Kuwait news കുവൈത്തിൽ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. കണ്ണൂർ ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. സച്ചിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കും. ഭാര്യ: സിധിന (ഹുസ്ന ഡ്രൈവിങ് സ്കൂൾ). മകൾ: സിയ സച്ചിൻ (വിദ്യാർഥി, ഇരിണാവ് ഹിന്ദു എഎൽപി സ്കൂൾ). മരിച്ച പത്ത് ഇന്ത്യക്കാരിൽ 6 പേർ മലയാളികളാണെന്നാണ് സൂചന. കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ എല്ലാവരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വ്യാജമദ്യദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സ തേടിയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
വിഷമദ്യം കഴിച്ച് ഇതുവരെ 13 പേര്‍ മരിച്ചതായും 63 പേര്‍ ചികിത്സയില്‍ കഴിയുന്നതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം. മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാരാണെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജൻസികളുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ആശുപത്രികളും കുവൈത്ത് വിഷ നിയന്ത്രണ കേന്ദ്രവും തമ്മിലുള്ള അടിയന്തരവും നിരന്തരവുമായ ഏകോപനം നടത്തിവരികയാണ്. 31 പേർ വെന്‍റിലേറ്ററുകളിൽ കഴിയുകയാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു. 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. അതേസമയം, മരണമടഞ്ഞവരിൽ ആറ് മലയാളികളും രണ്ട് വീതം പേർ ആന്ധ്ര, തമിഴ്നാട് സ്വദേശികളും ഒരാൾ ഉത്തർ പ്രദേശ് സ്വദേശിയുമാണെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. വിഷബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു.