന കോടതി നിരീക്ഷിച്ചു.ഈ കേസിൽ നേരത്തെ വിചാരണ കോടതി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാൽ യാത്രക്കാരന് സാമ്പത്തികപരമായ നഷ്ടം തെളിയിക്കാൻ സാധിക്കാത്തതിനാലും, നിയമനടപടികൾക്കുള്ള ചെലവായി കണക്കാക്കിയും ഹൈക്കോടതി നഷ്ടപരിഹാരത്തുക 35,000 രൂപയായി കുറച്ചു. ‘സംഭവം തന്നെ വീഴ്ചയെക്കുറിച്ച് സംസാരിക്കുന്നു’ എന്ന നിയമ തത്വമാണ് ഈ കേസിൽ നിർണായകമായത്. ഭാവിയിൽ ഇത്തരം അശ്രദ്ധകൾ ഉണ്ടാകാതിരിക്കാൻ ഇത് ഒരു പാഠമാകണമെന്നും കോടതി കൂട്ടിച്ചേർത്തു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘നിങ്ങളാണ് യുഎഇ ലോട്ടറിയുടെ 100 മില്യൺ ദിർഹമിൻ്റെ നേടിയത്’; വിജയി പ്രതികരിച്ചത് ഇങ്ങനെ…

UAE Lottery ദുബായ്: 100 മില്യൺ ദിർഹം (Dh100,000,000) സമ്മാനം ലഭിച്ചെന്ന് അറിയുമ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്കുക? യുഎഇ ലോട്ടറി ആ ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകിയിരിക്കുകയാണ്. ഏറ്റവും പുതിയ നറുക്കെടുപ്പിൽ റെക്കോർഡ് തുകയായ 100 മില്യൺ ദിർഹം നേടിയ ഭാഗ്യശാലിയെ വിളിച്ചതിൻ്റെ യഥാര്‍ഥ സംഭാഷണം യുഎഇ ലോട്ടറി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പുറത്തുവിട്ടു. “ഹായ്, യുഎഇ ലോട്ടറിയിൽ നിന്നുള്ള ഷാ ആണ് സംസാരിക്കുന്നത്,” ശാന്തവും ഔദ്യോഗികവുമായ സ്വരത്തിൽ വിളിച്ചയാൾ സംസാരിച്ചു തുടങ്ങി. എന്നിട്ട്, ജീവിതം മാറ്റിമറിക്കുന്ന ആ ബോംബ് ഷെൽ പ്രഖ്യാപിച്ചു:  “നിങ്ങളാണ് ഞങ്ങളുടെ ഭാഗ്യശാലിയായ, 100 മില്യൺ ദിർഹമിൻ്റെ ജാക്ക്പോട്ട് വിജയി!” അതുകേട്ടതോടെ അമ്പരപ്പിക്കുന്ന ഒരു നിമിഷത്തെ നിശബ്ദത. പിന്നാലെ, വിജയി പ്രതികരിച്ചു. “ഓ മൈ ഗോഡ്!” ശബ്ദം വിറച്ചുകൊണ്ട് വിജയി ആശ്ചര്യപ്പെട്ടു. “കാത്തിരിക്കുക; വിജയിയെ ഉടൻ വെളിപ്പെടുത്തു” മെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ കൂട്ടിച്ചേർത്തു. നാല് പേരെ കോടീശ്വരന്മാരാക്കി മാറ്റിയ യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ 100 മില്യൺ ദിർഹം സമ്മാനമെന്ന് സംഘാടകർ സ്ഥിരീകരിച്ചു.

