Income Tax Evasion കുവൈത്ത് സിറ്റി: ആദായ നികുതി വെട്ടിപ്പ് നടത്തിയത് ഒരു ഇന്ത്യൻ കമ്പനി ഉൾപ്പെടെ മൂന്ന് വിദേശ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി കുവൈത്ത്. ധനകാര്യ മന്ത്രാലയമാണ് പിഴ ചുമത്തിയത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ്, ഫ്രഞ്ച് കമ്പനികളാണ് പിഴ ലഭിച്ച മറ്റ് സ്ഥാപനങ്ങൾ.
2015 ഡിസംബർ 31 വരെയുള്ള സാമ്പത്തിക വർഷത്തിലെ നികുതി റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ കമ്പനിക്ക് എതിരെ 3,819, ദിനാർ പിഴ ചുമത്തി. 2014 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെയുള്ള സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് ബ്രിട്ടീഷ് കമ്പനിക്ക് എതിരെ പിഴ ചുമത്തിയത് 22,229 ദിനാർ പിഴയാണ് കമ്പനിയ്ക്ക് ലഭിച്ചത്. ഫ്രഞ്ച് കമ്പനിക്ക് 11,887 ദിനാറാണ് പിഴ ചുമത്തിയിരിക്കുന്നത്. 2014 ഡിസംബർ 31 മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ വീഴ്ച വരുത്തിയതിനാണ് നടപടിയെന്ന് മന്ത്രാലയം വിശദമാക്കി.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവ്വീസ് വെട്ടിക്കുറച്ചു; കുവൈത്തിലെ മലയാളികൾക്ക് തിരിച്ചടി
Air India Express കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവ്വീസുകൾ വെട്ടിക്കുറച്ചു. പുതിയ വിന്റർ ഷെഡ്യൂൾ പ്രകാരം നവംബർ ഒന്ന് മുതൽ കുവൈത്തിൽ നിന്നും കണ്ണൂർ, കോഴിക്കോട് വിമാന താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവ്വീസുകളാണ് വെട്ടി കുറച്ചത്. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവ്വീസ് ഇനി ഉണ്ടാകില്ല.
എയർ ഇന്ത്യ എക്‌സ്പ്രസിന് ഈ റൂട്ടിലേക്ക് ഉണ്ടായിരുന്നത് പ്രതിവാരം രണ്ട് സർവ്വീസുകളായിരുന്നു. പ്രതിവാരം 5 സർവ്വീസുകൾ ഉണ്ടായിരുന്ന കോഴിക്കോട് കുവൈത്ത് റൂട്ടിലും സർവ്വീസുകൾ വെട്ടി ചുരുക്കിയിട്ടുണ്ട്. കുവൈത്തിൽ നിന്ന് ഈ രണ്ട് റൂട്ടുകളിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് സർവ്വീസ് നടത്തിയിരുന്നത്. ഇത് വെട്ടിക്കുറച്ചതോടെ ഈ റൂട്ടിലേക്കുള്ള മലബാറിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിലാകും.
താരതമ്യേനെ യാത്രക്കാർ ഒരുപാടുണ്ടായിരുന്ന ഈ റൂട്ടിലേക്കുള്ള സർവീസ് വെട്ടി കുറച്ചതിനെതിരെ കുവൈത്തിലെ പ്രവാസി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നടപടി പ്രവാസി യാത്രക്കാരുടെ യാത്രാ ദുരിതം വർധിപ്പിക്കുമെന്നാണ് പ്രവാസി സംഘടനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് തീരുമാനം മാറ്റണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെയ്ക്കുന്നു.
