Flight Tail Hit ലാൻഡിങ്ങിനിടെ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റം ലാൻഡിങിനിടെ റൺവേയിൽ ഇടിച്ചത്. ഇൻഡിഗോയുടെ 6E 1060 എന്ന വിമാനത്തിന്റെ വാലറ്റമാണ് റൺവേയിൽ ഇടിച്ചത്. സംഭവത്തിൽ വിമാന യാത്രക്കാർക്കോ, ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. വിമാനത്തിന്റെ വാലറ്റം ഇടിച്ചതിൽ ആശങ്ക വേണ്ടതെന്നും A321 വിമാനങ്ങളുടെ വാലിന് സാധാരണയിൽ അധികം നീളമുള്ളതിനാൽ പലപ്പോഴും ഇത് സംഭവിച്ചിട്ടുണ്ടെന്നും ഗുരുതരമല്ലെന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. കാലാവസ്ഥ മോശമാണെന്ന് കണ്ടെത്തിയതോടെ താഴ്ന്ന് പറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാലറ്റം ഇടിച്ചതെന്നും അടുത്ത ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ കഴിഞ്ഞുവെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തിന്റെ വാലറ്റം ഇടിച്ചുവെന്ന വിവരം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരോ, വിമാനക്കമ്പനിയോ എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിട്ടില്ല. വിമാനത്തിന്റെ സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഇൻഡിഗോ അറിയിച്ചു. വാലറ്റം ഇടിച്ച് പോറലുകൾ വീണതേയുള്ളുവെന്നും വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും മുംബൈ വിമാനത്താവളം അധികൃതരും വ്യക്തമാക്കി.