ദുബായിയുടെ ഗതാഗത മുഖച്ഛായ മാറ്റിമറിച്ച ആര്‍ടിഎയുടെ 20ാം വാര്‍ഷികം; യാത്രക്കാര്‍ക്കായി പ്രത്യേക ഓഫറുകളും സമ്മാനങ്ങളും

Dubai RTA ദുബായ് ദുബായുടെ ഗതാഗത മുഖച്ഛായ മാറ്റിമറിച്ച റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) സ്ഥാപിതമായതിന്റെ 20-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സുവർണാവസരം ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും അവിസ്മരണീയമാക്കാൻ വിപുലമായ സമ്മാനങ്ങളും ആകർഷകമായ ഓഫറുകളുമാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് വിമാനത്താവളം മുതൽ മെട്രോ, ട്രാം യാത്രകളിൽ വരെ യാത്രക്കാർക്ക് ഈ ആഘോഷങ്ങളിൽ പങ്കുചേരാം. ട്രാം യാത്രക്കാർക്ക് ബമ്പർ സമ്മാനം: സ്ഥിരമായി ട്രാം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഇന്നലെ (ഒക്ടോബർ 22) മുതൽ നവംബർ 2 വരെ നടക്കുന്ന മത്സരത്തിലൂടെ സമ്മാനം നേടാം. 10,000-ത്തിലേറെ ‘രണ്ടെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യം’ (2-ഫോർ-1) ഓഫറുകൾ ഉൾപ്പെടുന്ന ‘എന്റർടെയ്‌നർ യുഎഇ 2026 ബുക്ക്‌ലെറ്റ്’ ആണ് വിജയികളെ കാത്തിരിക്കുന്നത്. ഈ മാസം 28 മുതൽ നവംബർ 1 വരെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് ഒരു ഫോട്ടോ ചലഞ്ചാണ്. ടൂറിസ്റ്റുകൾക്ക് പ്രത്യേക വെൽക്കം പായ്ക്ക് ലഭിക്കും. ഈ ചലഞ്ചിൽ പങ്കെടുക്കുന്നവരെ RTA-യുടെ സോഷ്യൽ മീഡിയ പേജുകളിൽ പരിചയപ്പെടുത്തും. നവംബർ 1 മുതൽ 15 വരെ ബുർജ്മാൻ, യൂണിയൻ, മാൾ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനുകളിലെ ENBD കിയോസ്‌കുകൾ സന്ദർശിക്കുന്നവർക്ക് സമ്മാനങ്ങൾ നേടാനും ‘Go4it’ കാർഡിനെക്കുറിച്ച് അറിയാനും സാധിക്കും. നവംബർ 1ന് മാത്രം അൽ ഗുബൈബ ബസ് സ്റ്റേഷനിലും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനുകളിലും പ്രത്യേക ‘RTA20’ ബൂത്ത് സജ്ജീകരിക്കും. ഇവിടെ പ്രവേശിക്കുന്നവർക്ക് 20 സെക്കൻഡിനുള്ളിൽ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ മുതൽ ചോക്ലേറ്റുകൾ വരെ സമ്മാനമായി നേടാം. അതേദിവസം ബുർജ്മാൻ മെട്രോ സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള ഭീമാകാരമായ ആർട്ട് ഫ്രെയിമുകളിൽ പോസ് ചെയ്യാനും ഡിജിറ്റൽ ഫോട്ടോ കോപ്പി RTAയുടെ ഫോട്ടോ ബൂത്തിൽ നിന്ന് സൗജന്യമായി സ്വന്തമാക്കാനും അവസരമുണ്ട്. നവംബർ 1ന് രാവിലെ 9ന് ബുർജ്മാൻ മെട്രോ സ്റ്റേഷനിൽ ആരംഭിക്കുന്ന ‘ബലൂൺസും പുഞ്ചിരിയും’ പോലുള്ള വിനോദ പരിപാടികൾ വിവിധ സ്റ്റേഷനുകളിലും കസ്റ്റമർ കെയർ സെന്ററുകളിലുമായി നടക്കും. നവംബർ 1 മുതൽ 5 വരെ റോക്‌സി സിനിമാസിൽ RTA20 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ടിക്കറ്റുകൾക്ക് 20% കിഴിവ് നേടാം. ഇതേ കോഡ് ഉപയോഗിച്ച് ‘നൂൺ’ (Noon) വഴിയുള്ള ഓൺലൈൻ ഓർഡറുകൾക്കും 20% കിഴിവ് ലഭിക്കും. RTA-യുടെ വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ലിമിറ്റഡ് എഡിഷൻ നോൾ (nol) കാർഡുകൾ നവംബർ 1 മുതൽ 30 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും യാത്രക്കാർക്കായി ലഭ്യമാക്കും.