കുവൈത്തിലെ മുൻ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
Former Expatriate Malayali കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. മാള പള്ളിപ്പുറം വലിയ വീട്ടിൽ അബ്ദുൽ അസീസ് ആണ് മരിച്ചത്. 70 വയസായിരുന്നു. കുവൈത്തിൽ നീണ്ടകാലം വിവിധ ബിസിനസുകൾ വിജയകരമായി നടത്തിയിരുന്ന വ്യക്തിയായിരുന്നു അബ്ദുൽ അസീസ്. കെ.ഐ.ജി സിറ്റി ഏരിയ അംഗം കൂടിയായിരുന്നു അദ്ദേഹം. ഭാര്യ: സുബൈദ. മക്കൾ: സമദ്, സാജിദ്. മരുമക്കൾ: സബീന, റിനാഷ്മി.
വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമങ്ങൾ കണ്ട് അധ്യാപകർ കണ്ണടക്കല്ലേ; മുന്നറിയിപ്പുമായി കുവൈത്ത്
Teachers and Students കുവൈത്ത് സിറ്റി: വിദ്യാർത്ഥികൾ തമ്മിലുള്ള അക്രമം കണ്ട് കണ്ണടയ്ക്കുന്ന ഏതൊരു അധ്യാപകനും യഥാർത്ഥത്തിൽ നിയമം ലംഘിക്കുകയാണെന്ന് കുവൈത്ത് ലോയേഴ്‌സ് സൊസൈറ്റിയിലെ ചൈൽഡ് സെന്റർ മേധാവി ഹൗറ അൽ ഹബീബ്. ഗാർഹിക പീഡന നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരവും ചൈൽഡ് പ്രൊട്ടക്ഷൻ നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരവും വിദ്യാർത്ഥികൾക്കെതിരായ അക്രമ കേസുകൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ഹൗറ അൽ ഹബീബ് ആവശ്യപ്പെട്ടു. സ്‌കൂളിലോ കുടുംബത്തിലോ ഇത്തരം കേസുകൾ ഉണ്ടാകുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സ്‌കൂളുകളിലെ സാമൂഹിക സേവന ഓഫീസുകൾ വഴി ഈ നിയമങ്ങൾ നടപ്പിലാക്കണമെന്ന് ഹൗറ അൽ-ഹബീബ് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഒരു കുട്ടി അക്രമത്തിന് വിധേയമായിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അത് റിപ്പോർട്ട് ചെയ്യാതിരിക്കുന്നവർക്ക് ശിക്ഷ നൽകണം. കോടതിയിൽ അക്രമ കേസുകൾ വർദ്ധിച്ച് വരികയാണെന്നും പുതിയ നിയമങ്ങളും കർശനമായ ശിക്ഷകളും നൽകുന്നത് സമീപ ഭാവിയിൽ അവ കുറയ്ക്കാൻ സഹായിക്കുമെന്നും ഹൗറ അൽ ഹബീബ് കൂട്ടിച്ചേർത്തു.
അശ്രദ്ധമായ ഡ്രൈവിംഗ്; കുവൈത്തിൽ പരിശോധന പിടിമുറുക്കുന്നു, 22 വാഹനങ്ങൾ പിടിച്ചെടുത്തു
Traffic Rules കുവൈത്ത് സിറ്റി: അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി പരിശോധന ശക്തമാക്കി കുവൈത്ത്. ആഭ്യന്തര മന്ത്രാലയമാണ് രാജ്യത്ത് ശക്തമായ പരിശോധന നടത്തിയത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ പ്രധാന ഹൈവേകളിലും പാലങ്ങളിലും വെള്ളിയാഴ്ച ഗതാഗത പരിശോധന കാമ്പയിൻ നടത്തി. പരിശോധനയിൽ നിയമ ലംഘനം നടത്തിയ 22 വാഹനങ്ങൾ പിടിച്ചെടുത്തു.
ഈ ഓപ്പറേഷന് നേതൃത്വം നൽകിയത് ജഹ്റ ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിക്കുന്ന ജനറൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറാണ്. ഡിറ്ററന്റ് പട്രോൾ ഫോഴ്‌സ്, ട്രാഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകൾ, സെക്യൂരിറ്റി സർവൈലൻസ് ടീമുകൾ തുടങ്ങിയവയുടെ സഹായത്തോടെയായിരുന്നു പരിശോധന.
