Arabian Gulf Street കുവൈത്ത് സിറ്റി: ആധുനിക ലൈറ്റിംഗ് ഡിസൈനുകളിൽ തിളങ്ങി അറേബ്യൻ ഗൾഫ് സ്ട്രീറ്റ്. അൽ-താവുൻ സ്ട്രീറ്റ് (അൽ-ബലജത്ത്) മുതൽ നാഷണൽ പെട്രോളിയം കോർപ്പറേഷൻ കെട്ടിടം വരെ മനോഹരമായ ഡിസൈനുകളും വർണാഭമായ നിറങ്ങളുമുള്ള ആധുനിക ലൈറ്റിംഗുകൾ കൊണ്ട് അലങ്കരിച്ച അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പ്രധാന ലാൻഡ് മാർക്കായി മാറയിരിക്കുകയാണ്. കുവൈത്തിന്റെ സാംസ്‌കാരിക പാരിസ്ഥിതിക പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ അലങ്കാര വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് സ്ട്രീറ്റ് ലൈറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എഞ്ചിനീയർ അയ്മാൻ അൽ ഒമാനി അറിയിച്ചു. പുതിയ അലങ്കാര തൂണുകൾ സ്ഥാപിച്ചതിലൂടെ സൗന്ദര്യാത്മകത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എൽഇഡി പവർ തൂണുകൾ 50-60 ശതമാനം ഊർജം ലാഭിക്കുകയും ചെയ്യും. ആധുനിക സാങ്കേതിക വിദ്യയും സാംസ്‌കാരിക പൈതൃകവും സംയോജിച്ച ഈ ലൈറ്റിംഗ് സംവിധാനം കുവൈത്തിലെ ഏറ്റവും ശ്രദ്ധേയമായ നഗര ലാൻഡ് മാർക്കുകളിലൊന്നായി മാറും. കൂടുതൽ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള അലങ്കാര തെരുവു വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി അധികൃതർ മുന്നോട്ടുവെയ്ക്കുന്നു. ഊർജ സംരക്ഷണ എൽഇഡി സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുന്നത്.