മണിക്കൂറുകളോളം വൈകി, പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതില്‍ യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കി കമ്പനി

Air India Express flight cancelled ദുബായ്: പ്രത്യേക സാഹചര്യങ്ങൾ കാരണം ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 വിമാനം റദ്ദാക്കിയതായി കമ്പനി വക്താവ് അറിയിച്ചു. റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്കായി എയർപോർട്ട് ഹോട്ടലിൽ പ്രത്യേക താമസ സൗകര്യങ്ങളും ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് പറന്നുയർന്ന വിമാനത്തിലെ ഒരു യാത്രക്കാരന് മെഡിക്കൽ അടിയന്തരാവസ്ഥ ഉണ്ടായതിനെത്തുടർന്ന് വിമാനം മംഗളൂരുവിൽ തിരിച്ചിറക്കി. ഇത് വിമാനത്തിന്റെ സമയക്രമം തെറ്റിക്കുകയും ദുബായിൽ നിന്നുള്ള മടക്കയാത്രയെ (IX 814) ബാധിക്കുകയും ചെയ്തു. ദുബായിൽ യാത്രക്കാരുമായി വിമാനം പുറപ്പെടാൻ തയ്യാറായപ്പോൾ, വ്യോമമേഖലയിലെ തിരക്ക് കാരണം ഡിപ്പാർച്ചർ സ്ലോട്ട് അംഗീകാരങ്ങളിൽ നിയന്ത്രണങ്ങൾ നേരിട്ടതായും കമ്പനി വക്താവ് അറിയിച്ചു. ഈ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് വിമാനം റദ്ദാക്കാൻ തീരുമാനിച്ചത്. വിമാനം റദ്ദാക്കിയതിനെത്തുടർന്ന് എല്ലാ യാത്രക്കാർക്കും ഉടൻ തന്നെ ദുബായിലെ എയർപോർട്ട് ഹോട്ടലിൽ താമസ സൗകര്യവും ഭക്ഷണവും കമ്പനി ഏർപ്പെടുത്തി. യാത്ര റദ്ദാക്കാൻ ആഗ്രഹിച്ചവർക്ക് ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചുനൽകി. യാത്ര പുനഃക്രമീകരിക്കാൻ തീരുമാനിച്ചവർക്കും കണ്ണൂർ പോലുള്ള സമീപ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ താത്പര്യപ്പെട്ടവർക്കും അതിനനുസരിച്ചുള്ള സഹായങ്ങൾ നൽകിയതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ആദ്യം ബർഗറും പിന്നീട് ഹോട്ടലിൽ ഭക്ഷണവും നൽകി. ഇന്നലെ (ബുധനാഴ്ച) രാത്രി യുഎഇ സമയം 11.40-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണിത്. ഭർത്താവ് മരിച്ചതിനെത്തുടർന്ന് അടിയന്തരമായി നാട്ടിലേക്ക് പുറപ്പെട്ട മംഗളൂരു സ്വദേശിനി ബോധരഹിതയായത് വിമാനത്താവളത്തിൽ ആശങ്കയുണ്ടാക്കി. ഉടൻ ആംബുലൻസ് എത്തി യുവതിക്ക് പ്രാഥമിക ചികിത്സ നൽകി. ഇന്ന് (വ്യാഴാഴ്ച) ഇന്ത്യൻ സമയം രാവിലെ 7.30-ന് മംഗളൂരുവിൽ എത്തേണ്ട വിമാനമായിരുന്നു ഇത്. സാങ്കേതിക തകരാർ പരിഹരിക്കാതെ വിമാനം പുറപ്പെടില്ലെന്നും എല്ലാവരെയും ഹോട്ടലിലേക്ക് മാറ്റുകയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ യാത്രക്കാരെ അറിയിച്ചിരുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം രേഖപ്പെടുത്തി.