കുവൈത്ത് സുബിയ റോഡ് മുതൽ ബൂബിയാൻ ദ്വീപ് വരെ, ഷെയ്ഖ് ജാബർ പാലം, ദോഹ ലിങ്ക് എന്നിവിടങ്ങളിലാണ് കാമ്പയിൻ നടത്തിയത്. അശ്രദ്ധമായ പെരുമാറ്റം, റോഡിലെ മര്യാദകേടുകൾ, നിയമവിരുദ്ധമായ ഒത്തുചേരലുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിലായിരുന്നു പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചത്.
114 നേരിട്ടുള്ള ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. 6 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. 7 പേരെ ട്രാഫിക് തടങ്കൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഭക്ഷ്യ റേഷൻ വിതരണത്തിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം; അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത്
Ration Distribution കുവൈത്ത് സിറ്റി: ഭക്ഷ്യ റേഷൻ വിതരണത്തിൽ ക്രമക്കേടുകൾ നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത്. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. ചില സബ്‌സിഡി ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന റിപ്പോർട്ടുകൾ വാണിജ്യ വ്യവസായ മന്ത്രാലയം നിഷേധിച്ചു, ഈ വിവരങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
റേഷൻ ചെയ്ത ഭക്ഷ്യ പദ്ധതി പ്രകാരം ചിക്കൻ വിതരണം ചെയ്യുന്നത് അംഗീകൃത ചട്ടങ്ങൾക്കനുസൃതമായാണ്, വ്യാജമായി അവകാശപ്പെടുന്നത് പോലെ കഷണങ്ങളായോ കാർട്ടൺ ആയോ അല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രസിദ്ധീകരിക്കുന്നതിനോ പങ്കിടുന്നതിനോ മുമ്പ് വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും പൗരന്മാരോടും അഭ്യർത്ഥിക്കുകയും ഓരോ കാർഡിനും റേഷൻ ചെയ്ത വിഹിതത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ഫ്രീലാൻസ് ബിസിനസുകളുടെ പട്ടികയിൽ ഇനി ഹജ്ജ് യാത്രകൾ സംഘടിപ്പിക്കലും ഉൾപ്പെടുത്തും; തീരുമാനവുമായി കുവൈത്ത്
Hajj Travel കുവൈത്ത് സിറ്റി: ഫ്രീലാൻസ് ബിസിനസുകളുടെ പട്ടികയിൽ ഇനി ഹജ്ജ് യാത്രകൾ സംഘടിപ്പിക്കലും ഉൾപ്പെടുത്തുമെന്ന തീരുമാനവുമായി കുവൈത്ത്. വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ പുറപ്പെടുവിച്ച 2025 ലെ തീരുമാനം നമ്പർ 175, ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഫ്രീലാൻസ് ബിസിനസ് പ്രവർത്തനങ്ങളുടെ പട്ടികയിൽ ‘ഹജ്ജ് യാത്രകൾ സംഘടിപ്പിക്കൽ’ എന്ന പ്രവർത്തനം കൂടി ചേർക്കാൻ പ്രമേയം വ്യവസ്ഥ ചെയ്യുന്നു.
ഇനി തീപാറും ഫുട്ബോൾ മാമാങ്കം; ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ കുവൈത്ത്
French Super Cup കുവൈത്ത് സിറ്റി: ഫ്രഞ്ച് സൂപ്പർ കപ്പ് മത്സരത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. ഫ്രഞ്ച് ഫുട്‌ബോൾ ലീഗാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2026 ജനുവരി 8 വ്യാഴാഴ്ച്ചയാണ് മത്സരം നടക്കുക.
കുവൈത്ത് ഫുട്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ജാബർ അൽ-അഹ്‌മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മത്സരം നടക്കും. ഫ്രഞ്ച് ലീഗ് ചാമ്പ്യനും ഫ്രഞ്ച് കപ്പ് ജേതാവുമായ പാരീസ് സെന്റ് ജെർമെയ്നും ലീഗ് റണ്ണറപ്പായ ഒളിമ്പിക് ഡി മാർസെയിലും തമ്മിലാണ് മത്സരം.
ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ ആരോഗ്യ ജനസംഖ്യാ സർവ്വേക്കൊരുങ്ങി കുവൈത്ത്; പ്രവാസികളെയും ഉൾപ്പെടുത്തും
Health Survey കുവൈത്ത് സിറ്റി: രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ ജനസംഖ്യാ സർവ്വേ നടത്താനൊരുങ്ങി കുവൈത്ത്. അടുത്ത മാസം സർവ്വേ ആരംഭിക്കും. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾക്കനുസൃതമായാണ് വിവര ശേഖരണം നടത്തുക. സർവ്വേ നടത്തുന്നത് സ്വദേശികളും വിദേശികളുമായ, പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ മുതലായ എല്ലാ പ്രായ വിഭാഗക്കാരെയും ഉൾപ്പെടുത്തി കൊണ്ടായിരിക്കും. സർവേയിൽ ഉൾപ്പെടുത്തുന്ന സ്വദേശികളെയും വിദേശികളെയും തെരഞ്ഞെടുക്കുക ഒരു ഓട്ടോമാറ്റിക് സാമ്പിൾ സംവിധാനം വഴിയായിരിക്കും.
ഹോട്ട് ലൈൻ വഴിയോ അല്ലെങ്കിൽ സഹേൽ ആപ്പ് വഴി ടെക്സ്റ്റ് സന്ദേശത്തിലൂടെയോ തെരഞ്ഞെടുക്കപ്പെടുന്നവരെ വിവരം അറിയിക്കും. സർവേയിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും. സർവേയുടെ ഭാഗമായുള്ള ആരോഗ്യ പരിശോധന നടത്തുന്നത് വീട്ടിൽ വെച്ചോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വെച്ചോ എന്നത് തിരഞ്ഞെടുക്കാനും സർവേയിൽ പങ്കെടുക്കുന്നവർക്ക് അവകാശമുണ്ട്.
സർവേ നടത്തുന്ന ഫീൽഡ് ടീമിൽ ഒരു ദന്തരോഗവിദഗ്ദ്ധനും ഒരു നഴ്‌സിംഗ് സ്റ്റാഫും ഒരു ഡാറ്റ ലേഖകനും ഉണ്ടായിരിക്കും. വായ, പല്ല്, കണ്ണ്, ഭാരം, ശാരീരിക അളവുകൾ എന്നിവയുൾപ്പെടെ നിരവധി പരിശോധനകൾ സർവ്വേയുടെ ഭാഗമായി നടത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ്, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം അളക്കുന്നതിനുള്ള രക്തപരിശോധനകളും സംഘം നടത്തും. കുടുംബങ്ങൾ, മുതിർന്നവർ, കുട്ടികൾ എന്നിവർക്കായി മൂന്ന് ചോദ്യാവലികളാണ് നൽകുക. ഇതിൽ ഭക്ഷണക്രമം, മാനസികാരോഗ്യം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യവലികൾ ഉൾപ്പെടുത്തും.
കുവൈത്തിൽ അനധികൃതമായി ഗർഭഛിദ്രം നടത്താൻ ക്ലിനിക്ക്; പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: അനധികൃതമായി അബോർഷൻ ക്ലിനിക്ക് നടത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ. ലൈസൻസോ പ്രൊഫഷണൽ യോഗ്യതയോ ഇല്ലാതെയാണ് ഇയാൾ ക്ലനിക്ക് നടത്തിയിരുന്നത്. ഹവല്ലിയിലാണ് സംഭവം. ഹവല്ലിയിലെ ഒരു പഴയ കെട്ടിടത്തിലെ ഒരു മുറിയിലാണ് ഇയാൾ ക്ലിനിക്ക് നടത്തി വന്നിരുന്നത്.
ആരോഗ്യ മന്ത്രാലയം നൽകുന്ന മരുന്നുകളും ഇറക്കുമതി ചെയ്ത മരുന്നുകളും ഉൾപ്പെടെ ധാരാളം മരുന്നുകൾ ഉദ്യോഗസ്ഥർ പരിശോധനയിൽ ക്ലിനിക്കിൽ നിന്നും കണ്ടെടുത്തു.ഗർഭഛിദ്ര ഗുളികകൾ, വേദനസംഹാരികൾ, മയക്കുമരുന്നുകൾ, വിവിധ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സംശയാസ്പദമായ പ്രവർത്തനത്തെക്കുറിച്ച് ഡിറ്റക്ടീവുകൾക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധമായി മെഡിക്കൽ സേവനങ്ങൾ നൽകുന്നുണ്ടെന്നും 35 കെഡി വിലയുള്ള ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി. പ്രതിയെ കൂടുതൽ നിയമനടപടിയ്ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
കുവൈത്തിൽ ഏഴ് മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് ഒട്ടനവധി പേർക്ക്; കണക്കുകൾ ഇപ്രകാരം
Travel Ban കുവൈത്ത് സിറ്റി: കുവൈത്തിൽ ഏഴ് മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് ഒട്ടനവധി പേർക്ക്. ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ പൗരന്മാർക്കും താമസക്കാർക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച യാത്രാവിലക്കുകളുടെ എണ്ണം ഏകദേശം 4,000 ആയെന്നാണ് നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതേ കാലയളവിൽ യാത്രാവിലക്ക് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവുകളുടെ എണ്ണം 21,539 ആണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കടക്കാരനെ അറസ്റ്റ് ചെയ്യാനും ഹാജരാക്കാനുമുള്ള അപേക്ഷകളുടെ എണ്ണം 12,325 ആണ്. പുതിയ യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള അപേക്ഷകളുടെ എണ്ണം 42,662 ആണെന്നും ഫാമിലി കോടതിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച യാത്രാവിലക്ക് ഉത്തരവുകളുടെ എണ്ണം 2,398 ആണെന്നും കണ്ക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നു. അതേസമയം, ഫാമിലി കോടതിയുമായി ബന്ധപ്പെട്ട യാത്രാവിലക്ക് ഒഴിവാക്കാനുള്ള ഉത്തരവുകളുടെ എണ്ണം 1,262 ആയിരുന്നു.
യാത്രാവിലക്കുകൾ, കടം പിരിച്ചെടുക്കൽ എന്നിവ സംബന്ധിച്ച് അടുത്തിടെ വരുത്തിയ പുതിയ നിയമ ഭേദഗതികൾ, യാത്രാവിലക്ക് ഏർപ്പെടുത്തുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഇതെന്താണ് ബിവറേജോ? കുവൈത്തിലെ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത് 3037 കുപ്പി വിദേശമദ്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മദ്യക്കടത്ത് ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് അധികൃതർ. ശുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് വൻ മദ്യക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന 20 അടി കണ്ടെയ്നറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച വലിയ അളവിലുള്ള മദ്യം അധികൃതർ പിടികൂടി. കണ്ടെയ്നറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച 3,037 കുപ്പിയോളം മദ്യം അധികൃതർ പിടിച്ചെടുത്തു.
കസ്റ്റംസ് പരിശോധനകൾ ശക്തമാക്കുന്നതിനും കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിനുമുള്ള ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കണ്ടെയ്നറിനുള്ളിൽ സോളിഡ് കേബിളുകളുടെ റീലുകൾ ആണ് ഉണ്ടായിരുന്നത്. ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്നാണ് ജനറൽ ഫയർ ഫോഴ്സിന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തിയത്. ഫയർ ഫോഴ്സിന്റെ പ്രത്യേക ടീമിന്റെ സഹായത്തോടെ കേബിൾ റീലുകൾ നീക്കം ചെയ്ത ശേഷമായിരുന്നു പരിശോധന. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനാണ് മദ്യം ഇത്രയും രഹസ്യമായി ഒളിപ്പിച്ചിരുന്നത്.