യുഎഇ സോഷ്യൽ മീഡിയ പരസ്യ പെർമിറ്റ്: രജിസ്ട്രേഷൻ കാലാവധി നീട്ടി

uae social media advertisement permit ദുബായ്: യുഎഇയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്യം ചെയ്യുന്ന വ്യക്തികൾക്കുള്ള അഡ്വർടൈസർ പെർമിറ്റ് രജിസ്ട്രേഷന്റെ കാലാവധി നീട്ടി നൽകി. ജൂലൈയിൽ അവതരിപ്പിച്ച ഈ പദ്ധതിയിലേക്ക് ഇനി 2026 ജനുവരി 31 വരെ രജിസ്റ്റർ ചെയ്യാം. സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവിടങ്ങളിൽ പ്രതിഫലം വാങ്ങിച്ചോ അല്ലാതെയോ പരസ്യങ്ങൾ ചെയ്യുന്നതിന് ഈ പെർമിറ്റ് നിർബന്ധമാണ്. ഡിജിറ്റൽ പരസ്യ മേഖലയിൽ സുതാര്യതയും ഉപയോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് യുഎഇ മീഡിയ കൗൺസിൽ ഈ പെർമിറ്റ് നിർബന്ധമാക്കിയത്. മികച്ച ഉള്ളടക്കം നിർമിക്കാനും മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാനും കഴിവുള്ളവരെ ഈ രംഗത്തേക്ക് ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 18 വയസ് പൂർത്തിയായ യുഎഇ പൗരന്മാർക്കും താമസക്കാർക്കും പെർമിറ്റിന്റെ കാലാവധി ഒരു വർഷമാണ്. ഇത് വർഷം തോറും പുതുക്കാം. ഇവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസൻസ് നിർബന്ധമാണ്. യുഎഇ സന്ദർശകർക്ക് ലൈസൻസുള്ള പരസ്യ ഏജൻസികൾ വഴിയോ ടാലൻ്റ് മാനേജ്‌മെൻ്റ് ഏജൻസികൾ വഴിയോ പരസ്യം ചെയ്യാനുള്ള പെർമിറ്റ് നേടാം.  ഇതിന് മൂന്ന് മാസം വരെയാണ് സാധുത. പിന്നീട് ഇത് പുതുക്കാവുന്നതാണ്. പെർമിറ്റ് ലഭിക്കുന്നവർ പരസ്യങ്ങളിൽ ഉയർന്ന ഉള്ളടക്ക നിലവാരം പാലിക്കണം. രജിസ്റ്റർ ചെയ്ത അക്കൗണ്ടുകളിൽ പെർമിറ്റ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണം. വ്യാജ കമ്പനികളെയും അക്കൗണ്ടുകളെയും ഉപയോഗിച്ച് പരസ്യം നൽകുന്നതിന് കര്‍ശന വിലക്കുണ്ട്. സ്വന്തം ഉൽപ്പന്നങ്ങളോ സേവനങ്ങളോ മാത്രം പരസ്യം ചെയ്യുന്ന വ്യക്തികളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസപരമോ, സാംസ്കാരികപരമോ ആയ കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രായപൂർത്തിയാകാത്തവർക്കും പെർമിറ്റ് ബാധകമല്ല. പുതിയ നിയമങ്ങൾ പാലിക്കാൻ കമ്പനികൾക്കും വ്യക്തികൾക്കും കൂടുതൽ സമയം നൽകുന്നതിൻ്റെ ഭാഗമായാണ് യുഎഇ മീഡിയ കൗൺസിൽ രജിസ്ട്രേഷൻ സമയം നീട്ടി നൽകിയതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy